പത്തനംതിട്ട: ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പത്തനംതിട്ടയില്‍ പോളിങ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുന്നു. വിശ്വാസികളുടെ വോട്ടാണ് തനിക്ക് ലഭിച്ചതെന്നും പോളിങ് ശതമാനം കൂടിയത് അതിനാലാണെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് അവകാശപ്പെടുന്നു. അതേസമയം, മതേതര വോട്ടുകളും വിശ്വാസികളുടെ വോട്ടും യുഡിഎഫിനെ വിജയിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പുകള്‍ വിലയിരുത്തുന്നത്.
വര്‍ഗീയ ചേരിതിരിവുണ്ടാക്കി വോട്ട് പിടിക്കാനുള്ള ബിജെപി, ആര്‍എസ്എസ് ശ്രമങ്ങള്‍ വില പോകില്ലെന്നും വര്‍ഗീയ ധ്രുവീകരണത്തെ പത്തനംതിട്ടയിലെ ജനങ്ങള്‍ തോല്‍പ്പിക്കുമെന്നും ഇടത് സ്ഥാനാര്‍ഥി വീണാ ജോര്‍ജും അവകാശപ്പെടുന്നു.
Read More: സംസ്ഥാനത്ത് കനത്ത പോളിങ്
13 ലക്ഷത്തിലേറെ വോട്ടര്‍മാരുള്ള പത്തനംതിട്ടയില്‍ 74.19 ശതമാനം പോളിങ് രേഖപ്പെടുത്തി. മണ്ഡലത്തിലെ 10,22,763 പേരാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്. 2014 നേക്കാള്‍ എട്ട് ശതമാനം വോട്ടുകളാണ് ഇത്തവണ കൂടുതലായി പോള്‍ ചെയ്യപ്പെട്ടത്. എട്ടര ലക്ഷത്തിലേറെ പേര് മാത്രമേ 2014 ല്‍ പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നുള്ളൂ. എന്നാല്‍, ഇത്തവണ പോളിങ് കൂടിയത് ആരെ തുണയ്ക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല.
പത്ത് ലക്ഷത്തിലേറെ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടതിനാല്‍ ചുരുങ്ങിയത് മൂന്നര ലക്ഷം വോട്ടെങ്കിലും വിജയം ഉറപ്പിക്കാന്‍ ആവശ്യമാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്നതിനാലാണ് ഇത്. മൂന്ന് മുന്നണികളും വോട്ട് പിടിച്ചാല്‍ മത്സരം ഫോട്ടോ ഫിനിഷിലേക്ക് പോകും.
ആറന്മുള, കോന്നി, അടൂര്‍ മണ്ഡലങ്ങള്‍ ഹിന്ദു വിഭാഗങ്ങളുടെ ശക്തികേന്ദ്രമാണ്. ഇവിടെ കനത്ത പോളിങ് രേഖപ്പെടുത്തി. ഇത് ആര്‍ക്ക് ഗുണം ചെയ്യുമെന്നാണ് ചര്‍ച്ച. ക്രൈസ്തവ വോട്ടുകള്‍ക്ക് പ്രാധാന്യമുള്ള കാഞ്ഞിരപ്പിള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു. പൂഞ്ഞാറില്‍ പി.സി.ജോര്‍ജ് അനുകൂല വോട്ട് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് ബിജെപി പ്രതീക്ഷ. യുഡിഎഫിലെയും എൽഡിഎഫിലേയും ഹിന്ദു വോട്ടുകൾ താമരയ്ക്ക് ചോർന്നതായി ബിജെപി പറയുന്നു.
2014 ല്‍ 3,58,842 വോട്ടുകള്‍ നേടിയാണ് ആന്റോ ആന്റണി വിജയിച്ചത്. മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ 2014 ല്‍ എല്‍ഡിഎഫ് നേടിയിരുന്നു. എന്നാല്‍, ബിജെപി നേടിയത് 1,38,954 വോട്ടുകളാണ്. നിലവിലെ സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ ഇടത് – വലത് പാളയത്തില്‍ നിന്നായി അടര്‍ത്തിയാല്‍ മാത്രമേ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ സാധിക്കൂ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ശക്തമായ അടിയൊഴുക്കുകളായിരിക്കും ഇത്തവണ പത്തനംതിട്ടയിലെ ഫലം നിര്‍ണയിക്കുക. ശബരിമല വിഷയം തന്നെയായിരിക്കും സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കുക എന്നത് വാസ്തവം.