ന്യൂഡല്‍ഹി: റസാന്‍ വ്രതാരംഭം കണക്കിലെടുത്ത് വോട്ടിങ് സമയത്തില്‍ മാറ്റം വരുത്തില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. റംസാനിന്റെ പശ്ചാത്തലത്തില്‍ ബാക്കിയുളള മൂന്ന് ഘട്ട തിരഞ്ഞെടുപ്പിലെ വോട്ടിങ് സമയം പുലര്‍ച്ചെ 4.30 മുതല്‍ ആരംഭിക്കണമെന്ന അപേക്ഷ കമ്മീഷന്‍ തളളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ എത്തിയ ഇത് സംബന്ധിച്ച ഹര്‍ജി കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് വിട്ടിരുന്നു.
സമയക്രമത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ മുഹമ്മദ് നിസാമുദ്ദീന്‍ പാഷയും, അസദ് ഹായതും ആണ് ഹര്‍ജി സമർപ്പിച്ചത്. രാജ്യത്ത് ചൂട് കൂടുന്നതും റംസാന്‍ വ്രതം ആരംഭിക്കുന്നതും പരിഗണിച്ച് രാവിലെ 7 മണിക്ക് തുടങ്ങേണ്ട വോട്ടിങ് 4.30 തുടങ്ങണമെന്നായിരുന്നു അപേക്ഷ.
Ramadan 2019: റംസാന്‍ പുണ്യമാസം – അറിയേണ്ടതെല്ലാം
നോമ്പ് അനുഷ്ഠിച്ച് മുസ്‌ലിം വോട്ടര്‍മാര്‍ക്ക് ചൂടത്ത് വരി നില്‍ക്കാന്‍ പ്രയാസമാകുമെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്നാണ് വ്രതം ആരംഭിച്ചത്. മാര്‍ച്ച് 10ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ നോമ്പ് കാരണമുളള ആശങ്ക മുസ്‌ലിം വോട്ടര്‍മാര്‍ രേഖപ്പെടുത്തിയിരുന്നു.