ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച പോളിങ് ഏജന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോളിങ് ബൂത്തില്‍ വച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ സ്ഥിരീകരിച്ചു. മെയ് 12നാണ് ഫരീദാബാദില്‍ വോട്ടെടുപ്പ് നടന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പോളിങ് ഏജന്റിനെ അറസ്റ്റ് ചെയ്തതെന്നും ഇയാള്‍ക്കെതിരെ കേസെടുത്തതായും ലവാസ അറിയിച്ചു. നീല വസ്ത്രം ധരിച്ച ഒരാള്‍ പോളിങ് ബൂത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ഇയാള്‍ വോട്ടിങ് മെഷീനിന്റെ അടുത്തേക്ക് പോയി മൂന്നോളം വോട്ടര്‍മാര്‍ക്ക് ചിഹ്നം കാണിച്ച് കൊടുക്കുകയോ വോട്ട് ചെയ്യുകയോ ആണ് ചെയ്യുന്നത്. വീഡിയോ വൈറലായി മാറിയതോടെ ചിലര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പോളിങ് ഏജന്റാണെന്ന് തിരിച്ചറിഞ്ഞത്. മത്സരിക്കുന്ന സ്ഥാനാർഥികളാണ് പോളിങ് ബൂത്തുകളില്‍ ഏജന്റുമാരെ വയ്ക്കുന്നത്. ബൂത്തിലെ തിരഞ്ഞെടുപ്പ് പ്രവൃത്തി വിലയിരുത്താനാണ് ഇപ്രകാരം പോളിങ് ഏജന്റുമാരെ വയ്ക്കുന്നത്. ഇയാള്‍ ഏത് പാര്‍ട്ടിയുടെ ഏജന്റാണെന്ന് വ്യക്തമായിട്ടില്ല.