തിരുവനന്തപുരം: പൊലീസുകാരുടെ തപാല്‍ വോട്ടില്‍ പൊലീസ് അസോസിയേഷന്‍ നടത്തിയ ക്രമക്കേട് സ്ഥിരീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നല്‍കിയ റിപ്പോര്‍ട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അംഗീകരിച്ചു. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.

Read More: പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കില്ല; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാര്‍ശ കമ്മീഷന്‍ തള്ളി

ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്ന് ടിക്കാറാം മീണ അറിയിച്ചു. തട്ടിപ്പില്‍ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് മെയ് 15 നകം സമര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം നൽകിയ പരാതിയും അന്വേഷിക്കണമെന്ന് ടിക്കാറാം മീണ നിർദേശം നൽകി. ബാലറ്റ് ശേഖരണത്തിന് ശ്രമിച്ച ഒരാള്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം നൽകി. നാലു പൊലീസുകാര്‍ക്കെതിരെ പ്രത്യേക അന്വേഷണത്തിനും ശുപാർശ ചെയ്തിട്ടുണ്ട്.

Read More: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 347 കേസുകൾ: ഡിജിപി

പൊലീസുകാരുടെ തപാല്‍ വോട്ടില്‍ പൊലീസ് അസോസിയേഷന്‍ നടത്തിയ ക്രമക്കേട് സ്ഥിരീകരിച്ച്  ഡി.ജി.പി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസമാണ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. പോസ്റ്റല്‍ ബാലറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.

Read More Election News Here

പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ എല്‍.ഡി.എഫിന് അനുകൂലമാക്കാന്‍ പൊലീസ് അസോസിയേഷന്‍ ഇടപെട്ടെന്ന് സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ടാണ് ഡി.ജി.പി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസം കൈമാറിയത്. ബാലറ്റ് ശേഖരണത്തിന് ശ്രമിച്ചതായി തെളിഞ്ഞ ഒരു ഉദ്യോഗസ്ഥനെതിരെ സസ്പെന്‍ഷനും കൂടുതല്‍ ക്രമക്കേട് കണ്ടെത്താന്‍ മണ്ഡലം തിരിച്ചുള്ള സമഗ്ര അന്വേഷണവും ശുപാര്‍ശ ചെയ്തിരുന്നു.

കള്ളവോട്ട് ആരോപണം ഇടത് – വലത് മുന്നണികൾക്കെതിരെ സജീവമായതിനു പിന്നാലെയാണ് പോസ്റ്റൽ ബാലറ്റിലും ക്രമക്കേട് നടന്നതായി ആരോപണമുയർന്നത്. എൽഡിഎഫ് പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗിച്ചു എന്നാണ് കോൺഗ്രസ് ആരോപിച്ചത്. ഡിജിപി ലോക്നാഥ് ബെഹ്റക്കെതിരെയും കോൺഗ്രസ് നേതാക്കൾ നേരത്തെ വിമർശനമുന്നയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook