ലക്‌നൗ: എസ്‌പി-ബിഎസ്‌പി സഖ്യത്തിന് ജാതീയത ഉണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം അപഹാസ്യമാണെന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി. തിരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പിച്ചത് കൊണ്ടാണ് ബിജെപി ഇത്തരത്തിലുളള ഭാഷ പ്രയോഗിക്കുന്നതെന്നും മുന്‍ യുപി മുഖ്യമന്ത്രി പറഞ്ഞു. ബിജെപി ഇനിയും അധികാരത്തില്‍ വരില്ലെന്നും വീണ്ടും പ്രധാനമന്ത്രി ആകാമെന്ന മോദിയുടെ മോഹം നടക്കില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
‘ജനനം കൊണ്ട് പിന്നോക്ക ജാതിക്കാരനല്ല മോദി. ജാതീയതയുടെ ബുദ്ധിമുട്ടുകള്‍ അദ്ദേഹം അനുഭവിച്ചിട്ടും ഇല്ല. ഞങ്ങളുടെ സഖ്യം ജാതീയത നിറഞ്ഞതാണെന്ന് പറയുന്ന മോദിയുടെ പരാമര്‍ശം അപക്വവും അപഹാസ്യവുമാണ്,’ മായാവതി ട്വീറ്റ് ചെയ്തു. എസ്പി-ബിഎസ്‌പി സഖ്യം രാഷ്ട്രീയ നേട്ടത്തിനായി ജാതീയത ആയുധമാക്കുന്നുവെന്ന നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെയാണ് മായാവതിയുടെ പ്രസ്താവന.
‘ഉത്തർപ്രദേശിൽ മോദിക്ക് എസ്‌പി-ബിഎസ്‌പി സഖ്യത്തിനെതിരെ ഒന്നും ചെയ്യാനാകില്ല. അതുകൊണ്ടാണ് ജാതീയ അധിക്ഷേപങ്ങൾ നടത്തി പരിഹാസ്യനാകുന്നത്. ജാതീയമായി വേർതിരിവുകൾ അനുഭവിക്കുന്ന ഞങ്ങൾ എങ്ങനെയാണ് ജാതിവിരുദ്ധത പ്രചരിപ്പിക്കുക,’ മായാവതി പറഞ്ഞു.
‘ആർഎസ്എസ് കല്യാൺ സിങ്ങിനോട് എന്താണ് ചെയ്തതെന്ന് എല്ലാവർക്കുമറിയാം. നരേന്ദ്ര മോദി താഴ്ന്ന ജാതിക്കാരനാണെങ്കിൽ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാൻ ആർഎസ്എസ് അനുവദിക്കുമായിരുന്നോയെന്നും മായാവതി ചോദിച്ചു.
‘ഞങ്ങളുടെ സഖ്യത്തിനെതിരെ ആരോപണം ഉന്നയിക്കുന്നതിന് പകരം മോദി ഗുജറാത്തിലേക്ക് നോക്കണം. അവിടെ ദലിതര്‍ക്ക് മാന്യമായ ജീവിതം നയിക്കാനാവുന്നില്ലെന്നാണ് എനിക്ക് അറിയാന്‍ കഴിയുന്നത്. ദലിതന്റെ വിവാഹത്തിന് അയാള്‍ക്ക് ഒരു കുതിര പുറത്ത് കയറി യാത്ര ചെയ്യാൻ പോലും അനുവദിക്കുന്നില്ല. ഗുജറാത്തിലെ ദലിതര്‍ ആക്രമങ്ങള്‍ക്ക് ഇരയാവുകയാണ്,’ മായാവതി പറഞ്ഞു.