PM Narendra Modi Top Statements in Kerala Lok Sabha Election 2019: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ബിജെപിയുടെ പ്രധാന പ്രചാരകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരുന്നു. കേരളത്തിലും ബിജെപിയ്ക്കായി പ്രചരണം നടത്താന്‍ മോദി എത്തിയിരുന്നു. കേരളത്തിലും സംസ്ഥാനത്തിന് പുറത്ത് നടന്ന റാലികളും മോദി കേരളത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. ശബരിമലയടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു മോദി കേരളത്തിലെ ഇടത് പക്ഷത്തിനെതിരേയും കോണ്‍ഗ്രസിനെതിരേയും പ്രചരണം നടത്തിയത്.

കേരളത്തില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ ശബരിമലയുടെ പേര് പറയാതെ സംസാരിച്ച മോദി സംസ്ഥാന അതിര്‍ത്തി കടന്നതോടെ ശബരിമലയുടെ പേരെടുത്ത് പറഞ്ഞ് പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരിനേയും കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും വിമര്‍ശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കേരളത്തെ കുറിച്ചുള്ള മോദിയുടെ ചില പ്രസ്താനവകളിലൂടെ കടന്നു പോകാം.

കേരളത്തില്‍ ബിജെപിക്കാര്‍ക്ക് പുറത്തിറങ്ങാനാകുന്നില്ല

വാരണസിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു മോദിയുടെ ഈ പ്രസ്താവന.കേരളത്തിലെ ബിജെപിക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജീവന്‍ പണയം വച്ചാണെന്നായിരുന്നു നരേന്ദ്ര മോദി വാരണാസിയില്‍ പ്രസംഗിച്ചത്. കേരളത്തില്‍ വോട്ട് തേടി പോകുന്ന പ്രവര്‍ത്തകര്‍ ജീവനോടെ തിരിച്ച് മടങ്ങുമെന്ന് ഉറപ്പില്ലെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. തന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് നടത്തിയ പ്രചാരണ പൊതുയോഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന.

കേരളത്തിലും ബംഗാളിലും സമാന അവസ്ഥയാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളെ ഇവിടങ്ങളിലെ പ്രവര്‍ത്തകര്‍ ഭയപ്പെടാതെയാണ് പ്രചരണം നടത്തിയതെന്നും മോദി പറഞ്ഞു. അതേസമയം വാരണാസസിയിലെ പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള വെല്ലുവിളികള്‍ ഒന്നും നേരിടുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Read More: പ്രധാനമന്ത്രിയെന്ന സ്ഥാനത്തിന് ചേരുന്നതല്ല കേരളത്തെ കുറിച്ചുള്ള പരാമർശം; മോദിക്ക് പിണറായിയുടെ മറുപടി

ദൈവത്തിന്റെ പേര് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റിലാകും

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനായി വോട്ട് ചോദിക്കാനെത്തിയപ്പോഴായിരുന്നു മോദിയുടെ ഈ പ്രസ്താവന. 2019 ലും തിരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ലമെന്റിലും കോടതിയിലും വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ എന്ത് നിലപാടും ബിജെപി എടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിശ്വാസവും ആചാരവും സംരക്ഷിക്കപ്പെടണം. വിശ്വാസ പാരമ്പര്യത്തെ രാഷ്ട്രീയത്തിന്റെ പേരില്‍ നശിപ്പിക്കാന്‍ അനുവദിക്കില്ല. ദൈവത്തിന്റെ പേര് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റാണെന്നും മോദി പറഞ്ഞു.

കേരളത്തിലെ പ്രളയം മനുഷ്യനിര്‍മിതമാണെന്ന് പരോക്ഷമായി പരാമര്‍ശിക്കുകയും ചെയ്തു പ്രധാനമന്ത്രി. കെടുകാര്യസ്ഥത കാണിച്ച സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല എന്നും നരേന്ദ്ര മോദി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിയുടെ നിഴലിലാണെന്നും അദ്ദേഹം പറഞ്ഞു. ലാവലിന്‍ കേസ് പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ മറ്റ് മന്ത്രിമാരും അഴിമതി നിറഞ്ഞവരാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Also Read: നരേന്ദ്ര മോദി അസത്യ പ്രചാരണം നടത്തുന്നു, ആർഎസ്എസ് പ്രചാരകനായി മാറരുത്: പിണറായി വിജയൻ

കേരളത്തില്‍ അയ്യപ്പന്റെ പേരു പോലും പറയാന്‍ പറ്റുന്നില്ല

കേരളത്തില്‍ സംസാരിക്കവെ ശബരിമലയെന്നോ അയ്യപ്പനെന്നോ നേരിട്ട് പരാമര്‍ശിക്കാതിരുന്ന മോദി അതിര്‍ത്തിക്ക് പുറത്ത് നടത്തിയ പ്രസംഗങ്ങളില്‍ ശബരിമലയേയും അയ്യപ്പനേയും എടുത്തു പറയുകയുണ്ടായി. കേരളത്തില്‍ അയ്യപ്പന്റെ പേര് പോലും മിണ്ടാന്‍ വയ്യാത്ത അവസ്ഥയാണെന്ന് നരേന്ദ്രമോദി മംഗലൂരുവിലെ റാലിക്കിടെ പറഞ്ഞു. ശബരിമലയുടെ പേര് പറയുന്നവരെ ജയിലിലിടുകയാണ്. ബി.ജെ.പിയുടെ ഒരു സ്ഥാനാര്‍ത്ഥിക്ക് ശബരിമലയുടെ പേരില്‍ സമരം ചെയ്തതിന് ജയിലില്‍ കിടക്കേണ്ടി വന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്നിടത്താണ് ഈ അവസ്ഥയെന്നും മോദി ആരോപിച്ചു.

തമിഴ് നാട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലും മോദി ശബരിമല വിഷയം ഉന്നയിച്ചിരുന്നു. ഇടതു-വലതുമുന്നണികള്‍ ചേര്‍ന്ന് വിശ്വാസങ്ങളെ തകര്‍ക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാനുള്ള അപകടകരമായ നീക്കമാണ് നടക്കുന്നത്. ബിജെപി അധികാരത്തിലുള്ളിടത്തോളം ഇത് നടക്കില്ലെന്നും മോദി പറഞ്ഞു.

Read More: ഭക്തരെ ആക്രമിച്ചതിനാണ് ബിജെപി സ്ഥാനാര്‍ത്ഥി ജയിലിലായത്: മുഖ്യമന്ത്രി

കേരളത്തില്‍ ശബരിമലയെന്ന് മിണ്ടാതെ മോദി

ശബരിമലയുടെ പേരുപറയാതെ ആചാരസംരക്ഷണത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ പാരമ്പര്യവും പൈതൃകവും തകര്‍ക്കാന്‍ ഇടതുവലതു മുന്നണികളെ അനുവദിക്കില്ലെന്നും ബിജെപി വിശ്വാസികള്‍ക്കൊപ്പമാണെന്നും നരേന്ദ്രമോദി കോഴിക്കോട്ടെ റാലിയില്‍ മോദി പറഞ്ഞു. ഭരണത്തിലിരുന്നപ്പോള്‍ ഭീകരവാദത്തിനെതിരെ മിണ്ടാതിരുന്നവര്‍ ഇപ്പോള്‍ സൈന്യത്തെ ചോദ്യം ചെയ്യുകയാണെന്നും മോദി കുറ്റപ്പെടുത്തുകയുണ്ടായി.

വിശ്വാസം സംരക്ഷിയ്ക്കാന്‍ ബിജെപിയുണ്ടാകും കേരളത്തിന്റെ ആചാരവൈവിധ്യത്തെ കുറിച്ച് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും, കേരളത്തിന്റെ പാരമ്പര്യവും പൈതൃകവും തകര്‍ക്കാനാണ് ദേശവിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നത്. അത് ബിജെപി അനുവദിക്കില്ലെന്നും മോദി പറഞ്ഞു. ഇടതുവലതുമുന്നണികളെ രൂക്ഷമായി വിമര്‍ശിച്ച മോദി കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്നും കോഴിക്കോട്ട് പറഞ്ഞു. എന്നാല്‍ പ്രസംഗത്തിലൊരിടത്തും ശബരിമലയുടെ പേരെടുത്തുപറയാന്‍ അദേഹം തയ്യാറായിരുന്നില്ല.

കമ്യൂണിസ്റ്റുകാര്‍ സംസ്‌കാരത്തെ മാനിക്കാത്തവര്‍

കമ്മ്യൂണിസ്റ്റുകാര്‍ സംസ്‌കാരത്തെ മാനിക്കാത്തവര്‍ എന്നതാണ് കേരളത്തെ കുറിച്ച് മോദിയുടെ മറ്റൊരു വിവാദ പരാമര്‍ശം.കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു ശബരിമല സുപ്രീംകോടതി വിധി പറയാതെ, ശബരിമല ലാക്കാക്കിയുളള മോദിയുടെ പ്രസംഗം. തിരഞ്ഞെടുപ്പ് റാലിക്കായി എത്തിയതല്ലായിരുന്നു മോദി.

ശബരിമല വിഷയത്തില്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ച നിലപാട് ലജ്ജാകരമാണ്. ഇതിനെ ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തും. ചരിത്രം, സംസ്‌കാരം, ആധ്യാത്മിക പാരമ്പര്യം തുടങ്ങിയവയെ മാനിക്കുന്നവരല്ല കമ്യൂണിസ്റ്റുകാര്‍. എങ്കിലും ശബരിമല വിഷയത്തില്‍ ഇത്രയും അറപ്പും വെറുപ്പുമുള്ള നിലപാട് സ്വീകരിക്കുമെന്ന് കരുതിയില്ല. ബിജെപിക്ക് ഒറ്റ നിലപാടേയുള്ളൂ. കേരളത്തിന്റെ ആധ്യാത്മിക സംസ്‌കാരത്തിനും പാരമ്പര്യത്തിനും ഒപ്പം നില്‍ക്കുന്നത് ബിജെപി മാത്രമാണെന്നും മോദി കൊല്ലത്ത് പറയുകയുണ്ടായി.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.