തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ജോസ് കെ.മാണിയുടെ കേരള കോൺഗ്രസ് (എം) തകരുമെന്ന് പി.ജെ.ജോസഫ്. ജയിക്കുമെന്ന് ഉറപ്പുള്ള ഒരു സീറ്റും ജോസ് പക്ഷത്തിനില്ല. പാലാ ഉപതിരഞ്ഞെടുപ്പിൽ കെ.എം.മാണിയുടെ മകളെ മത്സരിപ്പിക്കാതിരുന്നത് ജോസ് കെ.മാണിയാണെന്നും ജോസഫ് ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ജോസഫിന്റെ പ്രതികരണം.
ബിജെപിയുമായി താനൊരിക്കലും ചർച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞ ജോസഫ് ബിജെപിയിലേക്ക് പോകാൻ ശ്രമിച്ചത് ജോസ് കെ.മാണിയാണെന്നും അഭിപ്രായപ്പെട്ടു. ലതിക ഏറ്റമാനൂർ സീറ്റ് ചോദിച്ചത് ന്യായമല്ലെന്നും പി.ജെ.ജോസഫ് പറഞ്ഞു. ഏറ്റുമാനൂരിന് പകരം മൂവാറ്റുപുഴയെന്ന ചർച്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഏറ്റവും കുറഞ്ഞത് 80 സീറ്റെങ്കിലും കിട്ടുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും ജോസഫ് പറഞ്ഞു. ഇടുക്കിയില്‍ കഴിഞ്ഞ തവണ യുഡിഎഫിന് രണ്ട് സീറ്റാണ് ലഭിച്ചത്. ഇത്തവണ തൊടുപുഴയും ഇടുക്കിയും ഉറപ്പായും ജയിക്കും. പീരുമേടും ദേവികുളവും ഒരു സംശയവുമില്ല. പത്തനംതിട്ടയില്‍ കഴിഞ്ഞ തവണ ഒരു സീറ്റും ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ തിരുവല്ലയും റാന്നിയും ഉറപ്പാണ്. ആലപ്പുഴയില്‍ മൂന്ന് സീറ്റും വയനാട്ടില്‍ രണ്ട് സീറ്റും കൂടുതല്‍ കിട്ടും. തീരപ്രദേശത്ത് നിന്ന് നാലഞ്ച് സീറ്റുകളെങ്കിലും അധികമായി കിട്ടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഏതാനും ദിവസം മുൻപ് രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച നടപടി ചോദ്യം ചെയ്ത് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. തിരഞ്ഞടുപ്പ് കമ്മീഷന്‍ രേഖകള്‍ പരിശോധിച്ചില്ലെന്ന ജോസഫ് വിഭാഗത്തിന്റെ വാദം സുപ്രീം കോടതി പരിഗണിച്ചില്ല.
പാര്‍ട്ടി പിളര്‍ന്നതിന് ശേഷം കേരള കോണ്‍ഗ്രസ് എമ്മിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച് കിട്ടുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ ചോദ്യം ചെയ്ത് പി.ജെ.ജോസഫ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോട് യോജിക്കുകയാണ് ചെയ്തത്. ചെണ്ട ചിഹ്നത്തിലാണ് ജോസഫ് വിഭാഗം ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്.