scorecardresearch
Latest News

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസുകാർ നന്ദിഗ്രാമിലെ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നു: മമത ബാനർജി

വോട്ടെടുപ്പിന് മുന്നോടിയായി നന്ദിഗ്രാമിൽ വർഗീയ കലാപത്തിന് ശ്രമം നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും മമത ബാനർജി പറഞ്ഞു

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസുകാർ നന്ദിഗ്രാമിലെ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നു: മമത ബാനർജി

നന്ദിഗ്രാം മണ്ഡലത്തിലെ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതിനായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് സേനയെ സംസ്ഥാനത്തെത്തിച്ചതായി ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നന്ദിഗ്രാം മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ മമതക്കെതിരെ മുൻ തൃണമൂൽ നേതാവും വിശ്വസ്തനുമായിരുന്ന സുവേന്ദു അധികാരിയാണ് നന്ദിഗ്രാം സീറ്റിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

ഗ്രാമങ്ങളിലെ വോട്ടർമാരെ ഭയപ്പെടുത്താനും ബിജെപിക്കു അനുകൂലമായി സാഹചര്യങ്ങൾ സൃഷ്ടിക്കാനും മധ്യപ്രദേശിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെ മണ്ഡലത്തിൽ വിന്യസിച്ചിട്ടുണ്ടെന്ന് നന്ദിഗ്രാം മണ്ഡലത്തിലെ ഭംഗബേരയിൽ ഒരു റോഡ്ഷോയിൽ സംസാരിക്കവെ മമത പറഞ്ഞു. എന്നാൽ, നന്ദിഗ്രാമിൽ താൻ വൻ വിജയം നേടാമെന്നും തന്റെ പാർട്ടിയെ തുടർച്ചയായ മൂന്നാം തവണ അധികാരത്തിൽ എത്തിക്കുമെന്നും തനിക്ക് വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു.

Read More: മുഖ്യമന്ത്രിയുടെ ശ്രദ്ധ കള്ളക്കടത്തിൽ; യഥാർഥ സ്വർണം ജനങ്ങളെന്ന് പ്രിയങ്ക

“അവർ (പുറത്തുനിന്നുള്ള പോലീസ് സേന) കുറച്ച് ദിവസത്തേക്ക് മാത്രമേ ഇവിടെ ഉണ്ടാവുകയുള്ളൂ. ഒരു തെറ്റും ചെയ്യരുത്, നമ്മൾ തിരിച്ചെത്തി ഒറ്റുകാർക്ക് ഉചിതമായ മറുപടി നൽകും,” സുവേന്ദു അധികാരിയെ ലക്ഷ്യംവച്ച് മമത പറഞ്ഞു.

പുറത്തുനിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ അനധികൃത ഇടപെടൽ നടത്തുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയാണെന്ന് അവർ പറഞ്ഞു. ഏപ്രിൽ ഒന്നിനാണ് നന്ദിഗ്രാമിൽ വോട്ടെടുപ്പ്. വോട്ടെടുപ്പിന് മുന്നോടിയായി നന്ദിഗ്രാമിൽ “വർഗീയ കലാപത്തിന് പ്രേരണ നൽകുന്നതിനെതിരെ” ജാഗ്രത പാലിക്കണമെന്ന് ബാനർജി ജനങ്ങളോട് അഭ്യർത്ഥിച്ചു.

“അവർക്ക് (ബിജെപി) സ്വന്തം ആളുകളെ കൊല്ലാനും അത് നമ്മുടെ മേൽ ആരോപിക്കാനും കലാപങ്ങൾ ആസൂത്രണം ചെയ്യാനും പദ്ധതിയുണ്ട്. അത്തരം വിവരം ലഭിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കുക,” ബിജെപിയുടെ പേര് നൽകാതെ അവർ പറഞ്ഞു.

Read More: കോണ്‍ഗ്രസിന് സീറ്റ് കുറച്ച് നല്‍കിയത് ബിജെപി ഭരണം അട്ടിമറിക്കാതിരിക്കാന്‍: കനിമൊഴി

“ബലമായി ഭൂമി ഏറ്റെടുക്കുന്നതിനെതിരായ പോരാട്ടത്തിൽ നന്ദിഗ്രാം ഒറ്റക്കെട്ടായി നിന്നു, അതിൽ എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള ആളുകൾ പങ്കെടുത്തു. ആരാധനാലയങ്ങളിൽ എന്തെങ്കിലും വലിച്ചെറിഞ്ഞ് സംഘർഷമുണ്ടാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക. നാമെല്ലാവരും ഐക്യത്തിലാണ്. കലാപകാരികളെ പരാജയപ്പെടുത്തുക,” അവർ പറഞ്ഞു.

നന്ദിഗ്രാമിന്റെ ഇടുങ്ങിയ ഇടവഴികളിലൂടെ സഞ്ചരിച്ച 3 കിലോമീറ്റർ റോഡ്ഷോയ്ക്ക് ടിഎംസി മേധാവി നേതൃത്വം നൽകി. റാലിയി ജനക്കൂട്ടം “ജയ് ഹിന്ദ്, ജയ് ബംഗ്ല, മമത ബാനർജി സിന്ദാബാദ്” എന്ന് മുദ്രാവാക്യം വിളിക്കുകയും “മിർ ജാഫർമാരെ (ഒറ്റിക്കൊടുക്കുന്നവരെ)” അപലപിക്കുകയും ചെയ്തു.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Police from bjp ruled states terrorising voters in nandigram mamata banerjee