ന്യൂഡല്‍ഹി: താന്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്ന് കമ്മീഷനോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആദിവാസികള്‍ക്കെതിരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പിലാക്കുന്നത് എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് തിരഞ്ഞെുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനു മറുപടിയായി 11 പേജുള്ള കത്ത് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. ഈ കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ രംഗത്തുവന്നിരിക്കുന്നത്.

Read More: മൂന്നാം വട്ടവും മോദി ‘ക്ലീന്‍’

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യമായി പ്രവര്‍ത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കമ്മീഷന് തരംതിരിവ് പാടില്ലെന്നും വിവേചന മനോഭാവം കാണിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കാരണം കാണിക്കല്‍ കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഏപ്രില്‍ 23 ന് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ വച്ചാണ് രാഹുല്‍ ഗാന്ധി ഈ പ്രസ്താവന നടത്തിയത്.

തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ല താന്‍ അത്തരമൊരു പരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ വന നിയമത്തെ കുറിച്ചാണ് സംസാരിച്ചത്. ഈ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമില്ല. രാഷ്ട്രീയ പ്രസംഗം മാത്രമാണ് താന്‍ നടത്തിയത്. മോദി സര്‍ക്കാരിന്റെ നയങ്ങളെയും പദ്ധതികളെയും കുറിച്ച് മാത്രമാണ് താന്‍ സംസാരിച്ചതെന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറഞ്ഞിരിക്കുന്നു.

Read More Election News

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താന്നെ പങ്കെടുപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. അവര്‍ മാത്രമാണ് പ്രസംഗത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പിന്റെ യഥാര്‍ഥ അര്‍ഥം കൈവരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സത്യസന്ധവും സുതാര്യവുമായ സമീപനം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുണ്ടാകണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി നേതാക്കള്‍ക്കെതിരെയുള്ള പരാതികളുടെ ലിസ്റ്റും രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ കാണിച്ചു. പ്രധാനമന്ത്രി മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും അടക്കമുള്ളവര്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് തെളിവുകളുണ്ടെന്ന് രാഹുല്‍ കമ്മീഷനോട് വ്യക്തമാക്കി.

രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ നടത്തിയ ചൗക്കിദാര്‍ ചോർ ഹേ പരാമർശത്തെ തുടർന്ന് സുപ്രീം കോടതി നേരത്തെ രംഗത്തുവന്നിരുന്നു. കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് നൽകിയ പരാതിയിലായിരുന്നു സുപ്രീം കോടതി ഇടപെട്ടത്. സുപ്രീം കോടതിയിൽ നിന്ന് വിമർശനം ലഭിച്ചതിനു പിന്നാലെ രാഹുൽ ഖേദം പ്രകടിപ്പിച്ചിരുന്നു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.