കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുന്നത് വടക്കെ ഇന്ത്യയിൽ നിന്നും ദക്ഷിണ ഇന്ത്യയിൽ നിന്നും ജയിക്കാമെന്ന ആത്മിവിശ്വാസം ഉള്ളത്കൊണ്ടാണെന്ന് ശശി തരൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കേരളത്തിൽ നിന്നോ തമിഴ് നാട്ടിൽ നിന്നോ മത്സരിക്കാൻ ധൈര്യമുണ്ടോയെന്നും ശശി തരൂർ ചോദിച്ചു.
രാഹുൽ ഗാന്ധി കേരളത്തിലെ വയനാട്ടിൽ മത്സരിക്കുന്നത് ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറെ ഗുണം ചെയ്യും. അടുത്ത പ്രധാനമന്ത്രി ഇവിടെ നിന്നാണ് എന്ന ആകാംക്ഷ സൃഷ്ടിക്കുമെന്നും തരൂർ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വത്തെ പരിഹസിച്ച മോദിയുടെ പരാമർശത്തെയും തരൂർ വിമർശിച്ചു. ഭൂരിപക്ഷ മേഖലയിൽ നിന്ന് രാഹുൽ ഒളിച്ചോടുകയാണെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. ബിജെപി ഇപ്പോഴും മതഭ്രാന്ത് വിൽക്കുകയാണെന്ന് തരൂർ തിരിച്ചടിച്ചു. പ്രധാനമന്ത്രി നരേന്ദ മോദി തന്നെ ഇത്തരത്തിൽ പറയുന്നത് ഞെട്ടിപ്പിക്കുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു.