തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വരുമോ ഇല്ലയോ എന്നറിയാത്തതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കടുത്ത നിരാശ. എല്‍ഡിഎഫും എന്‍ഡിഎയും വയനാട്ടില്‍ പ്രചാരണ പരിപാടികളുമായി ബഹുദൂരം മുന്നിലെത്തി നില്‍ക്കെ തങ്ങള്‍ക്ക് ഒരു സ്ഥാനാര്‍ഥി പോലും ആയിട്ടില്ല എന്നത് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശരാക്കുന്നു. രാഹുല്‍ ഗാന്ധി വന്നാലും ഇല്ലെങ്കിലും ഉടനടി സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കണമെന്ന് ഘടകക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുകയാണ്.

Read More: ഡല്‍ഹിയില്‍ ആം ആദ്‌മിയുടെ കൈ പിടിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധി; സഖ്യമില്ലെന്ന് സൂചന

രാഹുല്‍ ഗാന്ധിയുടെ വരവ് വൈകുന്നതില്‍ നിരാശയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അനിശ്ചിതത്വം നിലനില്‍ക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശരാക്കുന്നുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം എപ്പോള്‍ നടക്കുമെന്ന് വ്യക്തമല്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മനപ്രയാസമുണ്ടെന്നും മുല്ലപ്പള്ളി കോട്ടയത്ത് പറഞ്ഞു.

സ്ഥാനാര്‍ഥി പ്രഖ്യാപനം ഇനിയും നീളുന്നത് ദോഷം ചെയ്യുമെന്ന നിലപാടിലാണ് വയനാട് ഡിസിസി. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ വേണമെന്നും ഇനിയും ഇത് നീണ്ടുപോകരുതെന്നും വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശരാക്കുന്നു എന്നും ഐ.സി.ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍, ഇന്നലെ പ്രഖ്യാപനം നടന്നില്ല. ഇന്നും പ്രഖ്യാപനം നടക്കാനുള്ള സാധ്യതകള്‍ കുറവാണ്. തെക്കേ ഇന്ത്യയില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് പറയുമ്പോഴും അത് കേരളത്തില്‍ നിന്നാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് മറ്റ് മണ്ഡലങ്ങളെയും മോശമായി ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.