തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം നേടാന്‍ സാധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കോ-ലീ-ബി പ്രസ്താവന പരാജയം സമ്മതിക്കുന്നതിന്റെ തെളിവാണെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
അക്രമ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം സിപിഎമ്മിനെ ഭയപ്പെടുത്തുന്നു. ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കോടിയേരി ഈ പ്രസ്താവന കൊണ്ട് ശ്രമിക്കുന്നത്. ഇന്ത്യയില്‍ പോരാട്ടം നടക്കുന്നത് മോദിയും രാഹുലും തമ്മിലാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Read More: സംസ്ഥാനത്ത് ബിജെപി – സിപിഎം ധാരണയെന്ന് രമേശ് ചെന്നിത്തല
വടകരയില്‍ അടക്കം കോണ്‍ഗ്രസ് – ബിജെപി – ലീഗ് രഹസ്യ ധാരണയുണ്ടാക്കിയെന്ന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടിയേരിക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. സിപിഎം – ബിജെപി ധാരണയാണ് കേരളത്തിലുള്ളതെന്നും ഇത് മറച്ചുവയ്ക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ചെന്നിത്തല കാസര്‍ഗോഡ് പറഞ്ഞു.
Read More: കേരളത്തിൽ യുഡിഎഫ്-ബിജെപി-എസ്‌ഡിപിഐ രഹസ്യ ധാരണയെന്ന് കോടിയേരി
വടകരയില്‍ കെ.മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ ആരോപണവുമായി സിപിഎം രംഗത്തെത്തിയത്. സിപിഎമ്മിനെതിരെ ബിജെപിയുടെ പിന്തുണ കോണ്‍ഗ്രസിനുണ്ടെന്ന് കോടിയേരി ബാലകൃഷ്ണനെ കൂടാതെ പി.ജയരാജന്‍, മന്ത്രി ടി.പി.രാമകൃഷ്ണന്‍ എന്നിവരും ആരോപിച്ചിരുന്നു. ഇതോടെ കോ-ലീ-ബി സഖ്യം വാര്‍ത്തകളില്‍ ഇടം പിടിച്ചു. സിപിഎമ്മിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് കഴിഞ്ഞ ദിവസം ബിജെപിയും രംഗത്തെത്തിയിരുന്നു.