ന്യൂഡല്‍ഹി: ബിജെപി വിരുദ്ധ മുന്നണിക്ക് സാധ്യത തേടി ടിഡിപി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ആയ എന്‍ ചന്ദ്രബാബു നായിഡു ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, മായാവതി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴില് അണിനിരത്താനുളള ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹം രാഹുല്‍ ഗാന്ധിയെ കണ്ടത്. ബിജെപിയെ ഭരണത്തില്‍ നിന്നും പുറത്തിറക്കാനുളള ബിജെപി വിരുദ്ധ മുന്നണിയെ കുറിച്ച് നായിഡുവും രാഹുലും ചര്‍ച്ച ചെയ്തു. സിപിഐ നേതാക്കളായ സുധാകര്‍ റെഡ്ഢിയേയും ഡി രാജയേയും നായിഡു കണ്ടു.
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ചന്ദ്രബാബു നായിഡു എസ്പി അധ്യക്ഷൻ അഖിലേഷ് യാദവുമായും ബിഎസ്പി അധ്യക്ഷ മായാവതിയുമായും കൂടിക്കാഴ്ച നടത്തിയത്.
രാഹുല്‍ ഗാന്ധിയുമായി ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാല്‍ എടുക്കേണ്ട തന്ത്രങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്തു. പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രബാബു നായിഡുവിന്റെ കൂടിക്കാഴ്ചകൾ. ബിജെപിക്കെതിരെ നിൽക്കുന്ന ഏതൊരു പാർട്ടിയേയും മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നായിഡു വെളളിയാഴ്ച്ച എഎപി നേതാവ് അരവിന്ദ് കേജ്രിവാളിനെ കണ്ടിരുന്നു. സിപിഎം നേതാവ് സീതാറാം യെച്ചൂരിയേയും അദ്ദേഹം കണ്ടു.