ന്യൂഡല്‍ഹി, റോയിറ്റെര്സ്: മേയ് മാസം നടക്കാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കടുത്ത ഭീഷണിയാകാന്‍ സാധ്യതയുള്ളത്, ഇന്ത്യയുടെ തീര്‍ത്തും വൃത്യസ്തമായ പ്രദേശങ്ങളില്‍ നിന്നും വരുന്ന, മൂന്ന് ശക്തരായ വനിതാ രാഷ്ട്രീയ നേതാക്കളാണ്.
1947-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയന്നു മുതലുള്ള കുറെ വർഷങ്ങൾ ഇന്ത്യ ഭരിച്ച നെഹ്റു-ഗാന്ധി കുടുംബത്തിന്റെ ഭാഗമായ പ്രിയങ്ക ഗാന്ധി വധേര, കഴിഞ്ഞ ജനുവരിയിൽ, ഇന്ത്യയിൽ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർ പ്രദേശിലെ കോൺഗ്രസ് പാർട്ടിയുടെ മുഖമായി മുഖ്യധാരാ രാഷ്ട്രീയത്തിലെത്തി.
പശ്ചിമ ബംഗാളിന്റെ അതിശക്തയായ മുഖ്യമന്ത്രി മമത ബാനർജി, ഉത്തർ പ്രദേശിന്റെ മുൻ മുഖ്യമന്ത്രി മായാവതി എന്ന രണ്ടു മുതിർന്ന വനിതാ നേതാക്കൾ ചേർന്ന് പ്രതിപക്ഷ കൂട്ടായ്മയുണ്ടാക്കി മോദിയുടെ ഭരണ പാർട്ടിയായ നാഷണൽ ഡെമോക്രാറ്റിക് അലൈൻസ് (NDA) ഭരണത്തില്‍ നിന്നും ഇറക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ഇതു വരെയും ഉറപ്പായൊരു സമ്മതിയിലേക്കു അവരെത്തിയിട്ടില്ലെങ്കിലും ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
“പ്രതിപക്ഷത്തിന് എൻഡിഎ-യിലേക്കാളും ശക്തരായ വനിതാ നേതാക്കളുണ്ട്. അതു കൊണ്ടു തന്നെ അവർക്കു സമ്മതിദായകരുടെ വിശ്വാസം, പ്രത്യേകിച്ചും വനിതാ സമ്മതിദായകരുടെ വിശ്വാസം വഹിക്കാൻ സാധിക്കും,” എന്‍ ഡി എയിലെ പ്രധാനപ്പെട്ട പാര്‍ട്ടിയായ മോദിയുടെ ‘ഹിന്ദു നാഷണലിസ്റ്’ ഭാരതീയ ജനത പാർട്ടിയിൽ (BJP) നിന്നും പുറത്തു പോയ, മുൻ ധനകാര്യ മന്ത്രി യശ്വന്ത് സിൻഹ അഭിപ്രായപ്പെട്ടു.
“അവർ വ്യാകുലപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ചും മൂന്ന് ഹിന്ദി ‘ഹാർട്ട്ലാൻഡ്’ സംസഥാനങ്ങളിൽ അവർ നേരിട്ട പരാജയത്തിന് ശേഷം” ഈയടുത്ത് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളെ പരാമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു
പ്രിയങ്കയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവ് ആവേശത്തോടു കൂടിയാണ് മാധ്യമങ്ങൾ വരവേറ്റത്. സമ്മതിദായകരുമായി സംവദിക്കാനുള്ള അവരുടെ കഴിവിനെക്കുറിച്ചും , മുൻ പ്രധാനമന്ത്രിയും പ്രിയങ്കയുടെ മുത്തശ്ശിയുമായ ഇന്ദിര ഗാന്ധിയുമായുള്ള നാല്പത്തേഴുകാരിയായ പ്രിയങ്കയുടെ രൂപ സാദൃശ്യവും, പാർട്ടി അനുയായികൾ ആനന്ദനൃത്തമാടുന്ന ചിത്രങ്ങളുമെല്ലാം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. ഇതേ കാര്യങ്ങളിൽ അത്ര കണ്ട് ശോഭിക്കാത്തതാണ് പ്രിയങ്കയുടെ സഹോദരൻ, രാഹുൽ ഗാന്ധി നേരിടുന്ന വിമർശനം.
ട്രിപ്പിള്‍ ചാലഞ്ച്
മോദിയുടെ അധികാരത്തെ വെല്ലുവിളിക്കുന്ന മറ്റു രണ്ടു നേതാക്കളും പ്രിയങ്കയേക്കാൾ അനുഭവ സമ്പത്തുള്ളവരും, ഒരു കൂട്ടുമന്ത്രിസഭ വന്നാൽ പ്രധാനമന്ത്രി പദവിയിലേക്ക് വരെയെത്താനും സാധ്യതയുള്ള രണ്ട് വനിതകളാണ്.
ഹിന്ദുക്കളിലെ ദളിത് വിഭാഗത്തിന്റെ പിന്തുണ കൂടുതലുള്ള ബഹുജൻ സമാജ്വാദി പാർട്ടി (BSP)യുടെ നേതാവും മുൻ-അധ്യാപികയുമായിരുന്ന മായാവതി, ഒരു കാലത്ത് തന്റെ പാർട്ടിയുടെ ബദ്ധശത്രുക്കളായിരുന്ന – മറ്റു താഴ്ന്ന ജാതിക്കാരുടെയും മുസ്ലിമുകളുടെയും പിൻബലം കൂടുതലുള്ള – സമാജ്വാദി പാർട്ടിയിൽ നിന്നും പിന്തുണ നേടാൻ ശ്രമിക്കുന്നുണ്ട്.
പിന്നെയുള്ളത് കേന്ദ്ര സർക്കാരിൽ രണ്ടു തവണ റെയിൽവേ മന്ത്രി പദം വഹിച്ച മമത ബാനെർജിയാണ്. 1997ല്‍ കോൺഗ്രെസ്സിൽ നിന്നും വിട്ടു വന്നതിനു ശേഷം ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (AITC) രൂപീകരിച്ച മമത ബാനെർജി കഴിഞ്ഞ മാസം കൊൽക്കത്തയിൽ നടത്തിയ ബിജെപി വിരുദ്ധ റാലി ആയിരക്കണക്കിന് ആളുകളെയാണ് ആകർഷിച്ചത്.
ഇപ്പോൾ അഭിപ്രായം പറയാൻ മൂന്ന് വനിതാ നേതാക്കളും ലഭ്യമല്ല എന്നാണ് അവരുടെ പാർട്ടി വക്താക്കൾ അറിയിച്ചത്.
മോദി തന്നെയാണ് ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ നേതാവ് എന്നാണ് അഭിപ്രായ വോട്ടുകൾ സൂചിപ്പിക്കുന്നത്. തന്റെ ആദ്യ ‘ടേമി’ല്‍ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ മോദി അവഗണിച്ചതായും പറയുവാൻ സാധിക്കില്ല. അദ്ദേഹം തുടക്കം കുറിച്ച സർക്കാരിന്റെ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ (Save the Daughter, Educate the Daughter) പ്രചാരണം പെൺഭ്രൂണഹത്യ ഇല്ലാതാക്കല്ലിന് മൂൻതൂക്കം നൽകിയിരുന്നു. സബ്സിഡി ചെയ്തു ഗ്യാസ് നൽകിയതും, ശൗചാലയങ്ങൾ നിർമിച്ചതുമെല്ലാം സ്ത്രീ ശാക്തീകരണത്തിനു വേണ്ടി അദ്ദേഹം പ്രവർത്തിച്ചതിനു ഉദ്ദാഹരണമായിട്ടാണ് കണക്കാക്കുന്നത്.
മോദി മന്ത്രിസഭയുടെ ശക്തികേന്ദ്രങ്ങള്‍ അദ്ദേഹവും ചില മുതിർന്ന മന്ത്രിമാരും ആണെങ്കിൽ കൂടെയും, ഇരുപത്തിയാറു മന്ത്രിമാരുള്ള മന്ത്രിസഭയിൽ ആറു പേർ സ്ത്രീകളാണ്.
മോദിയുടെ കീഴിലുണ്ടായ നേട്ടങ്ങൾക്കു അധിഷ്ഠിതമായിട്ടാകും ബിജെപി വോട്ട് തേടുക. കൂടാതെ ‘സർക്കാരിനും അതിന്റെ പ്രവർത്തങ്ങൾക്കും പകരമായ ഒരു ‘പോസിറ്റീവ്’ ബദൽ കണ്ടെത്താൻ ഇന്നു വരെ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല’ എന്നും ബിജെപി പറയുന്നു.
വ്യക്തി ബന്ധങ്ങൾ
എഴുപത്തിയെട്ടു സീറ്റുകളിൽ നേർക്കുനേർക്കു വരുമെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം മായാവതിയുടെ ബിഎസ് പി – എസ് പി കൂട്ടികെട്ടിനോടൊപ്പം ഒരു പങ്കാളിത്തത്തിന് തയ്യാറാണെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പല തവണ വിജയച്ച രണ്ടിടങ്ങളില്‍ സ്ഥലങ്ങളിൽ മായാവതിയുടെ കൂട്ടുകെട്ടും മത്സരത്തിന് ഉണ്ടാവില്ല.
‘തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് തന്റെ സഖ്യവുമായി ചേരുന്നതിൽ നിന്ന് വലിയ പ്രയോജനം ലഭിക്കില്ലാ’യെന്നാണ് എസ് പി-യുമായി സഖ്യം നിർമിച്ചതിനെത്തുടർന്ന് വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ മായാവതി അറിയിച്ചത്.
എന്നാൽ മധ്യപ്രദേശിലേയും രാജസ്ഥാനിലേയും കോൺഗ്രസ് നേത്രുത്വത്തിലുള്ള സര്‍ക്കാരുകളെ ബിഎസ് പി പിന്തുണയ്ക്കുന്നുമുണ്ട്.
രാഹുലിനേയും പ്രിയങ്കയേയും നന്നായി അറിയുന്നവരാണ് എങ്കിലും, കോൺഗ്രെസ്സുമായി ഔപചാരികമായൊരു കൂടുകെട്ടിനു അവര്‍ മുതിര്‍ന്നിട്ടില്ല.
മുൻ കേന്ദ്ര മന്ത്രിയും മമത ബാനർജിയുടെ മുഖ്യ സഹായിയുമായ ദിനേശ് ത്രിവേദി പറയുന്നത് പ്രകാരം മമത ബാനെർജിയും കോൺഗ്രസിന്റെ മുൻ പ്രസിഡന്റും നെഹ്റു കുടുംബത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അംഗവുമായ സോണിയ ഗാന്ധിയുമായി നല്ല സൗഹൃദം നിലനിൽക്കുന്നതിനാൽ, അവരുടെ മക്കളോടൊപ്പം പ്രവർത്തിക്കുന്നതിൽ മത ബാനെര്ജിയ്ക്ക് ബുദ്ധിമുട്ടുണ്ടാവില്ല എന്നാണ്.
“അനുഭവസമ്പത്തിന്റെ കാര്യത്തില്‍ മമത ബാനർജി വളരെ മുൻപിലാണ്. രാഹുലും പ്രിയങ്കയും മമത ബാനർജിയെ ഒരു പ്രചോദനം എന്ന നിലയ്ക്ക് കണ്ടാൽ അതില്‍ അതിശയിക്കാനില്ല” ത്രിവേദി കൂട്ടിച്ചേർത്തു.
പല മേഖലയിലുള്ള സമ്മതിദായകരോട് അപ്പീല്‍ ചെയ്യും എന്നതാണ് പ്രിയങ്ക, മായാവതി, മമത എന്ന ‘പൊട്ടന്‍ഷ്യല്‍’ പ്രതിപക്ഷ സഖ്യത്തിന്റെ ശക്തി.
ഉത്തർ പ്രദേശിൽ പ്രാന്തവൽക്കരിക്കപ്പെട്ട് പോയ കോൺഗ്രസ് പാർട്ടിയെ പുനർജീവിപ്പിക്കാൻ പ്രിയങ്കയുടെ രാഷ്ട്രീയത്തിലേക്കുള്ള ഔദ്യോഗിക പ്രവേശനം വഴിയൊരുക്കും എന്നാണ് രണ്ടു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞത്. ഇന്ത്യയിലെ പ്രഥമ കുടുംബമെന്ന് കണക്കാക്കപ്പെടുന്ന ഗാന്ധി കുടുംബത്തിൽ നിന്നും വരുന്നതിനാൽ, ബിജെപിയുടെ വ്യാപാരാധിഷ്ഠിത നയങ്ങൾക്ക് വോട്ട് രേഖപ്പെടുത്തുന്ന ഉയർന്ന ജാതിയിലുള്ള സമ്മതിദായകരെ കോൺഗ്രസിലേക്ക് ആകർഷിക്കാൻ പ്രിയങ്കയ്ക്ക് സാധിക്കുമെന്നാണ് പാർട്ടി കരുതുന്നത്.
പ്രിയങ്കയോട് അടുപ്പമുള്ളൊരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞത് പ്രകാരം പ്രിയങ്കയ്ക്ക് സ്ത്രീകളെയും, യുവതി യുവാക്കളെയും, ‘ഫ്ലോട്ടിങ് വോട്ടേഴ്സി’നെയും ആകർഷിക്കാനും കഴിയും.
തന്റെ അമ്മയെയും സഹോദരനെയും കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹായിച്ചതിനാൽ പ്രിയങ്ക രാഷ്ട്രീയത്തിൽ ഒരു തുടക്കക്കാരിയാണെന്ന് പറയാൻ സാധിക്കില്ല. കഴിഞ്ഞ ആഴ്ച രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ പറഞ്ഞ പോലെ അവർ രാഷ്ട്രീയവും വ്യക്തിപരവുമായ ദുരന്തങ്ങൾ നേരിട്ടിട്ടുണ്ട്.
“ഞാനും എന്റെ സഹോദരിയുമായിട്ടുള്ള ബന്ധം നിങ്ങൾ മനസിലാക്കണം. ഒരുപാട് സംഘർഷങ്ങളിൽക്കൂടി കടന്നു പോയവരാണ് ഞങ്ങൾ,” രാഹുൽ പറഞ്ഞു.
“എല്ലാരും കരുതുന്നത് പോലെ ‘നിങ്ങളൊരു വിശിഷ്ടമായ കുടുംബത്തിലെ അംഗമല്ലെ, നിങ്ങൾക്ക് എല്ലാം വളരെ എളുപ്പമാണ്’ എന്നല്ല. സത്യത്തിൽ ഞങ്ങൾക്ക് ഒന്നും അത്ര എളുപ്പമല്ല. ഞങ്ങളുടെ അച്ഛൻ വധിക്കപ്പെട്ടു. ഞങ്ങളുടെ മുത്തശ്ശി വധിക്കപ്പെട്ടു. വലിയ രാഷ്ട്രീയ യുദ്ധങ്ങൾ, രാഷ്ട്രീയ വിജയങ്ങൾ, രാഷ്ട്രീയ തോൽവികൾ എല്ലാം ഞങ്ങള്‍ കണ്ടു.”
ദേശീയ നേതാവ്
‘മായാവതിയുടെ ജെന്‍ഡര്‍ ഒരു വിഷയമേയല്ല’ എന്നാണ്ബി എസ് പി വക്താവ് സുധീന്ദ്ര ഭഡോറിയ പറഞ്ഞത്.
“ഒന്നുമല്ലാതിരുന്നൊരു പാർട്ടിയെ അവർ ഈ നിലവരെ എത്തിച്ചു. പ്രാധാന്യമുള്ള കാര്യമെന്തെന്നാൽ അവർ ഒരുപാട് ജനങ്ങളെ ഒരുമിപ്പിച്ചു, അതിൽ സ്ത്രീയും, പുരുഷനും, ദളിതനും മറ്റു താഴ്ന്ന ജാതിക്കാരും, പാവപ്പെട്ടവരും ന്യൂനപക്ഷത്തുള്ളവരും ഉൾപ്പെടും. ആൺ-പെൺ എന്ന ഒരു വേർതിരിവിൽ അവരെ ഒതുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവരൊരു ദേശീയ നേതാവാണ്,” ഭഡോറിയ കൂട്ടിച്ചേർത്തു.
അതിമോഹിയായൊരു സ്ത്രീയായിട്ടാണ് അവരെ കണക്കാക്കുന്നത്. 2008-ലെ ഒരു യു.എസ് ‘ഡിപ്ലോമാറ്റിക് കേബിൾ’ (രണ്ടു വർഷത്തിന് ശേഷം വിക്കിലീക്സ് പുറത്തുവിട്ട അനേകായിരം വിവരങ്ങളിൽ ഒന്ന്) അവരെ ‘കടുത്ത ആത്മാരാധനയുള്ളവരും’, ‘പ്രധാനമന്ത്രിയാകാനായി ‘ഒബ്സെസ്സ്ഡ്’ ആയൊരു വ്യക്തിയുമായുമാണ്’ വിവരിക്കുന്നത്.
ഹിന്ദുക്കളിലെ അടിച്ചമര്‍ത്തപ്പെട്ട താഴ്ന്ന ജാതിയിലുള്ളവരെ ശക്തിപ്പെടുത്തിയ ഒരു വ്യക്തിയായിട്ടും അവരെ അംഗീകരിച്ചിട്ടുണ്ട്.
മുപ്പത്തിനാല് വർഷം പഴക്കമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെ 2011-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ മമത ബാനർജിഅവരുടെ തെരുവുതോറുമുള്ള രാഷ്ട്രീയ പ്രവർത്തന വൈദഗ്ദ്ധ്യത്തിന് പ്രശസ്തയാണ്. ബിജെപി കാരണം ദ്രുവീകരിക്കപ്പെട്ട ഇന്ത്യയുടെ മതേതര നേതാവാണ് താന്നെന്നാണ് അവർ വാദിക്കുന്നത്.