തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്കെതിരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ടി.വി.അനുപമയുടെ നോട്ടീസ്. ശബരിമലയുടെയും അയ്യപ്പന്റെയും പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനെതിരെയാണ് നോട്ടീസ്. 48 മണിക്കൂറിനകം ഇൗ വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ജില്ലാ കളക്ടര്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More: സെല്‍ഫിയെടുക്കാനെത്തിയ വിദ്യാര്‍ഥിയുടെ കൈ തട്ടിമാറ്റി; ക്ഷുഭിതനായി സുരേഷ് ഗോപി, വീഡിയോ

ഏപ്രില്‍ അഞ്ചിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടത്തിയ പ്രസംഗമാണ് നോട്ടീസിന് കാരണം. എന്‍ഡിഎ കണ്‍വെന്‍ഷനില്‍ വച്ചായിരുന്നു വിവാദ പ്രസംഗം. ‘ശബരിമലയുടെ പശ്ചാത്തലത്തില്‍ ഞാന്‍ ഈ വോട്ടിന് വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്’ എന്ന് സുരേഷ് ഗോപിയുടെ പ്രസംഗത്തില്‍ പറയുന്നു. ഈ പ്രസംഗ ഭാഗമാണ് നോട്ടീസിന് ആധാരം. സുരേഷ് ഗോപിയുടെ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് ജില്ലാ കളക്ടറുടെ നോട്ടീസില്‍ വ്യക്തമാക്കുന്നു. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം ഈ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നും സുരേഷ് ഗോപിക്ക് നിര്‍ദേശമുണ്ട്.

സുരേഷ് ഗോപിയുടെ പ്രസംഗത്തിലെ വിവാദ ഭാഗം ഇങ്ങനെ: “ഞാന്‍ തൃശിവപേരൂര്‍ക്കാരുടെ മുന്നിലേയ്ക്ക് വരുമ്പോള്‍, ഞാന്‍ തൃശിവപേരൂര്‍കാരുടെ, കേരളത്തിന്റെ ഒരു പരിഛേദനത്തിനോടാണ്, ശബരിമലയുടെ പശ്ചാത്തലത്തില്‍ ഞാന്‍ ഈ വോട്ടിനു വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. എന്റെ അയ്യന്‍, എന്റെ അയ്യന്‍, നമ്മുടെ അയ്യന്‍, ആ അയ്യന്‍, (പശ്ചാത്തലത്തില്‍ ശരണം വിളി മുഴുങ്ങുന്നു) എന്റെ വികാരമാണെങ്കില്‍, ഈ കിരാത സര്‍ക്കാരിനുള്ള മറുപടി ഈ തിരഞ്ഞെടുപ്പിലൂടെ കേരളത്തിലല്ല; ഭാരതത്തില്‍ മുഴുവന്‍, അയ്യന്റെ ഭക്തര്‍ മുഴുവന്‍, അത് അലയടിപ്പിച്ചിരിക്കും. അത് കണ്ട് ആരെയും കൂട്ടുപിടിക്കേണ്ട. ഒരു യന്ത്രങ്ങളേയും കൂട്ടുപിടിക്കേണ്ട. നിങ്ങള്‍ക്ക് ഒന്നു മുട്ടുമടങ്ങി വീഴാന്‍, നിങ്ങളുടെ മുട്ടു കാലുണ്ടാകില്ല. അത്തരത്തില്‍ ചര്‍ച്ചയാകും. അതുകൊണ്ട് തന്നെ, എന്റെ പ്രചരണ വേളകളില്‍ ശബരിമല എന്നു പറയുന്നത് ഞാന്‍ ചര്‍ച്ചയാക്കില്ല എന്ന് പ്രതിജ്ഞ ചെയ്യുകയാണിവിടെ” – ഇത്രയും ഭാഗമാണ് പെരുമാറ്റ ചട്ട ലംഘനമായി ജില്ലാ കളക്ടറുടെ നോട്ടീസിൽ പറയുന്നത്.

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയുടെ പ്രചാരണം ജില്ലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പലയിടത്തും ആവേശകരമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം സുരേഷ് ഗോപി നടത്തിയ പ്രസംഗം വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 15 ലക്ഷം രൂപ അണ്ണാക്കിലേക്ക് തള്ളി തരുമെന്ന് കരുതിയോ എന്ന് അദ്ദേഹം പ്രസംഗത്തിനിടെ ചോദിക്കുകയായിരുന്നു. ഇത് പിന്നീട് വലിയ വിവാദമായി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ തൃശൂരില്‍ മഴ പെയ്തപ്പോള്‍ അത് തനിക്കുള്ള അനുഗ്രഹമാണെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

 

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.