പത്തനംതിട്ട: ലോകസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോടു നിന്നുമുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ് ബാബുവിന് ജാമ്യമില്ല. പ്രകാശ് ബാബുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയില്‍ വച്ച് സ്ത്രീയെ ആക്രമിച്ച കേസിലാണ് പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ തള്ളിയത്. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്.

ഇതിനെതിരെ പ്രകാശ് ബാബു നാളെ ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കും. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ നാലിന് മുന്‍പായി പത്രിക സമര്‍പ്പിക്കണമെന്നിരിക്കെ കേസുകളില്‍ ജാമ്യമെടുക്കാന്‍ ഇന്നാണ് പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങിയത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് പ്രകാശ് ബാബുവിനെതിരെയുള്ളത്. സ്ത്രീയെ തടഞ്ഞു, പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു എന്നീ കേസുകളിലാണ് അറസ്റ്റ് വാറണ്ടുള്ളത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.