സ്ഥാനാർഥി നിർണയം: പി.സി.ചാക്കോ ഉയർത്തിയ കാര്യങ്ങൾ ഗൗരവമുള്ളതെന്ന് പി.ജെ.കുര്യൻ

സ്ഥാനാർഥി നിർണയത്തെക്കുറിച്ച് ആരോടും ചർച്ച ചെയ്തിട്ടില്ലെന്നും ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നതെന്നും പി.ജെ. കുര്യൻ

പത്തനംതിട്ട: കോൺഗ്രസിൽനിന്നു രാജിവച്ച മുതിർന്ന നേതാവ് പി.സി.ചാക്കോ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമുള്ളതെന്നും എല്ലാം തീരുമാനിക്കുന്നത് ഗ്രൂപ്പ് നേതാക്കളാണെന്നും പി.ജെ.കുര്യൻ. പി.സി.ചാക്കോ പാർട്ടിയിൽനിന്ന് രാജിവച്ചതിന് പിന്നാലെയാണ് പരസ്യ പ്രതികരണവുമായി പി.ജെ.കുര്യനും രംഗത്തെത്തിയത്.

സ്ഥാനാർഥി നിർണയത്തെക്കുറിച്ച് ആരോടും ചർച്ച ചെയ്തിട്ടില്ലെന്നും ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നതെന്നും പി.ജെ. കുര്യൻ പറഞ്ഞു.

“പി.സി.ചാക്കോ പാർട്ടി വിട്ടത് ദുഃഖകരമാണ്. ചാക്കോ രാജിവയ്ക്കാൻ പാടില്ലായിരുന്നു. അദ്ദേഹം ഉയർത്തിയ കാര്യങ്ങൾ ഗൗരവമുള്ളതാണ്. ഇത് പാർട്ടി പരിഗണിക്കേണ്ടതാണ്. സ്ഥാനാർഥി നിർണയം തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ചർച്ച ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ എന്നോടും ചർച്ച ചെയ്തിട്ടില്ല. ജില്ലാ കോൺഗ്രസ് അധ്യക്ഷനോടും കെപിസിസി ഭാരവാഹികളോടും ചർച്ച ചെയ്തിട്ടില്ല. എല്ലാം തീരുമാനിക്കുന്നത് ഗ്രൂപ്പ് നേതാക്കളാണ്. ഗ്രൂപ്പ് നേതാക്കൾ മാത്രം തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ല. സ്ഥാനാർഥി നിർണയ രീതി തെറ്റാണ്. യുഡിഎഫ് ഭരണത്തിൽ വരും. മുതിർന്ന നേതാക്കൾ പ്രചാരണത്തിന് മുന്നിലുണ്ടാകും,” പി.ജെ.കുര്യൻ പറഞ്ഞു.

Read More: ‘ഉമ്മൻചാണ്ടിയും രമേശും വീട്ടിലിരുന്ന് തീരുമാനിക്കുന്നു’; ഗ്രൂപ്പിസം കൊണ്ട് പൊറുതിമുട്ടിയെന്ന് ചാക്കോ

അതേസമയം, പി.സി.ചാക്കോയെ എൻസിപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ വ്യക്തമാക്കി. പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ചാക്കോയുമായി സംസാരിക്കാൻ ദേശീയ അധ്യക്ഷൻ ശരദ് പവാർ നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.

ചാക്കോ വരുന്നത് എന്‍സിപിക്ക് ഗുണം ചെയ്യുമെന്നും മുതിര്‍ന്ന നേതാവെന്ന നിലയില്‍ നേതൃനിരയില്‍ തന്നെ അദ്ദേഹത്തിന് അര്‍ഹിക്കുന്ന സ്ഥാനം നല്‍കുമെന്നും പീതാംബരന്‍ വ്യക്തമാക്കി. ചാക്കോ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ്. മുന്‍പ് ശരദ് പവാറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച നേതാവും അദ്ദേഹത്തിന്റെ സുഹൃത്തും കൂടിയാണെന്ന് പീതാംബരന്‍ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസിന്റെ ഗ്രൂപ്പിസത്തിൽ പൊറുതിമുട്ടിയാണ് താൻ പാർട്ടി വിടുന്നതെന്ന് പി.സി.ചാക്കോ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കരുണാകരന്റെയും ആന്റണിയുടെയും കാലത്ത് ഇവിടെ ഗ്രൂപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ, അന്ന് രണ്ട് ഗ്രൂപ്പുകൾ ആണെങ്കിലും പരസ്‌പരം ചർച്ച നടന്നിരുന്നു. ഇന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൊണ്ടുനടക്കുന്ന ഗ്രൂപ്പിൽ അത്തരം ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് ചാക്കോ കുറ്റപ്പെടുത്തിയിരുന്നു.

“ഗ്രൂപ്പ് പണ്ടും ഉണ്ടായിരുന്നു. പക്ഷേ, പണ്ടത്തെ ഗ്രൂപ്പല്ല ഇപ്പോൾ. കരുണാകരനും ആന്റണിയും രണ്ട് ഗ്രൂപ്പായിരുന്നു. അവര് പോയി കഴിഞ്ഞപ്പോൾ ആ ഗ്രൂപ്പ് അവകാശപ്പെടുത്തിയത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ്. അന്ന് പാർട്ടി ഒന്നിച്ചിരുന്ന് ആലോചിക്കുമായിരുന്നു. കരുണാകരനും ആന്റണിയുമുള്ള കോൺഗ്രസ് രണ്ട് ശക്തമായ ഗ്രൂപ്പ് ആണെങ്കിലും തൃശൂരിൽ കരുണാകരൻ മത്സരിക്കുന്ന സീറ്റിൽ വേറെ സ്ഥാനാർഥിയുണ്ടോയെന്ന് അന്ന് ഞങ്ങൾ ആലോചിക്കുമായിരുന്നു. ഇന്നിപ്പോൾ അങ്ങനെയല്ല. ഇന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അവരവരുടെ വീട്ടിലിരുന്ന് സീറ്റുകൾ വീതംവയ്‌ക്കുകയാണ്. ഒരു ഗ്രൂപ്പിന്റെ സീറ്റ് രമേശ് തീരുമാനിക്കും. മറ്റേത് ഉമ്മൻ ചാണ്ടി തീരുമാനിക്കും. കരുണാകരനും ആന്റണിയും കൊണ്ടുനടന്ന ഗ്രൂപ്പല്ല ഇന്നത്തേത്,” ചാക്കോ പറഞ്ഞു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: P j kuriens reaction to pc chackos resignation from congress

Next Story
പിറവത്ത് നാടകീയ രംഗങ്ങള്‍; ഇടത് സ്ഥാനാര്‍ഥി സിന്ധുമോൾ ജേക്കബിനെ പുറത്താക്കിkerala congress,ldf candidate,piravom,sindhumol jacob,എൽഡിഎഫ് സ്ഥാനാര്‍ത്ഥി,കേരളാ കോൺഗ്രസ്,ജിൽസ്,പിറവം,ജോസ് കെ മാണി
The moderation of comments is automated and not cleared manually by malayalam.indianexpress.com