കോട്ടയം: പുതുപ്പള്ളിയിൽ തന്റെ എതിരാളിയായ എൽഡിഎഫിന്റെ ജെയ്‌ക് സി.തോമസ് കരുത്തനായ സ്ഥാനാർഥിയെന്ന് ഉമ്മൻചാണ്ടി. ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഉമ്മൻചാണ്ടി ഇക്കാര്യം പറഞ്ഞത്.
‘കേരളത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ ധാരണയുണ്ട്. അതുകൊണ്ടാണ് കോൺഗ്രസിന്റെ കരുത്തരായ സ്ഥാനാർഥികൾക്കെതിരെ സിപിഎം ദുർബല സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത്, നേരെ തിരിച്ചും.’ ബിജെപിയുടെ ഈ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് പുതുപ്പള്ളിയിലെ തന്റെ എതിർ സ്ഥാനാർഥി കരുത്തനാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. മുൻ വർഷങ്ങളിലെ വോട്ട് കണക്ക് ചൂണ്ടിക്കാട്ടിയാണ് ഉമ്മൻചാണ്ടിയുടെ മറുപടി.
“പുതുപ്പള്ളിയിൽ എനിക്കെതിരെ പലതരം നീക്കങ്ങൾ സിപിഎം നടത്തിയിട്ടുണ്ട്. കരുത്തരായ സ്ഥാനാർഥികളെ മത്സരിപ്പിച്ചിട്ടുണ്ട്. മുൻ കോൺഗ്രസ് നേതാക്കളെ പോലും എനിക്കെതിരെ സിപിഎം മത്സരിപ്പിച്ചിരിക്കുന്നു. ഞാൻ 1970 ൽ പുതുപ്പള്ളിയിൽ നിന്ന് ആദ്യമായി തിരഞ്ഞെടുപ്പിൽ ജയിക്കുമ്പോൾ ഇതൊരു ഉറച്ച ഇടത് കോട്ടയായിരുന്നു. ഇടതുപക്ഷത്തിന്റെ ഒരു സിറ്റിങ് എംഎൽഎയെയാണ് ഞാൻ തോൽപ്പിച്ചത്. വിജയിക്കുമെന്ന് പ്രതീക്ഷിച്ചല്ല പുതുപ്പള്ളി സീറ്റിൽ എന്നെ മത്സരിപ്പിക്കുന്നതെന്നും രണ്ടാം സ്ഥാനത്ത് എത്തിയാൽ തന്നെ അത് വിജയമായി കണക്കാക്കുമെന്നുമാണ് അന്നത്തെ കോൺഗ്രസ് നേതാവായ കെ.എം.ചാണ്ടി എന്നോട് പറഞ്ഞത്. കോൺഗ്രസ് വിഭജിക്കപ്പെട്ട സമയം കൂടിയായിരുന്നതിനാൽ പുതുപ്പള്ളിയിൽ ജയിക്കില്ലെന്ന് ഞാനും ഉറപ്പിച്ചിരുന്നു. പക്ഷേ, അപ്രതീക്ഷിതമായി ഞാൻ പുതുപ്പള്ളിയിൽ നിന്നു ജയിച്ച് നിയമസഭയിലെത്തി,” ഉമ്മൻചാണ്ടി പറഞ്ഞു.
Read Also: ‘പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് ഈസി വാക്കോവറോ?’ വെല്ലുവിളികൾ ഇങ്ങനെ
“ജെയ്‌ക് സി.തോമസാണ് ഇത്തവണയും പുതുപ്പള്ളിയിൽ എന്റെ എതിരാളി. കഴിഞ്ഞ തവണയും അദ്ദേഹമാണ് എനിക്കെതിരെ മത്സരിച്ചത്. ജെയ്‌ക് ഒരു കരുത്തനായ എതിരാളി തന്നെയാണ്. 2016 ലെ എന്റെ ഭൂരിപക്ഷം 2011 നേക്കാൾ 6,000 വോട്ട് കുറയ്‌ക്കാൻ ജെയ്‌ക്കിന് സാധിച്ചിട്ടുണ്ട്. അദ്ദേഹം ശക്തനായ എതിരാളി തന്നെയാണെന്നതിനു തെളിവല്ലേ ഇത്? ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായാണ് ഞാൻ പുതുപ്പള്ളിയിലെ ജനങ്ങളെ കാണുന്നത്. ഞാൻ ആരെയും അകറ്റി നിർത്തിയിട്ടില്ല. ആ സ്‌നേഹം അവർ എന്നോട് തിരിച്ചും കാണിച്ചു,” ഉമ്മൻചാണ്ടി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തെ ഇടത് ഭരണം വളരെ മോശമാണെന്ന് ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് കാര്യമായ ഒരു വികസനവും കൊണ്ടുവരാത്ത സർക്കാരാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ എന്ന് അദ്ദേഹം വിമർശിച്ചു. ഊതിപ്പെരുപ്പിച്ച പെരുംനുണകൾ പ്രചരിപ്പിച്ചാണ് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതെന്നും ഉമ്മൻചാണ്ടി പരിഹസിച്ചു.
“വികസനത്തിന്റെ കാര്യത്തിൽ പിണറായി സർക്കാർ വെറും വട്ടപൂജ്യമാണ്. മുൻപത്തെ ഏത് സർക്കാരിനെ വേണമെങ്കിൽ എടുത്തുനോക്കൂ. എടുത്തുകാണിക്കാവുന്ന വലിയ നേട്ടങ്ങൾ ആ സർക്കാരുകൾക്കെല്ലാം അവകാശപ്പെടാനുണ്ടാകും. എന്നാൽ, ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരിന് അങ്ങനെയൊന്നും ഇല്ല. കണ്ണൂർ വിമാനത്താവളം യുഡിഎഫ് സർക്കാർ ഉദ്ഘാടനം ചെയ്യുമ്പോൾ ഇപ്പോഴത്തെ വ്യവസായ മന്ത്രി ഇ.പി.ജയരാജൻ വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധിക്കുകയായിരുന്നു. റൺവെ നീളം കുറവാണെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. അതിനുശേഷം അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ റൺവെയുടെ നീളം കൂട്ടിയോ, അധികാരത്തിലെത്തിയിട്ട് അഞ്ച് വർഷം കഴിഞ്ഞില്ലേ?,” ഉമ്മൻചാണ്ടി ചോദിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് എപ്പോഴും അപ്രമാദിത്തം ലഭിക്കാറുണ്ട്. നിരവധി വിമത സ്ഥാനാർഥികളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയായത്. വിമതർ ഇല്ലെങ്കിൽ യുഡിഎഫിന് മികച്ച വിജയം ലഭിക്കുമായിരുന്നു. എങ്കിലും 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത നഷ്‌ടങ്ങളുണ്ടായിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിനോട് താരതമ്യം ചെയ്യുമ്പോൾ കൂടുതൽ പഞ്ചായത്തുകളും മുൻസിപാലിറ്റികളും നേടാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ടെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തരായ സ്ഥാനാർഥികളെയാണ് യുഡിഎഫ് നിർത്തിയിരിക്കുന്നത്. തികഞ്ഞ വിജയപ്രതീക്ഷയിലാണ്. രാഹുൽ ഗാന്ധി കൊണ്ടുവന്ന ‘ന്യായ് പദ്ധതി’ അടക്കം യുഡിഎഫിന് ഗുണം ചെയ്യുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.