ബിജെപി നേതാവ് ആർ.ബാലശങ്കറിന് വോട്ട് ചെയ്യണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ട് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച്. ദേശീയ പാത വികസനത്തിനായി പൊളിച്ചു നീക്കുമായിരുന്ന ആലപ്പുഴയിലെ 1,000 ത്തോളം വർഷം പഴക്കമുളള പളളി സംരക്ഷിക്കപ്പെട്ടത് ബാലശങ്കറിന്റെ ഇടപെടലിലൂടെയാണ്.

ചേപ്പാടിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പൊളിക്കുന്നത് തടയാൻ കഴിഞ്ഞത് ബിജെപി ദേശീയ പരിശീലന പരിപാടി കോ-കൺവീനർ ബാലശങ്കറിന്റെ സമയോചിതമായ ഇടപെടൽ മൂലമാണെന്ന് ഓർത്തഡോക്സ് സഭ അംഗീകരിച്ചു. ബാലശങ്കറിന് വോട്ടുചെയ്യാൻ പക്ഷപാതപരമായ രാഷ്ട്രീയ താൽപര്യങ്ങൾ അകറ്റിനിർത്തണമെന്ന് വിശ്വാസികളോട് സഭാ തലവൻ ബസേലിയസ് മാർത്തോമ്മ പൗലോസ് II ആവശ്യപ്പെട്ടതായി ഓർത്തഡോക്സ് സഭാ വക്താവ് ഫാ.ജോൺസ് എബ്രഹാം കോണാട്ട് പറഞ്ഞു.

”ബാലശങ്കറിന് വോട്ട് ചെയ്തില്ലെങ്കിൽ അത് നന്ദികേടാണ്. ചേപ്പാട് പള്ളി വിഷയത്തിൽ പ്രധാനമന്ത്രി ഇടപെട്ടിരുന്നു, പിന്നീട് ഇത് പുരാവസ്തു വകുപ്പിന് കൈമാറി, അങ്ങനെ പള്ളി പൊളിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ചരിത്രപ്രസിദ്ധമായ പളളി പൊളിക്കുന്നത് തടയാനുളള നേതൃത്വത്തിന് ധൈര്യം പകർന്നത് ബാലശങ്കറാണ്,” ഫാ.കോണാട്ട് പറഞ്ഞു.

”ഓർത്തഡോക്സ് സഭയ്ക്ക് വളരെയധികം സ്വാധീനമുളള ചെങ്ങന്നൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാണ് ബാലശങ്കർ. പളളിയെ സംരക്ഷിക്കാൻ ഒരു സഹായവും ചെയ്യാതെ ഈ വിഷയത്തിൽനിന്നും യുഡിഎഫും എൽഡിഎഫും മാറിനിന്നു. എന്നാൽ, ബാലശങ്കർ പളളി അംഗമെന്ന പോലെ വിഷയത്തിൽ ഇടപെട്ടു,” അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂർ നിയമസഭാ സീറ്റിൽ നിന്ന് ബിജെപിക്കായി ബാലശങ്കർ മത്സരിക്കാനാണ് സാധ്യത. നിലവിൽ സിപിഎമ്മിന്റെ സജി ചെറിയാനാണ് ചെങ്ങന്നൂർ എംഎൽഎ.

എഡി 1050 ൽ പണികഴിപ്പിച്ചതാണ് ചേപ്പാടിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പളളിയെന്നാണ് വിശ്വസിക്കുന്നത്. 13-ാം നൂറ്റാണ്ടിൽ വരച്ചതെന്നു കരുതുന്ന 47 ചുമർചിത്രങ്ങൾ പളളിയിലുണ്ട്. 19-ാം നൂറ്റാണ്ടിൽ മലങ്കര സഭാ തലവനായിരുന്ന മാർ ദീവന്നാസിയോസിന്റെ ഖബറിടവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് ചേപ്പാടിലെ പളളി പൊളിച്ചു നീക്കാനുളള ഉത്തരവ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ വിഷയം ബിജെപി അടക്കമുളള രാഷ്ട്രീയ പാർട്ടികൾക്കു മുന്നിൽ സഭ അവതരിപ്പിച്ചതായി വൃത്തങ്ങൾ പറഞ്ഞു.

കഴിഞ്ഞ മാസമാണ് ഈ വിഷയം ബാലശങ്കറിന്റെ ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹം ഇക്കാര്യം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കു മുന്നിൽ അവതരിപ്പിച്ചു. തുടർന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഉദ്യോഗസ്ഥർ പള്ളി പരിശോധിച്ചു. അൾത്താരയുടെ ചുവരുകളിൽ മനോഹരമായ മ്യൂറൽ പെയിന്റിങ്ങുകളുള്ള പള്ളി കേരളത്തിലെ അപൂർവങ്ങളിൽ ഒന്നാണെന്ന് എഎസ്ഐ പിന്നീട് പറഞ്ഞു. പള്ളിയുടെ ചരിത്രവും, കലയും, വാസ്തുവിദ്യാ പ്രാധാന്യവും കണക്കിലെടുക്കുമ്പോൾ സംരക്ഷിത സ്മാരകമായി നിലനിർത്തണമെന്ന് എഎസ്ഐ അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.