ഇന്‍ഡോര്‍: ബിജെപി പ്രവര്‍ത്തകരെ ആശ്ചര്യപ്പെടുത്തി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഇടപെടല്‍. ഇന്‍ഡോറിലെ റോഡ് ഷോയ്ക്കിടെ ആണ് മോദിക്ക് വേണ്ടി ജയ് വിളിച്ചവരെ പ്രിയങ്ക ഗാന്ധി അഭിവാദ്യം ചെയ്തത്. മെറൂൺ സാരി ധരിച്ച് നെറ്റിയില്‍ തിലകവും ചാര്‍ത്തിയായിരുന്നു പ്രിയങ്ക എത്തിയത്. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ റോഡിന് ഇരുവശത്തും അഭിവാദ്യം ചെയ്യുന്ന ആളുകള്‍ക്ക് പ്രിയങ്ക പലയിടത്തും കൈ കൊടുത്തിരുന്നു.

എന്നാല്‍ പ്രിയങ്ക സഞ്ചരിച്ചിരുന്ന കറുത്ത എസ്‌യുവി ഒരിടത്ത് നിര്‍ത്തിയപ്പോഴാണ് ‘മോദി മോദി’ എന്ന് ചിലര്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചത്. പ്രിയങ്ക ഗാന്ധി ഉടന്‍ തന്നെ മോദിക്ക് വേണ്ടി ജയ് വിളിച്ചവര്‍ക്ക് നേരേയും കൈ നീട്ടി അഭിവാദ്യം ചെയ്തു. ‘എല്ലാ ആശംസകളും, നിങ്ങള്‍ക്ക് നിങ്ങളുടെ വഴി നല്ലത്, എനിക്ക് എന്റേതും,’ മോദിയുടെ പിന്തുണക്കാര്‍ക്ക് പ്രിയങ്ക കൈ കൊടുത്ത് കൊണ്ട് പറഞ്ഞു.

More Election News

പ്രിയങ്കയുടെ പ്രവൃത്തിയില്‍ ആശ്ചര്യപ്പെട്ട് പോയ ബിജെപി പ്രവര്‍ത്തകര്‍ ‘വളരെ നല്ലത്’ എന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. മുദ്രാവാക്യം അവസാനിപ്പിച്ച പ്രവര്‍ത്തകര്‍ പ്രിയങ്ക ഗാന്ധിക്ക് ആശംസകളും നേര്‍ന്നു. ഇതിന് ശേഷമാണ് പ്രിയങ്ക തന്റെ കാറിലേക്ക് കയറിയത്.

മധ്യപ്രദേശില്‍ രാജ് മൊഹല്ലയില്‍ നിന്നാണ് പ്രയങ്കയുടെ റോഡ് ഷോ ആരംഭിച്ചത്. ആര്‍ത്തുവിളിച്ച് കൊണ്ട് പതിനായിരങ്ങളാണ് റോഡിന്റെ വശങ്ങളില്‍ അഭിവാദ്യം അര്‍പ്പിക്കാന്‍ നിന്നിരുന്നത്. മധ്യപ്രദേശില്‍ ആദ്യമായാണ് പ്രിയങ്ക രാഷ്ട്രീയ പ്രചാരണത്തിന് എത്തുന്നത്. പ്രചാരണത്തിനിടെ മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് പ്രിയങ്ക ഉന്നയിച്ചത്. അഹങ്കാരിയാണ് മോദിയെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അര്‍ഹിക്കുന്ന തിരിച്ചടി നല്‍കുമെന്നും പ്രിയങ്ക പറഞ്ഞു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.