തിരുവനന്തപുരം:  കേരളത്തില്‍ രണ്ട് മുന്നണികളുടെ അജണ്ടയ്ക്ക് മറുപടി പറയുകയായിരുന്നു ഇതുവരെ ചെയ്തിരുന്നെങ്കില്‍ ഇത്തവണ ബിജെപിക്ക് സ്വന്തമായി അജണ്ട സെറ്റ് ചെയ്യാന്‍ സാധിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരൻ പിള്ള. ബിജെപി അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളത്. ഇവിടെ ഒട്ടേറെ സീറ്റുകളില്‍ ജയിക്കാന്‍ ബിജെപിക്ക് സാധിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Read More: വർഗീയ പ്രസംഗം: ശ്രീധരൻപിള്ള ചട്ടം ലംഘിച്ചു, നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ബിജെപിക്ക് അജണ്ട നിശ്ചയിക്കാന്‍ പറ്റി. ഞങ്ങളുടെ അജണ്ടയ്ക്ക് കേരളത്തിലെ മറ്റ് രണ്ട് മുന്നണികളും ഇത്തവണ മറുപടി പറയേണ്ടി വന്നു. അസുലഭമായ സന്ദര്‍ഭമാണ് ബിജെപിക്ക് സമാഗതമായത്. അതെല്ലാം അനന്തമായ സാധ്യതകളായി മാറിയിരിക്കുന്നു. അതോടൊപ്പം റഫറി തന്നെ ഇത്തവണ ഗോളടിക്കുന്ന സാഹചര്യമുണ്ടായെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ പരോക്ഷമായി ഉദ്ദേശിച്ച് ശ്രീധരൻ പിള്ള പറഞ്ഞു.

Read More: ‘ഇസ്ലാമാണെങ്കില്‍ ചില അടയാളങ്ങളൊക്കെയുണ്ടല്ലോ’; ശ്രീധരന്‍ പിള്ളയുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

“ഇത്തവണ റഫറി തന്നെ ഗോളടിക്കാന്‍ പുറപ്പെട്ടു. ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്. അതൊക്കെ അതിജീവിച്ചാണ് ബിജെപി മുന്നോട്ട് പോയത്. ഇതില്‍ നിയമപരമായ നടപടികളിലേക്ക് കടക്കും. നിയമയുദ്ധം അടക്കമുള്ള കാര്യങ്ങളെ കുറിച്ച് നാളെ വെളിപ്പെടുത്തും. ആരാണ് റഫറിയെന്ന് പറയുന്നില്ല. തിരഞ്ഞെടുപ്പില്‍ ആരാണ് റഫറിയെന്ന് ഞാന്‍ പറയണ്ടല്ലോ” – ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

Read More: ‘വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കും, പക്ഷേ, തുഷാര്‍…’: വെള്ളാപ്പള്ളി നടേശന്‍

ശ്രീധരൻ പിള്ളക്കെതിരെ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‌ലിങ്ങള്‍ക്കെതിരായ വര്‍ഗീയ പരാമര്‍ശം ശ്രീധരൻ പിള്ള നടത്തിയിരുന്നു. ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. പരാമര്‍ശം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിലയിരുത്തി. ശ്രീധരൻ പിള്ളക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.