മലപ്പുറം: കേരളത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക നല്കി. മലപ്പുറത്തെ സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ആദ്യം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പിന്നീട് പൊന്നാനിയിലെ സ്ഥാനാര്‍ഥി ഇ.ടി.മുഹമ്മദ് ബഷീറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി കൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ മുന്‍പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇന്നലെ മുതലാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ആരംഭിച്ചത്. ഇരുവരും നിലവിൽ സിറ്റിങ് എംപിമാരാണ്. പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരനും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.
Read More: രാഹുല്‍ ഗാന്ധിയെ തടയാന്‍ ചിലര്‍ ശ്രമിക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്
ഏപ്രില്‍ നാല് വരെ പത്രികകള്‍ സ്വീകരിക്കും. പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രിക സമർപ്പിക്കാം. അഞ്ചിനാണ് സൂക്ഷ്മ പരിശോധന. എട്ട് വരെ പത്രിക പിൻവലിക്കാം. അടുത്ത മാസം 23നാണ് വോട്ടെടുപ്പ്. അന്ന് അന്തിമ പോരാട്ട ചിത്രം വ്യക്തമാകും.
കേരളത്തിൽ ഏപ്രിൽ 23 ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞ് സ്വതന്ത്ര സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കും. ഏപ്രിൽ 21ന് പ്രചാരണം അവസാനിക്കും. 22ന് പോളിങ് സാമഗ്രികളുടെ വിതരണം.
വരണാധികാരിയായ ജില്ലാ കലക്ടർമാർക്കാണ് നാമനിർദേശ പത്രിക നൽകേണ്ടത്. നാമനിർദേശ പത്രികയ്ക്കൊപ്പം സ്ഥാനാർഥിയുടെ പൂർണ വിവരങ്ങൾ അടങ്ങിയ ഫോം 26 കൂടി സമർപ്പിക്കണം. സ്ഥാനാർഥിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ അടക്കമുള്ള സ്വത്ത്, വായ്പ വിവരങ്ങൾ, സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കുടിശികയുടെ വിവരങ്ങൾ തുടങ്ങിയവ ഇതിൽ രേഖപ്പെടുത്തണം.
ഓരോ ജില്ലയിലും കലക്ടര്‍മാരാണ് വരണാധികാരികള്‍. പത്രിക സ്വീകരിക്കാനുള്ള ക്രമീകരണങ്ങള്‍ കലക്ടറേറ്റുകളില്‍ പൂര്‍ത്തിയായി. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 269 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 26 രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാര്‍ഥികളും സ്വതന്ത്രരും ഉള്‍പ്പെടുന്ന കണക്കാണിത്. 27 വനിതകളായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെയും ജില്ലാ കലക്ടര്‍മാരുടെയും കേന്ദ്ര നിരീക്ഷകരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ വന്‍നിരതന്നെ തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ട പ്രവര്‍ത്തനവും ഏകോപിപ്പിക്കാൻ തയ്യാറാണ്. ഏപ്രില്‍ 23 ന് വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. വോട്ടിങ് മെഷിനുകളുടെയും വിവി പാറ്റ് മെഷിനുകളുടെയും പരിശോധന പൂര്‍ത്തിയായി. സംസ്ഥാനത്ത് 24 970 പോളിങ് ബൂത്തുകളാണ് ഉണ്ടാകുക.