ന്യൂഡല്‍ഹി: നടനും കോണ്‍ഗ്രസ് നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിന്റെ സാന്നിധ്യത്തിലാണ് പൂനം സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ലക്‌നൗ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് പൂനം ജനവിധി തേടുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് രവിദാസ് മെഹോത്ര പറഞ്ഞു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗാണ് ലക്‌നൗവില്‍ ബിജെപി സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read More: ‘ബിജെപി വിടുന്നത് കഠിനമായ ഹൃദയവേദനയോടെ’; ശത്രുഘ്‌നൻ സിൻഹ കോൺഗ്രസിൽ ചേർന്നു
ഏപ്രില്‍ 18 ന് പൂനം ലക്‌നൗവില്‍ നിന്ന് സ്ഥാനാര്‍ഥിയാകാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എസ്.പി-ബി.എസ്.പി-ആര്‍എല്‍ഡി സഖ്യത്തിന്റെ ലക്‌നൗവില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായിരിക്കും പൂനമെന്ന് രവിദാസ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്‌നാഥ് സിംഗിനെതിരായ മത്സരത്തെ കുറിച്ച് പൂനം പ്രതികരിച്ചത് ഇങ്ങനെ: “ആര്‍ക്കെതിരെ മത്സരിക്കുന്നു എന്നത് വിഷയമല്ല. ശക്തമായ പോരാട്ടം മണ്ഡലത്തില്‍ നടത്തും.”അതേസമയം, തിരഞ്ഞെടുപ്പില്‍ അഭിമാന പോരാട്ടം നടത്തുമെന്ന് പൂനത്തിന്റെ സ്ഥാനാര്‍ഥിത്വത്തോട് രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.
Read More: പട്നസാഹിബില്‍ രവിശങ്കര്‍ പ്രസാദ് സ്ഥാനാര്‍ത്ഥി; ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് ടിക്കറ്റില്‍
ബിജെപി ബന്ധം ഉപേക്ഷിച്ചാണ് കഴിഞ്ഞ മാസം ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മോദി, അമിത് ഷാ കൂട്ടുക്കെട്ടിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്ന ശത്രുഘ്‌നന് ബിജെപി ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു.