ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം വൈകുന്നു. ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ല. രാഹുല്‍ കേരളത്തില്‍ എത്തുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

Read More: രാഹുലിന്റെ വരവ് യുഡിഎഫിന് വിജയപ്രതീക്ഷ നല്‍കുമെന്ന് ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരും. ഈ യോഗത്തിലായിരിക്കും രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവച്ചു. നാളെ നടക്കുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും മുല്ലപ്പള്ളി മാധ്യമങ്ങളെ കാണുക. ഇടതുപക്ഷത്തിനെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് എത്രത്തോളം ഉചിതമാകും എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകരും നേതാക്കളും ഉന്നയിക്കുന്ന ആശങ്ക.

രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം. ഇതിനായി നേതാക്കള്‍ സമ്മർദം ചെലുത്തുന്നുണ്ട്. ഇന്ന് തന്നെ രാഹുലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേരളത്തിലെ നേതാക്കളും പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്.

Read More: ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി വയനാട്; രാഹുല്‍ ചുരം കയറുമ്പോള്‍ കണക്കുകള്‍ ഇങ്ങനെ

കേരളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതായിരിക്കും. എങ്കിലും സ്ഥാനാര്‍ഥിത്വം ഏറെ കുറേ ഉറപ്പിച്ച മട്ടിലാണ് കേരളത്തിലെ നേതൃത്വം. വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയ ടി.സിദ്ദിഖ് രാഹുലിനായി പിന്മാറുകയാണെന്ന് നേരത്തെ വ്യക്തമാക്കിയിരിന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.