scorecardresearch
Latest News

Kerala Lok Sabha Election 2019 Results: അടിതെറ്റിയത് പിണറായിക്കോ?; വിറങ്ങലിച്ച് ഇടതുകോട്ടകള്‍

2019 Lok Sabha Election Results in Kerala Today: ശബരിമല വിഷയം ഇടതുപക്ഷത്തിന് വലിയ തിരിച്ചടി നല്‍കുമെന്ന് രാഷ്ട്രീയ നിരീക്ഷകരടക്കം വിലയിരുത്തിയപ്പോഴും പിണറായി വിജയന്‍ വലിയ ശുഭാപ്തി വിശ്വാസത്തിലായിരുന്നു

Election 2019 Results Kerala, Kerala Election Results Today
Pinarayi Vijayan

Lok Sabha Election Result in Kerala 2019: കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നേറ്റ കനത്ത പരാജയം എന്തുകൊണ്ടാണെന്ന് സിപിഎം വിലയിരുത്തുമെന്നാണ് നേതാക്കള്‍ പ്രതികരിക്കുന്നത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന് ഇതൊരു അഗ്നിപരീക്ഷയായിരുന്നു. കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത വിധം ധ്രുവീകരണത്തിന് പാത്രമായപ്പോള്‍ പിണറായി വിജയനും ഇടതുപക്ഷവും ഒരൊറ്റ നിലപാടിലായിരുന്നു. ശബരിമല വിഷയം ഇടതുപക്ഷത്തിന് വലിയ തിരിച്ചടി നല്‍കുമെന്ന് രാഷ്ട്രീയ നിരീക്ഷകരടക്കം വിലയിരുത്തിയപ്പോഴും പിണറായി വിജയന്‍ വലിയ ശുഭാപ്തി വിശ്വാസത്തിലായിരുന്നു.

Read More: രമ്യ ഹരിദാസ് ‘പാട്ടും പാടി’ വിജയത്തിലേക്ക്: ആലത്തൂരില്‍ ലീഡ് അരലക്ഷം കടന്നു

ശബരിമല വിഷയത്തില്‍ സര്‍ക്കാരെടുത്ത നിലപാട് വിശദീകരിക്കുകയും സംഘപരിവാറിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുകയും ചെയ്തായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പിണറായി വിജയന്‍ കളം നിറഞ്ഞത്. ഇടതുപക്ഷത്തിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവും കൂടുതല്‍ സജീവമായി പ്രവര്‍ത്തിച്ചതും മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടായപ്പോഴും പിണറായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുകയും രാഷ്ട്രീയം സംസാരിക്കുകയും ചെയ്തു. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നപ്പോള്‍ പിണറായി വിജയന് അത് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

Read More: ‘കടക്ക് പുറത്തെന്ന്’ ധര്‍മ്മടവും: മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ഇടതിന് തിരിച്ചടി

മുഖ്യമന്ത്രി സ്ഥാനത്തിന് പോലും ഈ ഫലങ്ങള്‍ വെല്ലുവിളിയാകുമെന്നും വിലയിരുത്തലുകളുണ്ട്. സംസ്ഥാനത്ത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്നും അത് കോണ്‍ഗ്രസിന് അനുകൂലമായി എന്ന തരത്തിലുമുള്ള ഫലങ്ങളാണ് പുറത്തുവരുന്നത്. ഇടതുപക്ഷത്തിന് ഏറ്റവും ഉറപ്പുണ്ടായിരുന്ന ആറ്റിങ്ങൽ, പാലക്കാട്, കാസർകോട് സീറ്റുകളിൽ പോലും വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ ഇത്രയും ശക്തമായ ജനവികാരം ഉണ്ടായത് എങ്ങനെയാണെന്ന് വരും ദിവസങ്ങളിൽ എൽഡിഎഫ് വിലയിരുത്തിയേക്കും.

Read More: ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍? വീണ്ടും മോദി ഭരണം

തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം വർഗീയതയ്ക്കെതിരെയുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പ് എന്നാണ് പിണറായി അവകാശപ്പെട്ടിരുന്നത്. മാത്രമല്ല, നിലപാടിലുറച്ച് നിൽക്കുമെന്നും ലഭിക്കുന്ന വോട്ടുകളല്ല വിഷയമെന്നും പിണറായി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ടായിരുന്നു പിണറായി ഇങ്ങനെയൊരു പരമാർശം നടത്തിയത്: “ആധുനിക കേരളത്തെ നമുക്ക് ബലി കൊടുക്കാനാകില്ല.  ഇക്കാര്യത്തിൽ എത്ര വോട്ട് കിട്ടുമെന്നുള്ളതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നുള്ളതോ, എത്ര സീറ്റ് ലഭിക്കുമെന്നുള്ളതോ എത്ര സീറ്റ് നഷ്ടപ്പെടുമെന്നുള്ളതോ നമ്മുടെ പരിഗണനയിൽ വരുന്ന കാര്യങ്ങളല്ല”- എന്നാണ് പിണറായി പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതേ നിലപാട് ആവർത്തിച്ചു.

വലിയ പരാജയത്തിലേക്ക് ഇടതുപക്ഷം നീങ്ങുമ്പോൾ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരും ഇടത് മുന്നണിയും ആശങ്കയിലാണ്. അതിലേറെ പിണറായി വിജയൻ തന്നെ പ്രതിരോധത്തിലായിരിക്കുകയാണ്.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Pinarayi vijayan under pressure kerala lok sabha election result