കോട്ടയം: കോൺഗ്രസിനൊപ്പം പാറ പോലെ ഉറച്ചുനിന്ന ജില്ലകൾ ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ ചുവപ്പണിഞ്ഞപ്പോൾ പ്രമുഖ നേതാക്കൾക്ക് ഞെട്ടൽ. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ കോൺഗ്രസിനേറ്റ തിരിച്ചടി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംബന്ധിച്ചിടുത്തോളം വലിയ തലവേദനയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമേ ഇനിയുള്ളൂ. ഇങ്ങനെയൊരു സാഹചര്യത്തിൽ കോൺഗ്രസിന്റെ കുത്തക മണ്ഡലം ഇടതിനൊപ്പം ചേർന്നുനിന്നത് യുഡിഎഫിനുള്ളിൽ ചർച്ചയാകും.
പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ടിൽ ആറ് പഞ്ചായത്തുകളിലും ഇടത് തേരോട്ടം. രണ്ട് പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് ജയിച്ചത്. മീനടം, അയർക്കുന്നം പഞ്ചായത്തുകളാണ് യുഡിഎഫിനൊപ്പം നിന്നത്. അകലകുന്നം, കുരോപ്പട, മണർകാട്, പാമ്പാടി, വാകത്താനം, പുതുപ്പള്ളി എന്നിവിടങ്ങളിലെല്ലാം എൽഡിഎഫ് ജയിച്ചു. യുഡിഎഫ് കോട്ടകളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത്തോട് കൂറുകാണിച്ചത്.
Read Also: കിഴക്കമ്പലം മോഡൽ നിയമസഭ തിരഞ്ഞെടുപ്പിലേക്കും, എറണാകുളത്ത് നിർണായകം; വൻ പദ്ധതികളുമായി ട്വന്റി 20
ഉമ്മൻചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിൽ യുഡിഎഫ് തോറ്റത് വലിയ ഞെട്ടലോടെയാണ് കോൺഗ്രസ് ക്യാംപുകൾ കേട്ടത്. പുതുപ്പള്ളി പഞ്ചായത്തിലെ ഒൻപത് വാർഡുകൾ ഇത്തവണ എൽഡിഎഫിനൊപ്പം നിന്നു. യുഡിഎഫിന് ഏഴ് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. രണ്ട് സീറ്റിൽ ബിജെപി ജയിച്ചു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ ഉമ്മൻചാണ്ടിയുടെ സ്വന്തം വാർഡിൽ പോലും യുഡിഎഫ് പിന്നിലായിരുന്നു. കഴിഞ്ഞ 25 വർഷത്തിനിടെ ആദ്യമായാണ് പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണം ഇടതുമുന്നണി പിടിച്ചെടുക്കുന്നത്.
ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ കോട്ടയം ജില്ലയിൽ കോൺഗ്രസിന് വലിയ ആത്മവിശ്വാസം നൽകിയിരുന്നു. ഉമ്മൻചാണ്ടിയുടെ സാന്നിധ്യംകൊണ്ട് മാത്രം കോട്ടയം ജില്ലയിൽ ശക്തമായ മുന്നേറ്റം നടത്താൻ സാധിക്കുമെന്നായിരുന്നു കോൺഗ്രസ് വിലയിരുത്തൽ. കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം എൽഡിഎഫിലേക്ക് പോയപ്പോൾ അവരെ പിടിച്ചുനിർത്താൻ യുഡിഎഫ് തീവ്രശ്രമങ്ങൾ നടത്താതിരുന്നതും ഉമ്മൻചാണ്ടിയുടെ സ്വാധീനത്തിൽ വിശ്വസിച്ചുകൊണ്ടാണ്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വൻ തിരിച്ചടിയാണ് കോൺഗ്രസിനും യുഡിഎഫിനും നേരിടേണ്ടിവന്നത്.
ജോസ് കെ.മാണിയുടെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് എൽഡിഎഫ് പിടിച്ചു. 22 അംഗ ജില്ലാ പഞ്ചായത്തിൽ എൽഎഡിഎഫ് 14 സീറ്റു നേടിയപ്പോൾ ഏഴു സീറ്റു മാത്രമാണ് യുഡിഎഫിന് നേടാനായത്. സിപിഎം – ആറ്, കേരള കോൺഗ്രസ് (എം) – അഞ്ച്, സിപിഐ – മൂന്ന് എന്നിങ്ങനെയാണ് എൽഡിഎഫിലെ കക്ഷികൾ നേടിയ സീറ്റുകൾ.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ വാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികളാണ് വിജയിച്ചത്.