ന്യൂഡല്‍ഹി: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വാരാണസിയില്‍ സ്ഥാനാർഥിയായി. പ്രിയങ്ക ഗാന്ധിക്ക് സാധ്യത കല്പിക്കപ്പെട്ടിരുന്ന മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അജയ് റായ് ആണ് മത്സരിക്കുന്നത്. 2014 ലും മോദിക്കെതിരെ മത്സരിച്ചത് അജയ് റായ് ആയിരുന്നു.
പാര്‍ട്ടി നിര്‍ദേശിച്ചാല്‍ വാരാണസിയില്‍ നിന്നും മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചത് മുതലായിരുന്നു പ്രിയങ്കയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ ഉയര്‍ന്നത്. മോദിക്കെതിരെ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പിന്തുണച്ചെങ്കിലും സോണിയ ഗാന്ധി ഇതിനെ എതിര്‍ത്തു. രാഷ്ട്രീയ പ്രവേശനം നടത്തിയ ഉടനെ തന്നെ മോദിയെ പോലെ ഒരാള്‍ക്കെതിരെ മത്സരിക്കുന്നത് ഗുണം ചെയ്യില്ലെന്നായിരുന്നു സോണിയയുടെ അഭിപ്രായം.
Read: രാഹുൽ ആവശ്യപ്പെട്ടാൽ വാരാണസിയിൽ മത്സരിക്കും: പ്രിയങ്ക ഗാന്ധി
മോദിക്കെതിരെ അജയ് റായിയെ പ്രഖ്യാപിച്ചതോടെ പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മെയ് 19ന് അവസാനഘട്ടത്തിലാണ് വാരാണസിയില്‍ വോട്ടെടുപ്പ് നടക്കുക.