തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന് തുടർഭരണം ലഭിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികൾക്കിടയിലും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചതിനാലാണ് തുടർഭരണം പ്രതീക്ഷിക്കുന്നതെന്നും പിണറായി പറഞ്ഞു. പ്രമുഖ മാധ്യമമായ ‘ദ വീക്കി’ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തക സിത്താര പോളാണ് അഭിമുഖം തയ്യാറാക്കിയത്.
“ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റിയതിനാൽ ഞങ്ങൾക്ക് നല്ല ആത്മവിശ്വാസമുണ്ട്. പ്രളയം, കോവിഡ് പോലുള്ള മഹാമാരികളൊന്നും വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനു തിരിച്ചടിയായില്ല. കേരളത്തിൽ ആരും പട്ടിണി കിടക്കരുതെന്ന് ഞങ്ങൾ ഉറപ്പുവരുത്തി. ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. അതിനു കൂടുതൽ പ്രാധാന്യം നൽകി. ജനങ്ങൾ ഞങ്ങൾക്കൊപ്പം നിന്നു, അവർ ഞങ്ങളിൽ ആശ്രയിച്ചു (തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി). വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, മതേതരത്വം തുടങ്ങിയവ എൽഡിഎഫിന്റെ ഉറപ്പാണെന്ന് ജനങ്ങൾക്ക് അറിയാം,”പിണറായി പറഞ്ഞു.
രാഷ്ട്രീയ, വ്യക്തി താൽപര്യങ്ങൾക്ക് അതീതമായി സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വികസനം എത്തിയിട്ടുണ്ടെന്ന് പിണറായി അവകാശപ്പെട്ടു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കുന്നതെന്ന് പിണറായി പറഞ്ഞു. സർക്കാരിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജനങ്ങൾക്ക് അറിയാം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നു അതു വ്യക്തമായിട്ടുണ്ട്. സർക്കാരിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും പിണറായി അഭിമുഖത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയെ രംഗത്തിറക്കിയുള്ള യുഡിഎഫ് പ്രചാരണത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് “ആളുകൾ വരും പോകും, പക്ഷേ രാഷ്ട്രീയം നിലനിൽക്കുന്നതാണ്. ജനങ്ങളുടെ പ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകുക. ഏതെങ്കിലും വ്യക്തികളല്ല. കേരളത്തിലെ ജനങ്ങൾക്ക് അതിനെ കുറിച്ചെല്ലാം വ്യക്തമായി അറിയാം,” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.