Kerala CM Pinarayi Vijayan Statements in Lok Sabha Election 2019: കൊച്ചി: രാജ്യത്ത് 542 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നെങ്കിലും കേരളത്തിലെ 20 എന്ന ചുരുങ്ങിയ സീറ്റ് നമ്പർ വലിയ രീതിയിലാണ് രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പല തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തി. എന്തിനേറെ പറയുന്നു ഉത്തർപ്രദേശിലും തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമ്പോൾ കേരളത്തെ പരാമർശിച്ച് മോദി പ്രസംഗിക്കുകയും ചെയ്തിരുന്നു. അത്രത്തോളം പ്രധാനപ്പെട്ട വിഷമായിരുന്നു ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളും.

മോദി നടത്തിയ പരാമർശങ്ങൾക്കെല്ലാം മണിക്കൂറുകൾക്കകം മറുപടി നൽകി രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിപ്പിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ഒരു മാസത്തിലേറെയുള്ള പ്രചാരണ കാലഘട്ടത്തിൽ പ്രധാനമന്ത്രിക്കെതിരെയും ബിജെപിക്കെതിരെയുമാണ് പിണറായി വിജയൻ ഏറ്റവും കൂടുതൽ വിമർശനങ്ങളുന്നയിച്ചത്. കേരളത്തിൽ എൽഡിഎഫിന് മുഖ്യ എതിരാളി യുഡിഎഫ് ആണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പിണറായി കടന്നാക്രമിച്ചത് മുഴുവൻ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുമാണ്.
മോദിയെ കടന്നാക്രമിച്ച പിണറായി
ശബരിമല വിഷയത്തിലൂന്നി പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾക്കെല്ലാം ഉരുളക്കുപ്പേരി എന്നവണ്ണം പിണറായി വിജയൻ മറുപടി നൽകിയിരുന്നു. ആർഎസ്എസ് പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാറരുതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ദൈവനാമം പറയുന്നവർക്കെതിരെ കേസ് എടുക്കുന്നുവെന്ന് അസത്യ പ്രചാരണം നടത്തുന്നു. മോദിയുടെ പരാമർശങ്ങൾ പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കുന്നതല്ലെന്നും മോദിയെ വിമർശിച്ച് പിണറായി പറഞ്ഞിരുന്നു. ദൈവനാമം പറഞ്ഞതിന്റെ പേരിൽ കേരളത്തിൽ ആർക്കെതിരെയെങ്കിലും കേസെടുത്തിട്ടുണ്ടോ? വസ്തുത മനസിലാക്കാതെ പ്രധാനമന്ത്രി സംസാരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: കേരളത്തിന്റെ വികസനത്തിന് ഒന്നും ചെയ്യാത്ത സംഘടനയാണ് സംഘപരിവാർ: പിണറായി വിജയൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നടത്തിയ പ്രസംഗത്തിനും പിണറായി മറുപടി നൽകി. പ്രധാനമന്ത്രി വ്യാജപ്രചാരണത്തിലൂടെ കേരളത്തെ അവഹേളിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തിന് ചേര്‍ന്നതല്ല കേരളത്തെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശമെന്ന് പിണറായി വിജയന് പറഞ്ഞു. സംഘപരിവാറില്‍പ്പെട്ട അക്രമികള്‍ക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണാണ്ടായിരിക്കാം. എന്നാൽ, കേരളത്തിൽ അത് നടക്കില്ല. സംഘപരിവാറിന് കേരളത്തില്‍ മാത്രമായി പ്രത്യേക നിയമമില്ലെന്നും മുഖ്യമന്ത്രി മറുപടി നല്കി.
”ബിജെപിക്ക് ഭരണമുളള സംസ്ഥാനങ്ങളിൽ സംഘപരിവാറുകാർക്ക് എന്തും ചെയ്യാം. അവിടെ അവർ നിയമത്തിന് അതീതരാണ്. കാരണം അവരെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നത്. കേരളത്തിൽ അത് നടക്കുമെന്ന് എങ്ങനെയാണ് മോദി പ്രതീക്ഷിച്ചത്. കേരളത്തിൽ നിയമത്തിന് ഉയരെ പറക്കാൻ ആരെയും അനുവദിക്കില്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും. അതാണ് കേരളത്തിന്റെ പ്രത്യേകത,” മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ സംസ്ഥാനങ്ങളിൽ സംഘപരിവാറുകാർക്ക് കിട്ടുന്ന പരിരക്ഷ കേരളത്തിൽ കിട്ടാത്തതിൽ മോദിക്ക് പരിഭവം തോന്നിയിട്ട് കാര്യമില്ലെന്നും പിണറായി വിമർശനമുന്നയിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നടപ്പിലാക്കാൻ നോക്കുന്നത് ആർഎസ്എസ് അജണ്ടയാണെന്ന് പിണറായി തിരഞ്ഞെടുപ്പ് വേദികളിൽ കുറ്റപ്പെടുത്തി. ഒരിക്കൽ കൂടി ബിജെപി അധികാരത്തിലെത്തിയാൽ പിന്നീട് രാജ്യത്ത് തിരഞ്ഞെടുപ്പുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്ത് ജനങ്ങൾ അനുഭവിക്കുന്ന ദുരിതം മോദിയുടെ ഭരണം കൊണ്ടുണ്ടായതാണെന്ന് പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്.
“അയ്യപ്പന് എന്ന പേര് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റാണെന്നാണ് പറഞ്ഞത്. ഇങ്ങനെ പച്ചക്കളളം ഒരു പ്രധാനമന്ത്രി പറയാമോ. മോദിയുടെ അനുഗ്രഹം വാങ്ങി വന്നവരാണ് ശബരിമലയില്‍ അക്രമം നടത്തിയത്. അത്തരക്കാര്‍ മറ്റ് സംസ്ഥാനങ്ങളില്‍ തടങ്കലില്‍ കഴിയാതെ വന്നേക്കാം. പക്ഷെ അത് കേരളത്തില്‍ നടക്കില്ല,” – പിണറായി വിജയൻ
അമിത് ഷായ്ക്ക് ചുട്ടമറുപടി
പാകിസ്ഥാനുമായി വയനാടിനെ താരതമ്യപ്പെടുത്തി ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്തിയ വർഗീയ പരാമർശത്തിനെതിരെ ഏറ്റവും രൂക്ഷ ഭാഷയിൽ മറുപടി നൽകിയത് പിണറായി വിജയനാണ്. കോൺഗ്രസ് നേതാക്കൾ പോലും വിമർശനത്തിൽ സംയമനം പാലിച്ചപ്പോൾ പിണറായി അമിത് ഷായെ കടന്നാക്രമിക്കുകയായിരുന്നു. പാകിസ്ഥാനുമായി താരതമ്യം ചെയ്ത് വയനാട്ടിനെ അമിത് ഷാ അപമാനിച്ചെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. വര്‍ഗ്ഗീയ വിഷം തുപ്പുന്ന പ്രചരണമാണ് അമിത് ഷാ നടത്തിയത്. ‘വയനാടിന്റെ ചരിത്രം അമിത് ഷായ്ക്ക് അറിയില്ല. സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്താലെ ചരിത്രം മനസ്സിലാകു,’ മുഖ്യമന്ത്രി പറഞ്ഞു. കൽപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർഥി പി.പി. സുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More: ‘രാഷ്ട്രീയത്തില്‍ നെറി വേണം’; പരനാറി പ്രയോഗത്തില്‍ ഉറച്ചുനിന്ന് പിണറായി വിജയന്
രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വവും കോൺഗ്രസിനുള്ള മറുപടിയും
കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് യുഡിഎഫ് സ്ഥാനാർഥിയാകുന്നതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ നടത്തിയ വിമർശനങ്ങളും പരാമർശങ്ങളും ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. ഇടത് നേതാക്കളും സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയും രാഹുൽ ഗാന്ധിയെ വയനാട് സ്ഥാനാർഥിത്വവുമായി ബന്ധപ്പെടുത്തി വ്യക്തിപരമായി പോലും ആക്ഷേപിച്ചപ്പോൾ പിണറായി വിജയൻ നടത്തിയ വിമർശനങ്ങൾ വ്യക്തതയുള്ളതായിരുന്നു. ഒരിക്കൽ പോലും രാഹുൽ ഗാന്ധിയെ പിണറായി വിജയൻ വ്യക്തിപരമായി അധിക്ഷേപിച്ചില്ല. രാഹുൽ ഗാന്ധിയെ 20 സ്ഥാനാർഥികളിൽ ഒരാളായി മാത്രമാണ് കാണുന്നതെന്നാണ് പിണറായി പറഞ്ഞത്. എന്നാൽ, രാഹുലിന്റെ സ്ഥാനാർഥിത്വം കൊണ്ട് കോൺഗ്രസ് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് പിണറായി ചോദിച്ചിരുന്നു.
Read More Lok Sabha Election News
ഇടതുപക്ഷമാണ് കേരളത്തിലെ പ്രധാന ശക്തി. രാഹുല്‍ കേരളത്തില്‍ വരുന്നത് ബിജെപിയോട് മത്സരിക്കാനല്ല മറിച്ച് ഇടതുപക്ഷത്തോട് മത്സരിക്കാനാണ്. കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ് കേരളത്തില്‍ വന്ന് ഇടതുപക്ഷത്തോട് മത്സരിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ അത് നല്കുന്ന സന്ദേശമെന്താണ്. ബിജെപിയെയല്ല ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശമാണ് ദേശീയ രാഷ്ട്രീയത്തിന് ഇത് നല്‍കുക. അത് നിലവിലെ ദേശീയ രാഷ്ട്രീയത്തിന്റെ സത്തയ്ക്ക് ചേരുന്നതാണോ എന്ന് കോണ്‍ഗ്രസ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുപിഎ സർക്കാരിനെയും തിരഞ്ഞെടുപ്പ് വേദികളിൽ പിണറായി വിമർശിച്ചു. യുപിഎ സർക്കാർ അവരുടെ ഭരണകാലത്ത് നടപ്പിലാക്കിയ കാര്യങ്ങളാണ് മോദി കൂടുതൽ തീവ്രമായി നടപ്പിലാക്കുന്നത് എന്നായിരുന്നു പിണറായി ഇതേകുറിച്ച് പറഞ്ഞത്. “2009 മുതല്‍ 2014 വരെയുള്ള രണ്ടാം യുപിഎ സര്‍ക്കാരില്‍ നിന്ന് മോചനം പ്രതീക്ഷിച്ചാണ് ജനം ബിജെപി ഗവണ്മെന്റിനെ അധികാരത്തിലേറ്റിയത്. എന്നാല്‍, കടുത്ത നടപടിയായിരുന്നു ജനങ്ങള്‍ക്ക് നേരിടേണ്ടി വന്നത്. കോണ്‍ഗ്രസിന്റെ നയം കൂടുതല്‍ വീറോടെ തുടരുകയായിരുന്നു ബിജെപി സര്‍ക്കാര്‍ ചെയ്തത്,” – പിണറായി പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. ബദല്‍ നയത്തോടെയുള്ള സര്‍ക്കാരാണ് കേന്ദ്രത്തില്‍ ഭരിക്കേണ്ടത്. വര്‍ഗീയതയുമായി സമരസപ്പെട്ടു പോകാനാണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളതെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി.
Read More: നരേന്ദ്ര മോദി അസത്യ പ്രചാരണം നടത്തുന്നു, ആർഎസ്എസ് പ്രചാരകനായി മാറരുത്: പിണറായി വിജയൻ
യുഡിഎഫ് സർക്കാരിനെതിരെ പിണറായി
ഉമ്മൻചാണ്ടി സർക്കാരിനെതിരെയും പിണറായി വിമർശനമുന്നയിച്ചിരുന്നു. യുഡിഎഫ് ഭരിക്കുമ്പോള്‍ ടിവി ഓണ്‍ ചെയ്യാന്‍ പോലും വീട്ടിലുള്ളവര്‍ക്ക് പേടിയാണ്. കാരണം അതില്‍ നിന്ന് വരിക മഹാവൃത്തികേടും ജീര്‍ണതയുമാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കേള്‍ക്കാനും കാണാനും കഴിയുന്ന കാര്യങ്ങളല്ലായിരുന്നു ടിവിയില്‍ വന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ അങ്ങനെയല്ല. അത് രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി കല്‍പ്പറ്റയില്‍ പറഞ്ഞു.
ശബരിമലയിൽ ഒരൊറ്റ നിലപാട്
വര്‍ഗീയതയും നവോത്ഥാനവും ബന്ധപ്പെടുത്തി ശബരിമല വിഷയത്തെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. നാല് സീറ്റിനും ഏതാനും വോട്ടുകള്‍ക്കും വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കാന്‍ നടക്കരുത്. അത്തരമൊരു കാര്യം നമ്മുടെയെല്ലാം മനസില്‍ ഉണ്ടാകണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. താൽക്കാലിക താൽപര്യങ്ങൾക്കായി ജനാധിപത്യ മൂല്യങ്ങളെ തകർക്കാൻ ആർഎസ്എസ് ശ്രമിച്ചു. ഇത് വൻ ആപത്തുണ്ടാക്കും. കേരളത്തിൽ ആർഎസ്എസ് മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമം നടത്തിയെന്നും പിണറായി ശബരിമല വിഷയം മുൻനിർത്തി ആരോപിച്ചിരുന്നു.
Read More: ബിജെപിയെ തോൽപ്പിക്കാൻ ഉതകുന്ന സമീപനമല്ല കോണ്‍ഗ്രസിനെന്ന് പിണറായി വിജയന്
‘പരനാറി’ പ്രയോഗത്തിൽ ഉറച്ച് പിണറായി
2014 ൽ എൻ.കെ.പ്രേമചന്ദ്രനെതിരെ നടത്തിയ പരനാറി പരാമർശത്തെ കുറിച്ച് തിരഞ്ഞെടുപ്പ് വേളയിൽ പിണറായി ആവർത്തിച്ചു. “അയാള്‍ എന്ത് നിലപാടാണ് സ്വീകരിച്ചത്. നാളെ എന്ത് നാലപാടാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം. ഞങ്ങളോട് കാണിച്ച രീതിയില്ലേ അതിനേക്കാള്‍ കടുത്ത രീതി ഇപ്പോള്‍ നില്ക്കുന്ന യുഡിഎഫിനോട് പ്രേമചന്ദ്രന് കാണിക്കില്ലെന്ന് ആര്‍ക്കറിയാം” എന്ന് പിണറായി വിജയന് ചോദിച്ചു. രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കേരളം വിധിയെഴുതുമ്പോള്‍ സംസ്ഥാനത്ത് മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു മണ്ഡലത്തിലും മൂന്നാം സ്ഥാനത്തല്ലാതെ ബിജെപിക്ക് എത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.