കാസർഗോഡ്: സംസ്ഥാന രാഷ്ട്രീയത്തെ മാറ്റിമറിയ്ക്കുന്ന തരത്തിൽ അഞ്ച് ദിവസത്തിനുള്ളിൽ വലിയ ബോംബ് വരുമെന്ന് പ്രചാരണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നാട് ഏത് ബോംബിനെയും നേരിടാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർഗോഡ് പെരിയയിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.
“വരും ദിവസങ്ങളിൽ വലിയ ബോംബ് വരുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. അതിന്റെ പൊരുൾ എന്താണെന്ന് എല്ലാവർക്കും അറിയാം. ഒരു നുണയും യാഥാർത്ഥ്യത്തിന് മുന്നിൽ നിലനിൽക്കില്ല. അത് മനസിൽ കരുതിയാൽ മതി. നുണയുടെ ആയുസ് യഥാര്‍ത്ഥ വസ്തുതകള്‍ എത്തുന്നത് വരെയാണ്. അവസാനം ചിലത് പറഞ്ഞാല്‍, പിന്നെ അതിന് മറുപടി പറയാന്‍ പറ്റില്ലല്ലോയെന്ന് കണ്ടാണ് ചിലത് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.
Read More: ‘നേമത്തും ജയിക്കില്ല’; ഇത്തവണ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പിണറായി
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ നുണ പ്രചരിപ്പിച്ചാൽ മറുപടി പറയാനാകില്ലെന്നാണ് ചിലർ കരുതുന്നത്. ഏത് ബോംബ് വന്നാലും നേരിടാൻ നാട് തയ്യാറാണെന്ന് പിണറായി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്ന് പിണറായി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെല്ലാം വലിയ ആവേശമാണ് കാണുന്നത്. എൽഡിഎഫിന് അനുകൂലമായ ജനവികാരം എല്ലാ ജില്ലകളിലുമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ഉജ്ജ്വല വിജയം എൽഡിഎഫ് ഇത്തവണ സ്വന്തമാക്കും. ഇടതുഭരണം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.
Read More: ‘കേരളത്തിൽ ലക്ഷക്കണക്കിന് ഇരട്ടവോട്ടുകൾ;’ വിശദ വിവരങ്ങളുമായി ‘ഓപ്പറേഷൻ ട്വിൻസ്’ (Operation Twins)
ആർഎസ്എസിന്റെയും ബിജെപിയുടെയും നയങ്ങൾക്കൊപ്പം കോൺഗ്രസ് നിൽക്കുകയാണ്. ബിജെപിക്കൊപ്പം ചേർന്ന് എൽഡിഎഫിനെ ആക്രമിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രാഷ്ട്രീയ വിരോധം കൊണ്ട് പ്രതിപക്ഷത്തിനു അന്ധത ബാധിച്ചെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.