/indian-express-malayalam/media/media_files/uploads/2019/05/modi-g-horz-003.jpg)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആയതിന് ശേഷം നരേന്ദ്ര മോദി ആദ്യമായി വാര്‍ത്താ സമ്മേളനം നടത്തിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് അവസാനിക്കാന്‍ വെറും നാലഞ്ച് ദിവസം മാത്രമുളളപ്പോള്‍ പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്ത നടപടിയാണെന്ന് രാഹുല്‍ പറഞ്ഞു.
Read More: PM Modi's Press Conference: മാധ്യമങ്ങളോട് നന്ദി പറയാനാണ് ഞാന്‍ എത്തിയത്: മോദിയുടെ 10 വാചകങ്ങള്‍
ജനങ്ങള്‍ മെയ് 23ന് തീരുമാനം എടുക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ രാജ്യത്തിന് വേണ്ടി ഭരണത്തിലേറുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'മോദി ഇപ്പോള്‍ തത്സമയ വാര്‍ത്താ സമ്മേളനം നടത്തുകയാണ്. എന്തു കൊണ്ടാണ് റഫാല്‍ വിഷയത്തില്‍ എന്നോട് ചര്‍ച്ചയ്ക്ക് തയ്യാറാവാതിരുന്നത്? ഞാന്‍ നിങ്ങളെ ഒരു ചര്‍ച്ചയ്ക്ക് വെല്ലു വിളിച്ചിരുന്നു. എന്തു കൊണ്ടാണ് ആ വെല്ലുവിളി സ്വീകരിക്കാതിരുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞാലും,' രാഹുല്‍ പറഞ്ഞു.
'ഈ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ വിവേചനപരമായിരുന്നു. മോദിജിക്ക് എന്ത് വേണമെങ്കിലും പറയാമെന്ന അനുവാദം ലഭിച്ചു. അതേസമയം അതേ കാര്യങ്ങള്‍ ഞങ്ങള്‍ പറയുന്നത് തടയപ്പെട്ടു. തിരഞ്ഞെടുപ്പ് സമയക്രമം മോദിജിക്ക് വേണ്ടി ഉണ്ടാക്കിയത് പോലെയാണ് കണ്ടത്. മോദിക്കും ബിജെപിക്കും ഒരുപാട് പണം കൈയിലുളളപ്പോള്‍ ഞങ്ങള്‍ക്ക് സ്വന്തമായുളളത് സത്യമാണ്,' രാഹുല്‍ പറഞ്ഞു.
'ഉത്തര്‍പ്രദേശില്‍ ബിഎസ്പിയും എസ്പിയും ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനിച്ചതിനെ ഞാന്‍ ബഹുമാനിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വീക്ഷണത്തില്‍ എനിക്ക് യുപിയില്‍ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം മാത്രമാണ് നടപ്പിലാക്കാനാകുക. ബിജെപി അവിടെ തോല്‍ക്കുന്നത് ഉറപ്പാക്കണം എന്നാണ് പ്രിയങ്കയോടും ജ്യോതിരാദിത്യ സിന്ധ്യയോടും ഞാന്‍ ആവശ്യപ്പെട്ടത്,' രാഹുല്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തിന് പിന്നാലെ സോഷ്യല്‍മീഡിയയിലൂടേയും മോദിക്കെതിരെ രാഹുല്‍ രംഗത്തെത്തി. മോദിയുടെ വാര്‍ത്താ സമ്മേളനത്തെ പരിഹസിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. വളരെ മികച്ച വാര്‍ത്താ സമ്മേളനമാണ് മോദി നടത്തിയതെന്ന് അദ്ദേഹം പരിഹസിച്ചു.
Congratulations Modi Ji. Excellent Press Conference! Showing up is half the battle. Next time Mr Shah may even allow you to answer a couple of questions. Well done!
— Rahul Gandhi (@RahulGandhi) May 17, 2019
'അഭിനന്ദനങ്ങള്‍ മോദിജി. വളരെ മികച്ച വാര്‍ത്താ സമ്മേളനം. എത്തിച്ചേരുക എന്നത് പകുതി യുദ്ധമാണ്. അടുത്ത തവണ ഷാ നിങ്ങളെ കുറച്ച് ചോദ്യത്തിന് ഉത്തരം പറയാന്‍ അനുവദിക്കട്ടെ. നന്നായിരിക്കുന്നു,' രാഹുല്‍ ഗാന്ധി പരിഹസിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.