കൽപറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടാൽ വാരാണസിയിൽനിന്നും മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു പ്രിയങ്ക ഇങ്ങനെ പറഞ്ഞത്.
വാരാണസിയിൽനിന്നു പ്രിയങ്ക മത്സരിക്കുമോ എന്നാണ് മാധ്യമപ്രവർത്തകർ ചോദിച്ച്. ‘കോൺഗ്രസ് പ്രസിഡന്റ് തന്നോട് ആവശ്യപ്പെട്ടാൽ മത്സരിക്കുന്നതിൽ സന്തോഷമേയുളളൂ’ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.
Read: പ്രിയങ്ക ഗാന്ധി വീരമൃത്യുവരിച്ച ധീരജവാന് പി.വി.വസന്തകുമാറിന്റെ വീട്ടിലെത്തി; ഒപ്പം ശ്രീധന്യയും
പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം പാർട്ടി പ്രവർത്തകർക്കിടയിൽനിന്നും ഉയരുന്നുണ്ട്. നേരത്തെ അമ്മ സോണിയ ഗാന്ധി മത്സരിക്കുന്ന റായ് ബറേലിയിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തപ്പോൾ ഇവിടെനിന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് പ്രിയങ്കയോട് ചോദിച്ചു. ഇതിനു ‘വാരാണസിയിൽ നിന്നായാലെന്താ’ എന്നായിരുന്നു പ്രിയങ്കയുടെ മറുചോദ്യം. വാരാണസിയിൽനിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്നത്. മോദിക്കെതിരെ വാരാണസിയിൽ പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ട്.
”നമുക്ക് നോക്കാം, ഇപ്പോഴത്തെ ആകാംക്ഷ നിലനില്ക്കട്ടെ” എന്നായിരുന്നു ഹിന്ദുസ്ഥാൻ ടൈംസിന്റെ പബ്ലിക്കേഷനായ ഹിന്ദുസ്ഥാന്‍ നൽകിയ അഭിമുഖത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചത്.