Lok Sabha Election 2019 Result Latest Updates: ന്യൂഡല്‍ഹി: ഒഡീഷയില്‍ നവീന്‍ പട്‌നായികിന് ഭരണത്തുടര്‍ച്ച. അഞ്ചാം തവണയാണ് ഒഡീഷയില്‍ ബിജു ജനതാദള്‍ (ബിജെഡി) സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. ഒഡീഷ നിയമസഭയിലേക്ക് കൂടിയാണ് വോട്ടെടുപ്പ് നടന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നവീന്‍ പട്‌നായിക് നേതൃത്വം നല്‍കുന്ന ബിജു ജനതാദള്‍ ആകെയുള്ള 146 സീറ്റുകളില്‍ 112 സീറ്റുകളില്‍ ലീഡുമായി മുന്നേറുകയാണ്. രാജ്യത്ത് മോദി തരംഗം ആഞ്ഞടിച്ചപ്പോഴും ബിജു ജനതാദളും നവീന്‍ പട്‌നായികും ഒഡീഷയില്‍ ശക്തി ആവര്‍ത്തിച്ചു. 2000 മുതല്‍ ഇങ്ങോട്ട് നവീന്‍ പട്‌നായികാണ് ഒഡീഷയില്‍ ഭരിക്കുന്നത്.

Read More: ജനവിധി അംഗീകരിക്കുന്നു, മോദിക്കും സ്മൃതി ഇറാനിക്കും അഭിനന്ദനങ്ങള്‍: രാഹുല്‍ ഗാന്ധി

കഴിഞ്ഞ തവണ 117 സീറ്റുമായാണ് ഒഡീഷയില്‍ ബിജെഡി അധികാരത്തിലെത്തിയത്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ഒഡീഷയില്‍ വേരോട്ടമുണ്ടാക്കിയിട്ടുണ്ട്. ആകെയുള്ള 21 ലോക്‌സഭാ സീറ്റുകളില്‍ 14 ഇടത്ത് ബിജെഡി ലീഡ് ചെയ്യുമ്പോള്‍ ഏഴിടത്ത് ബിജെപിക്കാണ് ലീഡ്. ബിജെഡി ലീഡ് ചെയ്യാത്ത നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്കാണ് മുന്‍തൂക്കും. കഴിഞ്ഞ തവണ ഒരു ലോക്‌സഭാ സീറ്റില്‍ മാത്രമാണ് ബിജെപി വിജയിച്ചത്.

Read More: കേന്ദ്രത്തിൽ മോദി തരംഗം; കേരളത്തിൽ രാഹുൽ തരംഗം

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസാണ് അധികാരത്തിലേക്ക് പോകുന്നത്. നിലവിലെ മുഖ്യമന്ത്രിയായ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന് ശക്തമായ തിരിച്ചടിയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസും ജഗന്‍ മോഹന്‍ റെഡ്ഡിയും നല്‍കിയത്. ആകെയുള്ള 175 നിയമസഭാ സീറ്റുകളില്‍ 147 ഇടത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസാണ് വിജയത്തിലേക്ക് നീങ്ങുന്നത്. ലോക്‌സഭയിലേക്ക് നടന്ന വോട്ടെടുപ്പില്‍ 25 സീറ്റുകളിലും വൈഎസ്ആര്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്.

രാജ്യത്തൊട്ടാകെ മോദി തരംഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലിൽ കണ്ടത്. 2014 നേക്കാൾ ശക്തമായാണ് ബിജെപി ഇത്തവണ രാജ്യത്ത് സ്വാധീനം ചെലുത്തിയിരിക്കുന്നത്. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ച ബിജെപിക്ക് അധികാരത്തിലേറാൻ മറ്റ് പാർട്ടികളുടെ പിന്തുണ പോലും വേണ്ടാത്ത അവസ്ഥയാണ്. മോദി വിരുദ്ധ തരംഗത്തിൽ ബിജെപിക്ക് ഹിന്ദി ഹൃദയഭൂമിയിലടക്കം തിരിച്ചടി നേരിടുമെന്ന് നേരത്തെ രാഷ്ട്രീയ വിലയിരുത്തലുകളുണ്ടായിരുന്നെങ്കിലും ഫലം മറിച്ചാണ്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.