തിരുവനന്തപുരം: കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എൽഡിഎഫ് സ്ഥാനാർഥിയും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ നടത്തിയ ‘പൂതന’ പരാമർശത്തിലാണ് ശോഭയ്ക്കെതിരെ പരാതി. കരിക്കകം സ്വദേശിയും ഡിവൈഎഫ്ഐ നേതാവുമായ ബി.എസ്.സജിയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. മതം പറഞ്ഞ് വോട്ടഭ്യർഥന നടത്തിയെന്നും ശോഭയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞത്. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണൻമാരായി മാറുമെന്നും കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്ന് ഉരുളല്‍ ആണെന്നും ശോഭ സുരേന്ദ്രന് പറഞ്ഞിരുന്നു. പൂതന പ്രയോഗത്തിൽ താൻ ഉറച്ചുനിൽക്കുകയാണെന്ന് പിന്നീട് ശോഭാ ആവർത്തിക്കുകയും ചെയ്തു.
Read Also: ചെന്നിത്തലയുടെ ആരോപണം ശരിവച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ; ഇരട്ടവോട്ട് അന്വേഷിക്കും
എന്നാൽ, ശോഭയുടെ പൂതന പ്രയോഗത്തോട് കടകംപള്ളി മിതഭാഷയിലാണ് പ്രതികരിച്ചത്. പൂതന പ്രയോഗത്തെ കുറിച്ചുള്ള ചോദ്യത്തിനു ‘ജനം വിലയിരുത്തട്ടെ’ എന്നായിരുന്നു കടകംപള്ളി മറുപടി നൽകിയത്. താന്‍ തൊഴിലാളിവര്‍ഗ സംസ്കാരത്തിൽ വളര്‍ന്നുവന്ന നേതാവാണ്. സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.
ബിജെപി എ ക്ലാസ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മണ്ഡലമാണ് കഴക്കൂട്ടം. നിലവിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണ് കഴക്കൂട്ടം. 2016 ൽ 7,347 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് ജയിച്ചത്. ബിജെപിയുടെ വി.മുരളീധരൻ രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസ് സ്ഥാനാർഥി എം.എ.വാഹിദ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇത്തവണ ഡോ.എസ്.എസ്.ലാലിനെ കളത്തിലിറക്കിയിരിക്കുകയാണ് കോൺഗ്രസ്. ആരോഗ്യരംഗത്ത് മികവ് തെളിയിച്ച എസ്.എസ്.ലാലിലൂടെ കഴക്കൂട്ടത്ത് ശക്തമായ മത്സരം പുറത്തെടുക്കാൻ കഴിയുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന പൊതുജനാരോഗ്യ വിദഗ്ധനാണ് ഡോ.എസ്.എസ്.ലാൽ.