തിരുവനന്തപുരം: നേമത്ത് അപ്രതീക്ഷിത ട്വിസ്റ്റുമായി കോൺഗ്രസ്. ശക്തനായ സ്ഥാനാർഥിയെ തന്നെ കളത്തിലിറക്കാനാണ് തീരുമാനം. രമേശ് ചെന്നിത്തലയെയോ കെ.മുരളീധരനെയോ മത്സരിപ്പിക്കാനാണ് നീക്കം. ഔദ്യോഗിക തീരുമാനം ഉടൻ.
ശക്തനായ സ്ഥാനാർഥിയെ തന്നെ മത്സരിപ്പിക്കണമെന്ന് ഹെെക്കമാൻഡ് നിർദേശിച്ചു. കെ.മുരളീധരനാണ് കൂടുതൽ സാധ്യത. നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ.മുരളീധരൻ ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. എംപിമാർ മത്സരിക്കേണ്ട എന്ന തീരുമാനത്തിൽ മുരളീധരന് മാത്രം ഇളവ് നൽകിയേക്കും. ഹരിപ്പാട് തന്നെ മത്സരിക്കുന്നതിനോടാണ് രമേശ് ചെന്നിത്തലയ്‌ക്ക് താൽപര്യം. എന്നാൽ, ഹെെക്കമാൻഡ് നിർബന്ധിച്ചാൽ ചെന്നിത്തല നേമത്തേക്ക് മാറാൻ വഴങ്ങിയേക്കും. മുരളീധരനെ മാറ്റേണ്ടിവരുന്ന സാഹചര്യമുണ്ടായാൽ മാത്രമേ ചെന്നിത്തലയെ നേമത്ത് മത്സരിപ്പിക്കൂ.
Read Also: ‘പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് ഈസി വാക്കോവറോ?’ വെല്ലുവിളികൾ ഇങ്ങനെ
2016 ൽ നേമത്ത് താമര വിരിഞ്ഞത് കോൺഗ്രസിന്റെ വിട്ടുവീഴ്‌ച നിലപാടുകൊണ്ടാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. വലിയ ശതമാനം കോൺഗ്രസ് വോട്ടുകൾ നേമത്ത് ബിജെപി പിടിക്കുകയായിരുന്നു. കോൺഗ്രസ് അല്ല 2016 ൽ നേമത്ത് മത്സരിച്ചത്. ഇതും തിരിച്ചടിയായി. ബിജെപിക്ക് വേണ്ടി കോൺഗ്രസ് വോട്ട് മാറിച്ചെന്ന ആരോപണവും ഉയർന്നിരുന്നു. ഇത്തവണ ഈ ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത് സിപിഎമ്മാണെന്ന പ്രചാരണത്തിന് മറുപടി നൽകാൻ നേമത്തിലൂടെ സാധിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. നേമത്ത് ബിജെപി ജയിക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യണമെന്നാണ് ഹെെക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിരിക്കുന്നത്. നേമത്ത് മുരളീധരനോ ചെന്നിത്തലയോ സ്ഥാനാർഥിയായാൽ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകോപനമുണ്ടാകുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്.

അതേ സമയം, നേമത്ത് എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി പ്രചാരണം തുടങ്ങി.നേമം മണ്ഡലത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന് ശിവൻകുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമായ തരത്തിലായിരുന്നുവെന്നും മണ്ഡലത്തിലെ എൽഡിഎഫ് ജയ സാധ്യതയെക്കുറിച്ച് കഴിഞ്ഞ മാസം അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിലും എൽഡിഎഫിന് ലീഡ് ലഭിച്ചിരുന്നെന്നും നേമത്ത് ചെറിയ ലീഡ് ഉണ്ടായെന്നും പറഞ്ഞ അദ്ദേഹം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിയമസഭ തെരഞ്ഞെടുപ്പിൻെറ ആദ്യസൂചനയാണെന്നും പറഞ്ഞിരുന്നു.