ന്യൂഡല്‍ഹി: ഒരു മാസത്തിലധികം നീണ്ടുന്ന അനിശ്ചിതാവസ്ഥയ്ക്ക് വിരാമം. കോണ്‍ഗ്രസുമായി ഡല്‍ഹിയില്‍ സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ മാത്രമായി കോണ്‍ഗ്രസുമായി സഖ്യത്തില്‍ പ്രവര്‍ത്തിക്കാനാകില്ലെന്ന് എഎപി വ്യക്തമാക്കി.
കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ മൂന്ന് സീറ്റ് നല്‍കുന്നത് സീറ്റ് ബിജെപി വിട്ടുകൊടുക്കുന്നതിന് തുല്യമാണെന്നും ബിജെപിയായിരിക്കും ജയിക്കുകയെന്നും ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ മനീഷ് സിസോധിയ പറഞ്ഞു. ഹരിയാനയില്‍ കോണ്‍ഗ്രസിന് ആറ്, ജെജെപിയ്ക്ക് മൂന്ന്. എഎപിയ്ക്ക് ഒരു സീറ്റ് എന്നിങ്ങനെയായിരുന്നു കോണ്‍ഗ്രസ് ആദ്യം മുന്നോട്ട് വച്ച സീറ്റ് വിഭജനമെന്നും അദ്ദേഹം പറഞ്ഞു.
”കോണ്‍ഗ്രസ് ഹരിയാനയിലെ എല്ലാ സീറ്റിലും പരാജയപ്പെടും. അതവര്‍ക്കും അറിയാം. എന്നിട്ടും ഞങ്ങള്‍ സഖ്യത്തിനായി തയ്യാറായി. ജെജെപി സ്ഥാപകനായ ദുശ്യന്ത് ചോട്ടാല കോണ്‍ഗ്രസിന് നാല് സീറ്റ് കൊടുക്കാനും തയ്യാറായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് 6-3-1 സീറ്റ് ആയിരുന്നു വേണ്ടത്. പിന്നീട് ജെജെപിയ്ക്ക് രണ്ട് സീറ്റ് നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇന്നലെ കോണ്‍ഗ്രസ് പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു.” അദ്ദേഹം പറഞ്ഞു.
”ആ 18 സീറ്റുകളില്‍ സഖ്യമുണ്ടായിരുന്നുവെങ്കില്‍ അത് ശക്തമായൊരു സന്ദേശം നല്‍കുമായിരുന്നു. കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുന്നത് കണ്ട് ഞാന്‍ അമ്പരന്നിരിക്കുകയാണ്. ഒരു ഓഫറും സ്വീകരിക്കാന്‍ അവര്‍ തയ്യാറല്ല. എല്ലാ ഉത്തരവാദിത്വത്തോടെയും പറയട്ടെ, ഹരിയാന ചാപ്റ്റര്‍ കോണ്‍ഗ്രസ് തന്നെ അടച്ചിരിക്കുകയാണ്” എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.