തിരുവനന്തപുരം: സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലേക്കായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമ പരിശോധന പൂര്‍ത്തിയായി. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളിലെ എല്ലാ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ക്കും അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി ആകെ 253 സ്ഥാനാര്‍ഥികളാണ് ഉള്ളത്. സൂക്ഷമ പരിശോധനയില്‍ 54 പേരുടെ പത്രികയാണ് തള്ളിയത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ രണ്ട് അപരന്‍മാര്‍ക്കും അംഗീകാരം ലഭിച്ചു. ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്ന് ബിജെപി ആരോപിച്ചെങ്കിലും ഒടുവില്‍ പത്രിക അംഗീകരിക്കുകയായിരുന്നു. ആറ്റിങ്ങലില്‍ 21 പേരുടെ നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു.

Read More: നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, അമിത് ഷാ, പിണറായി വിജയന്‍…; വയനാട്ടിൽ ചെറിയ കളികളില്ല!

തിരുവനന്തപുരത്ത് 18 പത്രികകളും തൃശൂരിൽ ഒമ്പത് പത്രികകളും അംഗീകരിച്ചു. ആലപ്പുഴയിൽ പന്ത്രണ്ടും മാവേലിക്കരയിൽ പത്തും പത്രികകളാണ് സാധുവായുള്ളത്. കാസർകോട് 9 പത്രികകൾ അംഗീകരിച്ചു. പത്തനം തിട്ടയിൽ ഒരു സ്വതന്ത്രന്റെ പത്രിക തളളി. ചാലക്കുടിയിൽ 13 പത്രികകൾ സാധുവായി. എറണാകുളത്ത് 14 പത്രികകൾ അംഗീകരിച്ചപ്പോൾ ഒരു പത്രിക തള്ളി.

സരിത എസ് നായരുടെ നാമനിർദേശ പത്രികയിൽ നാളെയായിരിക്കും അന്തിമ തീരുമാനം കെെക്കൊള്ളുക. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സരിതയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ഹാജരാക്കിയില്ല. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് അയോഗ്യത ഉണ്ടാകും. നാളെ രാവിലെ പത്തരയ്ക്ക് മുൻപ് വിധി സ്റ്റേ ചെയ്ത കോടതി ഉത്തരവിന്റെ പകർപ്പ് ഹാജരാക്കാൻ സരിതയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് സമർപ്പിക്കാത്ത പക്ഷം നാമനിർദേശ പത്രിക തള്ളാനാണ് സാധ്യത.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.