രാഹുൽ ഗാന്ധിയുടെ ‘മിനിമം വരുമാനം’ എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ‘റാഡിക്കല്‍’ ആയി തോന്നാം. എന്നാൽ അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് പാര്‍ട്ടി, കഴിഞ്ഞ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലഘട്ടത്തില്‍ത്തന്നെ ഇതേ ക്ഷേമവികസനത്തിന്റെ ആശയത്തിലൂന്നിയ ആലോചനകള്‍ നടത്തുക വഴി മൂന്നു ‘ഹിന്ദി ഹാര്‍ട്ട്ലാന്‍ഡ്’ സംസ്ഥാനങ്ങളില്‍ (മധ്യപ്രദേശ്, രാജസ്ഥാന്, ചണ്ഡീഗഡ്) വിജയം ഉറപ്പു വരുത്തിയത്.
രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ ‘മിനിമം വരുമാന’ പ്രഖ്യാപനവും, ദേശീയ കാർഷിക കടം ഒഴിവാക്കുമെന്ന പ്രസ്താവനയും യു.പി.എ. യുടെ ആക്രമണോത്സുക രാഷ്ട്രീയത്തിന്റെ തിരിച്ചുവരവായാണ് കണക്കാക്കപ്പെടുന്നത്. ആദ്യ രണ്ടു യു.പി.എ. സർക്കാരുകള്‍ നടത്തിയ ചരിത്രപരമായ ഇടപെടലുകളാണ് സാമൂഹിക ക്ഷേമ വ്യവസ്ഥകളായ ഗ്രാമീണ തൊഴില്‍ ഗ്യാരണ്ടി അഥവാ MGNREGA, ഭക്ഷണത്തിനുള്ള അവകാശം, വിവരാവകാശം എന്നിവ. 2009-ലെ ലോക് സഭാ ഇലക്ഷനിൽ കോൺഗ്രസിന്റെ വിജയത്തില്‍ വലിയ പങ്കു വഹിച്ചത് NREGA പദ്ധതി, എഴുതിത്തള്ളിയ അറുപതിനായിരം കോടി രൂപയുടെ കാർഷിക കടം എന്നിവയാണ്.
പാവപ്പെട്ടവർക്ക് മിനിമം വരുമാനം എന്നതിന്റെ വിശദ വിവരങ്ങളിലേക്ക് രാഹുൽ കടക്കുന്നില്ല, എങ്കിലും ലോക് സഭാ ഇലക്ഷൻ മുന്നിൽ കണ്ടു മാനിഫെസ്റ്റോ തയ്യാറാക്കുന്ന പാർട്ടി ബുദ്ധികേന്ദ്രങ്ങൾ കുറച്ചു നാളുകളായി ഇതുമായി ബന്ധപ്പെട്ട ആലോചനകളിലാണ് എന്ന് മനസ്സിലാവുന്നു. ജനസംഖ്യയുടെ ഏകദേശം നാൽപതു ശതമാനം ആളുകള്‍ ഇതിന്റെ ഗുണഭോക്താക്കള്‍ ആവും എന്നും ‘ചെറുകിട കർഷക’രായിരിക്കും കൂടുതല്‍ ഉള്‍പ്പെടുക എന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
We cannot build a new India while millions of our brothers & sisters suffer the scourge of poverty.
If voted to power in 2019, the Congress is committed to a Minimum Income Guarantee for every poor person, to help eradicate poverty & hunger.
This is our vision & our promise.
— Rahul Gandhi (@RahulGandhi) January 28, 2019
യു.പി.എ. സർക്കാരിന്റെ 2004-ലെ കാഴ്ചപ്പാട് പത്തു വർഷത്തെ കാലാവധി കണക്കിലെടുത്ത് ഉണ്ടാക്കപ്പെട്ടതായിരുന്നു എന്നും 2010 -’11ന്നോടു കൂടി അതിന്റെ പ്രവർത്തന ക്ഷമത നഷ്ടപ്പെട്ടെന്നും ഈയിടയ്ക്ക് രാഹുല്‍ ഗാന്ധി ആകസ്മികമായി പറയുകയുണ്ടായി. “പത്തു വർഷത്തെ കാലഘട്ടത്തിലെക്കാണ് 2004-ലെ ഞങ്ങളുടെ വീക്ഷണം രൂപകൽപന ചെയ്തത്, എന്നാൽ 2010-’11ന്നോടുകൂടി 2004-ലെ ആ വീക്ഷണം കാലഹരണപ്പെട്ടു എന്ന് മനസിലായി,” 2017 സെപ്റ്റംബര്‍ മാസം ബെർകിലെയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയില്‍ നടത്തിയ പ്രഭാഷണത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കാർഷിക കടം ഒഴിവാക്കല്‍ (സർക്കാർ നിലവില്‍ വന്നപ്പോള്‍ തന്നെ നടപ്പിലാക്കി കൂടാതെ തൊഴിലില്ലായ്മ ബത്തയും കോണ്ഗ്രെസ് വാഗ്ദാനം ചെയ്തിരുന്നു. മധ്യപ്രദേശിൽ നല്കിയ വാഗ്ദാന പ്രകാരം തൊഴിലില്ലായ്മ വേതനം പതിനായിരം രൂപ വരെ യാണ്. എന്നാല്‍ രാജസ്ഥാനിൽ അത് മൂവായിരത്തി അഞ്ഞൂറ് രൂപയാണ്. ഛത്തിസ്ഗഡിലും കോണ്‍ഗ്രസ് മാനിഫെസ്റ്റോയിൽ ഇത്തരമൊരു വേതനം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പറഞ്ഞിരുന്നില്ല.
ബി ജെ പി സർക്കാരിന്റെ ഇടക്കാല ബഡ്ജറ്റിൽ, പാവങ്ങളെ ലക്ഷ്യമിട്ടുള്ള,യൂണിവേഴ്സൽ ബേസിക് ഇൻകം അഥവാ UBI ഉള്‍പ്പെടുത്താനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് മിനിമം വരുമാനം എന്ന ആശയം രാഹുൽ ഇപ്പോള്‍ പ്രഖ്യാപിച്ചത് എന്നാണ് വിലയിരുത്തല്‍. 2016 -’17 കാലഘട്ടത്തിൽ നടന്ന സാമ്പത്തിക സർവ്വേയില്‍ പരമാധികാര സാമ്പത്തിക ഫണ്ടും അതിലെ ഓരോ പൗരന്റെ വിഹിതവും എന്ന ആശയം മുന്നോട്ട് വച്ചിരുന്നു. അവകാശങ്ങളെ മുൻനിർത്തി യു.പി.എ. സർക്കാർ എടുത്ത തീരുമാനങ്ങളുടെ യുക്തിയുക്തമായ തുടർച്ച മാത്രമാണ് പുതിയ സ്കീം എന്നാണ് കോൺഗ്രസ് നേതാക്കൾ വാദിക്കുന്നത്.
“താഴെക്കിടയിലുള്ള നാൽപതു ശതമാനം ജനങ്ങളിലേക്ക് (കൂടുതലും പാവപ്പെട്ട കർഷകർ ഉള്‍പ്പെട്ട) UBI എത്തിക്കുക എന്നത് പരിഗണനയില്‍ ഇരുക്കുന്ന പല ആശയങ്ങളില്‍ ഒന്ന് മാത്രമാണ്,” ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
പദ്ധതിയുടെ പൂർണ വിവരങ്ങൾ പാർട്ടി മാനിഫെസ്റോയിൽ വിശദീകരിക്കും എന്ന് കോണ്‍ഗ്രസ് മാനിഫെസ്റ്റോ കമ്മിറ്റിയുടെ തലവനും മുൻ ധനമന്ത്രിയുമായ പി. ചിദംബരം അറിയിച്ചു. സ്കീം നടപ്പിലാക്കാനുള്ള മാർഗങ്ങൾ/വിഭവങ്ങള്‍ പാർട്ടി കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്തിന്റെ വിഭവങ്ങളുടെ ആദ്യാധികാരം ഇന്ത്യയിലെ പാവപ്പെട്ടവർക്കാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിനിമം വരുമാനം എന്ന ഉറപ്പ് ഒരു പുതിയ വഴിത്തിരിവാകും കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം ചരിത്രപ്രധാനമാണെന്നും പാവപ്പെട്ടവരുടെ ജീവിതത്തിൽ അതൊരു വഴിത്തിരിവ് ഉണ്ടാക്കുമെന്നും ചിദംബരം വ്യക്തമാക്കി.
“യൂണിവേഴ്സൽ ബേസിക് ഇൻകത്തിന്റെ (UBI) തത്വം കഴിഞ്ഞ രണ്ടു വർഷമായി വിപുലമായി ചർച്ച ചെയ്യപ്പെട്ടതാണ്. ഈ തത്വത്തെ നമ്മുടെ ആവശ്യത്തിനും സന്ദർഭത്തിനും അനുസരിച്ചു പ്രായോഗികമാക്കി, പാവങ്ങൾക്ക് വേണ്ടി നടപ്പിലാക്കേണ്ട സമയം എത്തിച്ചേർന്നിരിക്കുന്നു. കോൺഗ്രസ് മാനിഫെസ്റോയിൽ ഞങ്ങൾ ഈ പദ്ധതി വിശദീകരിക്കുന്നതാണ്. 2004- 2014നും ഇടയ്ക്കു ഇന്ത്യയിലെ നൂറ്റിനാല്പതു കോടി മനുഷ്യരെയാണ് ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയത്. ഇപ്പോൾ ഇന്ത്യയിൽ നിന്ന് ദാരിദ്ര്യത്തെത്തന്നെ തുടച്ചു നീക്കാനുള്ള ശക്തമായ ശ്രമമാണ് നമ്മൾ നടത്തേണ്ടത്,” അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്മ പ്രശ്നങ്ങള്‍ നേരിടുന്നതിനെക്കുറിച്ചും, തൊഴിലവസരങ്ങൾ നിര്മ്മിക്കപ്പെടാത്തതിനെക്കുറിച്ചും, കാർഷിക കടങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ചുമൊക്കെ രാഹുല്‍ ഗാന്ധി വാചാലനാകുമ്പോഴും, കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ആഖ്യാനങ്ങളില്‍ നിർദ്ധനരെപ്പറ്റി പ്രത്യേകിച്ച് ഒന്നും പറയുന്നില്ല എന്നുള്ളത് ശ്രദ്ധേയമാണ്. 2004 ലെയും 2009 ലെയും ഇലക്ഷൻ കാലഘട്ടത്തിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിലെ പ്രധാന പരിഗണ ഇവർക്കായിരുന്നു. 2004 ലെ പാർട്ടിയുടെ പ്രചാരണ മുദ്രാവാക്യം തന്നെ ‘കോൺഗ്രസ് കാ ഹാഥ് ഗെരിബോം കേ സാഥ്’ (കോണ്‍ഗ്രസിന്റെ കൈ, പാവപ്പെട്ടവരുടെ കൂടെ) എന്നായിരുന്നു. അഞ്ച് വർഷങ്ങൾക്കിപ്പുറം 2009 ൽ പാർട്ടി അതിനെ പരിഷ്കരിച്ചു “ആം ആദ്മി കെ ബഡ്തെ കദം. ഹർ കദം പർ ഭാരത് ബുലന്ദ്” (സാധാരണക്കാരന്റെ മുന്നോട്ടുള്ള ചുവടുവയ്പ്പ്, ഓരോ ചുവടിലും രാജ്യക്ഷേമം) എന്നാക്കി.
2014-ൽ ആം ആദ്മി പാർട്ടിയുടെ വരവോടു കൂടിയാവണം, കോണ്‍ഗ്രസ് പാർട്ടിയുടെ മുദ്രാവാക്യങ്ങളില്‍ നിന്നും ‘ആം ആദ്മി’ (സാധാരണക്കാരന്), ‘ഗരീബ്’ (പാവപ്പെട്ടവന്) എന്നീ വാക്കുകൾ മാറി ‘മൈൻ നഹിം, ഹം’ (ഞാന്‍ അല്ല, നമ്മള്) എന്ന പൊതുവായ ടാഗ്ലൈനുകള്‍ വന്നു. യു.പി.എ. സാമൂഹിക ക്ഷേമ പദ്ധതികളും, ക്ഷേമ രാജ്യത്തിനുവേണ്ടിയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളും കൊണ്ട് നിറഞ്ഞതായിരുന്നു യു പി എ സര്‍ക്കാരിന്റെ ഒരു ദശകം. NREGA, അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ നിയമം, രാജ്യത്തുടനീളമുള്ള തെരുവ് കച്ചവടക്കാർക്ക് നിയമാനുമതി, രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന, ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി, വിദ്യാഭ്യാസത്തിനുള്ള അവകാശം, വനാവകാശ നിയമം എന്നിവ ഉദാഹരണങ്ങൾ. രാഹുൽ ഗാന്ധിയുടെ പുതിയ പ്രഖ്യാപനവും പരീക്ഷിച്ചു വിജയിച്ച നയങ്ങളിലേക്കുള്ള പാര്‍ട്ടിയുടെ തിരിച്ചുപോക്ക് തന്നെയാണ് അടയാളപ്പെടുത്തുന്നത്.