കോട്ടയം: മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാർഥിയുമായ ഉമ്മൻ ചാണ്ടിയുടെ കൈവശം ആകെയുള്ളത് 1,000 രൂപ. ഉമ്മൻ ചാണ്ടിക്ക് സ്വന്തമായി വാഹനമില്ല. ഭാര്യയുടെ പേരിൽ ഒരു സ്വിഫ്‌റ്റ് കാർ ഉണ്ട്. തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പണത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയുടെ കൈവശം ഉള്ളത് 5,000 രൂപ. മകൻ ചാണ്ടി ഉമ്മന്റെ കൈയിലുള്ളത് 7,500 രൂപയാണ്. ഉമ്മൻ ചാണ്ടിയുടെ പേരില്‍ ബാങ്ക് നിക്ഷേപമായി 67,704 രൂപയും ഭാര്യയുടെ പേരില്‍ 24,83,092 രൂപയും ചാണ്ടി ഉമ്മന്റെ പേരില്‍ 14,58,570 രൂപയുമുണ്ട്.
ഉമ്മൻ ചാണ്ടിയുടെ കൈവശം 38 ഗ്രാം സ്വര്‍ണവും ഭാര്യയുടെ കൈവശം 296 ഗ്രാം സ്വര്‍ണവും ഉണ്ട്. 74.37 ലക്ഷത്തിന്റെ സ്ഥാവരജംഗമ വസ്‌തുക്കളാണ് മൂന്ന് പേര്‍ക്കും കൂടിയുള്ളത്. പുതുപ്പള്ളിയില്‍ 3.41 കോടി വിലമതിക്കുന്ന ഭൂമിയുണ്ട്. ഉമ്മൻ ചാണ്ടിക്ക് ബാധ്യതകളില്ലെങ്കിലും ഭാര്യയ്ക്കും മകനും കൂടി ബാങ്കില്‍ 31,49,529 രൂപ വായ്‌പ ബാധ്യതയുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയിലുള്ളത് 10,000 രൂപയാണ്. പിണറായി വിജയന്റെ ഭാര്യയുടെ കൈയിൽ രണ്ടായിരം രൂപ. തലശേരി എസ്ബിഐയില്‍ പിണറായി വിജയന് 78,048.51 രൂപയും പിണറായി സര്‍വീസ് സഹകരണ ബാങ്കില്‍ 5,400 രൂപയും നിക്ഷേപമുണ്ട്.
കൈരളി ചാനലില്‍ 10,000 രൂപയുടെ 1,000 ഷെയറും, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ 500 രൂപയുടെ ഒരു ഷെയറും 100 രൂപ വില വരുന്ന ഒരു ഷെയര്‍ പിണറായി ഇന്‍ഡസ്ട്രിയല്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലുമുണ്ട്. പിണറായിയിൽ 8.70 ലക്ഷം രൂപ വിലവരുന്ന വിട് ഉള്‍പ്പെടുന്ന 58 സെന്റ് സ്ഥലവും പാതിരിയാട് 7.90 ലക്ഷം വില വരുന്ന 20 സെന്റ് സ്ഥലവും പിണറായി വിജയന് സ്വന്തമായുണ്ട്. ഭാര്യ കമലയ്‌ക്ക് 29,767,17.61 രൂപയുടെ സമ്പത്താണുള്ളത്.