കൊച്ചി: പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ഇപ്പോഴത്തെ അന്വേഷണം പോരാ എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം ഹൈക്കോടതി തള്ളി. കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി കൂടുതല്‍ വാദത്തിനായി കോടതി മാറ്റിയിട്ടുണ്ട്. ജൂണ്‍ 10 നാണ് ഹര്‍ജി ഇനി പരിഗണിക്കുക. ഹര്‍ജി ഭാഗത്തിന് ധൃതി വേണ്ടെന്നും അന്വേഷണ സംഘം ഒരു തീരുമാനമെടുക്കട്ടെയെന്നും വാദത്തിനിടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
അതേസമയം, രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും ഐജിയുടെ നേതൃത്വത്തില്‍ ഇതിനകം അന്വേഷണം നടക്കുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ ഇടപെടാന്‍ ഹൈക്കോടതിയ്ക്ക് അനുമതിയില്ലെന്നും, ക്രമക്കേടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം ഹര്‍ജി നല്‍കാമെന്നും കമ്മീഷന് കോടതിയെ അറിയിച്ചിട്ടുണ്ട്.
Read More: Lok Sabha Election Exit Poll Results: ഇടതുപക്ഷത്തിന് തിരിച്ചടി: എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
തെരഞ്ഞെടുപ്പ് തുടങ്ങിയാല്‍ നടപടി അവസാനിക്കുംവരെ അതില്‍ തടസ്സം ഉണ്ടാക്കാന്‍ പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം, പഞ്ചാബില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പൊലീസ് ഉദ്യോഗസ്ഥരെ എപി ബറ്റാലിയന് എഡിജിപി തിരിച്ചുവിളിച്ചിരുന്നു. പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടിനെ തുടര്‍ന്നാണ് തിരിച്ചുവിളിച്ചതെന്നാണ് സൂചന. പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ ശേഖരിച്ച വട്ടപ്പാറ സ്വദേശിയായ മണിക്കുട്ടനും തിരിച്ചുവിളിപ്പിച്ച നാല് പൊലീസുകാരില്‍ ഉള്‍പ്പെടും. പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇവര്‍ക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.
പൊലീസുകാരുടെ തപാല്‍ വോട്ടില്‍ പൊലീസ് അസോസിയേഷന് നടത്തിയ ക്രമക്കേട് സ്ഥിരീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നല്കിയ റിപ്പോര്‍ട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നേരത്തെ അംഗീകരിച്ചിരുന്നു. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു.
Also Read: പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; അന്വേഷണം ക്രൈം ബ്രാഞ്ചിന്
പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ എല്‍.ഡി.എഫിന് അനുകൂലമാക്കാന്‍ പൊലീസ് അസോസിയേഷന് ഇടപെട്ടെന്ന് സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ടാണ് ഡി.ജി.പി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത്. ബാലറ്റ് ശേഖരണത്തിന് ശ്രമിച്ചതായി തെളിഞ്ഞ ഒരു ഉദ്യോഗസ്ഥനെതിരെ സസ്പെന്‍ഷനും കൂടുതല്‍ ക്രമക്കേട് കണ്ടെത്താന്‍ മണ്ഡലം തിരിച്ചുള്ള സമഗ്ര അന്വേഷണവും ശുപാര്‍ശ ചെയ്തിരുന്നു.
കള്ളവോട്ട് ആരോപണം ഇടത് വലത് മുന്നണികള്‍ക്കെതിരെ സജീവമായതിനു പിന്നാലെയാണ് പോസ്റ്റല്‍ ബാലറ്റിലും ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നത്. എല്‍ഡിഎഫ് പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗിച്ചു എന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ഡിജിപി ലോക്നാഥ് ബെഹ്റക്കെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.