തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്ന ഗുരുതര ആരോപണവുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. നടപടിക്രമങ്ങള്‍ പാലിക്കാതെ നിരവധി പേരെ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായി ഉമ്മന്‍ചാണ്ടി ആരോപിച്ചു.
കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിനേക്കാള്‍ 1,32,000 വോട്ടേഴ്സ് മാത്രമാണ് ഇത്തവണ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൂടിയിട്ടുള്ളത്. എന്നാല്‍, അതിനു മുന്‍പുള്ള അസംബ്ലി തിരഞ്ഞെടുപ്പില്‍ നിന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോഴുള്ള വോട്ടേഴ്സിന്റെ എണ്ണത്തിലുള്ള വര്‍ധന വളരെ കൂടുതലായിരുന്നു. പത്ത് ലക്ഷത്തോളം വോട്ടേഴ്സ് വര്ധിക്കേണ്ടിടത്ത് ഇത്തവണ ആകെ വര്‍ധിച്ചത് 1,32,000 വോട്ടേഴ്സ് മാത്രമാണെന്നും ഇത് അട്ടിമറി നടന്നതിന് തെളിവാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2016ല്‍ 2.6 കോടി വോട്ടര്‍മാരുണ്ടായിരുന്നു. 2019ല്‍ കൂടിയത് 1.32 ലക്ഷം പേര് മാത്രമെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
Read More: പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; അന്വേഷണം ക്രൈം ബ്രാഞ്ചിന്
വോട്ടര്‍ പട്ടികയില്‍ നിന്ന് നിരവധി പേരെയാണ് നിയമവിരുദ്ധമായി ഒഴിവാക്കിയിരിക്കുന്നത്. ചില തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയും ഇക്കാര്യത്തിലുണ്ടായി. ജനാധിപത്യ അവകാശം നിഷേധിച്ച ഉദ്യോഗസ്ഥന്മാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. പൊലീസിന്റെ പോസ്റ്റല്‍ വോട്ടിങ് വീണ്ടും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസ് ഉദ്യോഗസ്ഥരുടെ വോട്ടിൽ ക്രമക്കേട് നടന്നതായി തിരഞ്ഞെടുപ്പ് ഓഫീസർക്കും ബോധ്യപ്പെട്ടിരിക്കുകയാണ്. എന്നാലത്, മൂന്നോ നാലോ പേരിലേക്ക് ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംശയമുണ്ട്. പൊലീസുകാർക്ക് പോലും സുതാര്യമായി വോട്ടിങിൽ പങ്കെടുക്കാൻ കഴിയുന്നില്ല എങ്കിൽ അത് അതീവ ഗുരുതരമായ സാഹചര്യമാണ്. അതിനാൽ, ഇതിനകത്ത് വലിയ വീഴ്ചകളുണ്ടായിട്ടുണ്ട്. പൊലീസ് അസോസിയേഷൻ പങ്കാളി ആണ് എന്നടക്കം ബോധ്യപ്പെട്ട സാഹചര്യത്തിൽ നടപടി മൂന്നോ നാലോ പേരിലേക്ക് ഒതുക്കിയിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേട് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈം ബ്രാഞ്ച് മേധാവിക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തു. എഫ്ഐആര്‍ ലഭിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചായിരിക്കും അന്വേഷണമെന്ന് സൂചനയുണ്ട്.
പൊലീസുകാരുടെ തപാല്‍ വോട്ടില്‍ പൊലീസ് അസോസിയേഷന് നടത്തിയ ക്രമക്കേട് സ്ഥിരീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നല്കിയ റിപ്പോര്‍ട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്കി.