/indian-express-malayalam/media/media_files/uploads/2019/04/rahul-gandhi1-3.jpg)
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോള്‍ അമിത് ഷാ കൊലക്കേസില്‍ പ്രതിയാണെന്ന പരാമര്‍ശം രാഹുല്‍ ഗാന്ധി നടത്തിയിരുന്നു. ഈ പരാമര്‍ശത്തിലാണ് രാഹുലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 23 ന് മധ്യപ്രദേശിലെ സിഹോറയില്‍ രാഹുല്‍ നടത്തിയ പ്രസ്താവന തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ബിജെപിയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്.
കൊലക്കേസില്‍ പ്രതിയായ അമിത് ഷാ എന്ന പരാമര്‍ശത്തോടെയായിരുന്നു മധ്യപ്രദേശില്‍ രാഹുല്‍ പ്രസംഗിച്ചത്. 50,000 രൂപയില്‍ നിന്ന് മൂന്ന് വര്‍ഷം കൊണ്ട് 80 കോടി രൂപ സമ്പാദിച്ച അമിത് ഷായുടെ പുത്രന്‍ ജയ് ഷാ മജീഷ്യനാണെന്നും പ്രസംഗത്തില്‍ രാഹുല്‍ പറയുകയുണ്ടായി.
Read More: ‘യഥാര്‍ഥ ദേശീയത രാജ്യത്തോടും ജനങ്ങളോടുമുള്ള സ്‌നേഹമാണ്’: പ്രിയങ്ക ഗാന്ധി
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ വിശദമായി പരിശോധിച്ചു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ജബല്‍പൂര്‍ ജില്ലാ കളക്ടര്‍ അയച്ച പ്രസംഗ വീഡിയോ വ്യക്തമായി പരിശോധിച്ചു. എന്നാല്‍, അതില്‍ പെരുമാറ്റചട്ട ലംഘനമായി യാതൊന്നും കണ്ടില്ല എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
എല്ലാ മോദിമാരും കള്ളൻമാരാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയും നേരത്തെ വിവാദമായിരുന്നു. ബിജെപി എംഎൽഎ ഇതിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. വിവാദ പ്രസ്താവനയിൽ കോടതി രാഹുലിന് സമൻസ് അയച്ചിട്ടുണ്ട്. ജൂൺ ഏഴിന് രാഹുൽ കോടതിയിൽ ഹാജരാകണം.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് രാഹുൽ നടത്തിയ പരാമർശം സുപ്രീം കോടതിയുടെ വിമർശനത്തിന് തന്നെ കാരണമായിരുന്നു. ഇതേ തുടർന്ന് രാഹുൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റഫാൽ ഇടപാടിൽ മോദി കള്ളനാണെന്ന് സുപ്രീം കോടതിയും പറഞ്ഞു എന്നാണ് രാഹുൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രസംഗിച്ചത്. എന്നാൽ, ഇതിനെതിരെ കോടതി തന്നെ രംഗത്തെത്തി. കോടതി പറയാത്ത കാര്യമാണ് രാഹുൽ പറഞ്ഞതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിലയിരുത്തുകയായിരുന്നു.
ബാലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് റാലിയില്‍ ഏപ്രില്‍ ഒന്‍പതിന് നടത്തിയ പ്രസംഗത്തിനും രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ഗീയ പരാമര്‍ശത്തിലും പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷനും തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.