തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പ്രചാരണ രംഗവും കൂടുതൽ സജീവമാവുകയാണ്. കോൺഗ്രസ് അധ്യക്ഷനും വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾ പൂർത്തിയാക്കി ഡൽഹിക്ക് മടങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ കേരളത്തിലെത്തി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിച്ചത്.
തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം പാർലമെന്റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികള്‍ യോഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്. മോദിയുടെ രണ്ടാം വരവും സംസ്ഥാനത്താകമാനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതൃത്വം.
Also Read: രണ്ടാം ഘട്ടം പോളിങ്ങില്‍ വിധിയെഴുതിയത് 95 മണ്ഡലങ്ങൾ
ദേശീയതയിലും വിശ്വാസ വിഷയങ്ങളിലും കേന്ദ്രീകരിച്ച് തന്നെയാണ് ബിജെപിയും ആർഎസ്എസും പ്രചാരണ രംഗത്ത് സജീവമാകുന്നത്. അവസാനഘട്ടത്തിൽ കൂടുതൽ ദേശീയ നേതാക്കളെ പ്രചാരണത്തിനെത്തിച്ച് കരുത്ത് കാട്ടാനുള്ള ശ്രമങ്ങളും സജീവമാണ്. കഴിഞ്ഞ ദിവസം തൃശൂരിൽ പ്രചാരണത്തിനെത്തിയ അമിത് ഷാ പത്തനംതിട്ടയിലും എത്തുമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം അവസാനിപ്പിച്ചു.
എല്ലാ ബിജെപി സ്ഥാനാർഥികൾക്കുമായി വോട്ട് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ബിജെപി സ്ഥാനാർഥികളെയും വിജയിപ്പിക്കണമെന്ന് മോദി സദസിനോട്
കരുത്തുള്ള സർക്കാരിനേ രാജ്യത്തെ 125 കോടി ജനങ്ങളെയും സംരക്ഷിക്കാൻ സാധിക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ കാവൽക്കാരൻ ശക്തനാണെന്നും മോദി
മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയുടെ നിഴലിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലാവലിൻ കേസ് പരാമർശിച്ചായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ മറ്റ് മന്ത്രിമാരും അഴിമതി നിറഞ്ഞവരാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിലെ പ്രളയം മനുഷ്യനിർമിതമാണെന്ന് പരോക്ഷമായി പരാമർശിച്ച് പ്രധാനമന്ത്രി. കെടുകാര്യസ്ഥത കാണിച്ച സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ല എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
2019 ലും തിരഞ്ഞെടുക്കപ്പെട്ടാൽ പാർലമെന്റിലും കോടതിയിലും വിശ്വാസവും ആചാരവും സംരക്ഷിക്കാൻ എന്ത് നിലപാടും ബിജെപി എടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസവും ആചാരവും സംരക്ഷിക്കപ്പെടണം. വിശ്വാസ പാരമ്പര്യത്തെ രാഷ്ട്രീയത്തിന്റെ പേരിൽ നശിപ്പിക്കാൻ അനുവദിക്കില്ല. ദെെവത്തിന്റെ പേര് പറഞ്ഞാൽ കേരളത്തിൽ അറസ്റ്റാണെന്നും മോദി പറഞ്ഞു.
കമ്യൂണിസ്റ്റുകൾക്ക് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്ല. എന്നാൽ, നമ്മുടെ വിശ്വാസത്തെ തകർക്കാൻ ആരെയും നാം അനുവദിക്കില്ല. വിശ്വാസം സംരക്ഷിക്കാൻ നാം ഒന്നിച്ച് നിൽക്കുമെന്നും മോദി
ദക്ഷിണേന്ത്യയ്ക്ക് വേണ്ടിയാണ് വയനാട്ടിൽ നിന്ന് മത്സരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറയുന്നു. എന്നാൽ, എന്തുകൊണ്ട് തിരുവനന്തപുരത്തും പത്തനംതിട്ടയിലും മത്സരിക്കാൻ തയ്യാറാകുന്നില്ല എന്ന് മോദി ചോദിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് പ്രീണന രാഷ്ട്രീയത്തിന് വേണ്ടിയാണെന്നും മോദി കുറ്റപ്പെടുത്തി.
കോൺഗ്രസ് പാർട്ടിക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും അവസരവാദ രാഷ്ട്രീയമെന്ന് മോദി കുറ്റപ്പെടുത്തി. രാഷ്ട്രീയ കൊലപാതകങ്ങൾ കേരള സംസ്കാരത്തിന്റെ ഭാഗമല്ലെന്നും മോദി.
കേരളത്തിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും വിശ്വാസം സംരക്ഷിക്കുന്നതിനായി എന്താണ് ചെയ്തതെന്ന് മോദി.
രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും എല്ലാവരെയും സംരക്ഷിക്കുന്ന കാവൽക്കാരനാണ് രാജ്യത്തിനുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
നമ്പി നാരായണനോട് കോൺഗ്രസ് ചെയ്തത് മറക്കാൻ കഴിയില്ലെന്ന് മോദി. നമ്പി നാരായണനെ കോൺഗ്രസ് അപമാനിച്ചെന്നും മോദി തിരുവനന്തപുരത്ത് പറഞ്ഞു.
കുമ്മനം രാജശേഖരൻ കേരളത്തിന് ഏറെ സുപരിചിതനായ നേതാവാണ്. അദ്ദേഹം എല്ലാ കർമമണ്ഡലങ്ങളിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തയാണ്. കുമ്മനം രാജശേഖരൻ അടക്കമുള്ള എല്ലാ ബിജെപി സ്ഥാനാർഥികളെയും വിജയിപ്പിക്കണമെന്ന് മോദി അപേക്ഷിച്ചു.
എല്ലാവരുടെയും പിന്തുണ രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി. ജനങ്ങളുടെ അനുഗ്രഹം തേടിയാണ് താനിപ്പോൾ ഇവിടെ എത്തിയിരിക്കുന്നതെന്നും മോദി
വിജയ് സങ്കൽപ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കാൻ ആരംഭിച്ചു. ശ്രീപദ്മനാഭ സന്നിധിയിൽ എന്ന അഭിസംബോധനയോടെയാണ് പ്രസംഗം ആരംഭിച്ചത്. മലയാളത്തിലായിരുന്നു അഭിസംബോധന.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തി.
വിജയ് സങ്കൽപ് റാലിയിൽ പങ്കെടുക്കാൻ ടി.പി.ശ്രീനിവാസനും എത്തി. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരന് ശ്രീനിവാസൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബിജെപി നേതാക്കൾക്കും എൻഡിഎക്കും ശ്രീനിവാസൻ നന്ദി രേഖപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ വന്ന പൊലീസുകാരന്റെ തോക്കിൽ നിന്ന് വെടി പൊട്ടിയത് അബദ്ധത്തിലാണെന്ന് പൊലീസ് വിശദീകരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്താനിരിക്കെ വേദിയിൽ വൻ സുരക്ഷാ വീഴ്ച. സുരക്ഷാ ക്രമീകരണങ്ങൾക്കായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് വെടിപൊട്ടി. കൊല്ലം എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. ഇയാളെ സ്റ്റേഡിയത്തിൽ നിന്ന് മാറ്റി. ഏതാനും മിനിറ്റുകൾക്കുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തും.
ബാങ്കുകളെ കൊള്ളയടിച്ച് ആര്‍ക്കും രക്ഷപ്പെടാന്‍ സാധിക്കാത്ത സാഹചര്യമാണ് മോദി ഭരണത്തിലുള്ളതെന്ന് സെന്‍കുമാര്‍. ബാങ്കുകളെ കൊള്ളയടിച്ച് കടന്നുകളയുന്നവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് മോദി സർക്കാർ നടത്തുന്നതെന്നും സെൻകുമാർ.
ഗുജറാത്തിൽ നിർമ്മിച്ച ഏക്താ പ്രതിമ (സ്റ്റാച്യൂ ഓഫ് യൂണിറ്റി) നെഹ്റുവിനെ ചെറുതാക്കി കാണിക്കാനല്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭായ് പട്ടേൽ തങ്ങളുടെ നേതാവാണ് എന്ന് അവകാശപ്പെടുന്ന പ്രതിപക്ഷ നേതാക്കളിലാരും ഏക്താ പ്രതിമ കാണാൻ ഒരിക്കൽ പോലും എത്തിയിട്ടില്ലെന്നും കുറ്റപ്പെടുത്തി.
വിജയ് സങ്കൽപ് റാലിയിൽ പങ്കെടുക്കാൻ ഇത് രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. നേരത്തെ കോഴിക്കോട് നടന്ന പരിപാടിയിലും മോദി പങ്കെടുത്തിരുന്നു.
വിജയ് സങ്കൽപ് റാലിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ കേരളത്തിലെത്തും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക. ഇതിനോടകം നിരവധി പേരാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത്.