ന്യൂഡല്‍ഹി: രാജ്യത്തെ കുറിച്ച് ചിന്തയുള്ള മികച്ച നേതാവാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു. മറ്റുള്ളവരെ ഭീഷണിപ്പെടുത്തി ഭരിക്കുന്ന നരേന്ദ്ര മോദിയെ പോലെയല്ല രാഹുല്‍ ഗാന്ധിയെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
“മോദിയെ പോലെയല്ല. രാഹുല്‍ ഗാന്ധി മികച്ച നേതാവാണ്. രാജ്യത്തെ കുറിച്ച് അദ്ദേഹത്തിന് ചിന്തയുണ്ട്. മോദി ആരെയും കേള്‍ക്കാത്ത നേതാവാണ്. മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയാണ് മോദി ഭരിക്കുന്നത്” – നായിഡു പറഞ്ഞു. പ്രധാനമന്ത്രി പദത്തിനുവേണ്ടിയുള്ള ഓട്ടത്തിലല്ല താന്‍ എന്നും നായിഡു പ്രതികരിച്ചു.
Read More: ‘മോദി തീവ്രവാദി’; ബല്ലാലദേവ എന്നു വിളിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി ചന്ദ്രബാബു നായിഡു
“ആന്ധ്രാപ്രദേശ് പുതിയൊരു സംസ്ഥാനമാണ്. ഇനിയും അവിടെ വികസനമെത്തിക്കാനുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്ന് 25 സീറ്റുകളാണ് ലോക്സഭയിലുള്ളത്. അത് വളരെ കുറവാണ്. എങ്കിലും, രാജ്യത്തിന്റെ വികസനത്തിന് വേണ്ടി എനിക്ക് പ്രയത്നിക്കാന്‍ സാധിക്കും, മറ്റുള്ളവരെ പിന്തുണക്കാനും”-നായിഡു പങ്കുവച്ചു.
മേയ് 23 ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കും എന്ന കാര്യത്തെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ധാരണയിലെത്തുക എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ ഒത്തൊരുമിച്ചിരുന്ന് ആലോചിച്ച് രാജ്യത്തിന്റെ ഭാവി നിര്‍മിക്കാന്‍ ധാരണയിലെത്തുമെന്നും നായിഡു പറഞ്ഞു.
Read More: ‘വെറും കൈയോടെ’ ആന്ധ്രയിലേക്ക് വരാന്‍ നാണമില്ലേ?; മോദിയോട് ചന്ദ്രബാബു നായിഡു
“രാജ്യത്ത് ഭരണവിരുദ്ധ വികാരമുണ്ട്. മോദിക്ക് പറയത്തക്ക നേട്ടങ്ങളൊന്നും ഇല്ല. അതുകൊണ്ടാണ് ബാലാകോട്ട് വ്യോമാക്രമണത്തെ കുറിച്ചും പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നത്. മറ്റ് നേട്ടങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാണ് എല്ലാ യോഗങ്ങളിലും പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളെ കുറ്റം പറയുന്നത്”- നായിഡു കൂട്ടിച്ചേര്‍ത്തു.
നേരത്തെ, എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ടിഡിപി എൻഡിഎ വിട്ടത്. കേന്ദ്രമന്ത്രിമാരെയും ടിഡിപി പിൻവലിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രതിപക്ഷ സഖ്യത്തിനായുള്ള നീക്കങ്ങൾ ചന്ദ്രബാബു നായിഡു ആരംഭിച്ചത്. കോൺഗ്രസുമായി സഖ്യമായാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ടിഡിപി ജനവിധി തേടിയത്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് നിൽക്കണമെന്നാണ് നായിഡു പറയുന്നത്.