കായംകുളം: തപാല്‍ വോട്ടിനിടെ വോട്ടറെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി. കായംകുളത്ത് പ്രായമായവരുടെ തപാല്‍ വോട്ടിനിടെയാണ് സംഭവം. തപാല്‍ വോട്ട് ചെയ്യിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയ സമയത്ത് തന്നെ പെന്‍ഷനുമായി ബാങ്ക് ജീവനക്കാരും സ്ഥലത്തെത്തി. വോട്ടറെ സ്വാധീനിക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി.
കായംകുളം നഗരസഭയിലെ 77-ാം ബൂത്തിലാണ് തിരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. വീട്ടിലെ പ്രായമായ സ്ത്രീയുടെ തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ എത്തി, ഒപ്പം പൊലീസ് സാന്നിധ്യവുമുണ്ടായിരുന്നു. എന്നാല്‍ ഇവരെത്തിയ സമയം തന്നെ ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ സഹകരണ ബാങ്ക് ജീവനക്കാരും എത്തി. വോട്ടറുടെ വീട്ടില്‍ വച്ച് തന്നെ പലതവണ എണ്ണിത്തിട്ടപ്പെടുത്തിയാണ് പെന്‍ഷന്‍ കൈമാറിയത്.
Read More: ഇരട്ടവോട്ട് : രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
രണ്ട് മാസത്തെ പെന്‍ഷനുണ്ടെന്നും, സര്‍ക്കാര്‍ അധികാരത്തില്‍ വീണ്ടുമെത്തിയാല്‍ 2500 രൂപ ലഭിക്കുമെന്നും പെന്‍ഷന്‍ വിതരണക്കാരന്‍ പറയുന്നു. പെന്‍ഷന്‍ വിതരണത്തിനെത്തിയവരെ അറിയില്ലെന്നാണ് പോളിങ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കലക്ടര്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു