/indian-express-malayalam/media/media_files/uploads/2021/03/modi-assam.jpg)
അധികാരം നേടിയെടുക്കാൻ മാത്രമാണ് കോൺഗ്രസ്സ് ലക്ഷ്യമിടുന്നതെന്നും അസമിൽ വ്യാജ വാഗ്ദാനങ്ങളാണ് അവർ മുന്നോട്ട് വയ്ക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് സമാധാനവും സുസ്ഥിരതയും നിലനിർത്താൻ എൻഡിഎ സർക്കാർ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദിബ്രുഗഡ് ജില്ലയിലെ ചബുവയിൽ ഒരു തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"അധികാരം പിടിച്ചെടുക്കാൻ കോൺഗ്രസ് ആർക്കൊപ്പവും പോകാം. അതിനായി അവർക്ക് രാജ്യത്തോടും അവിടുത്തെ ജനങ്ങളോടും കള്ളം പറയാൻ കഴിയും. ഇന്ന്, അവരുടെ തെറ്റായ വാഗ്ദാനങ്ങളുമായി അവർ അസമിൽ പര്യടനം നടത്തുന്നു. അവയെക്കുറിച്ച് ജാഗ്രതയോടെയിരിക്കുക. ആസാമിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വളരെ ആവശ്യമാണ്, ”മോദി പറഞ്ഞു.
Read More: ബിജെപി ശ്രമിക്കുന്നത് നാഗ്പൂരിൽനിന്ന് അസമിൽ ഭരണം നടത്താനെന്ന് രാഹുൽ ഗാന്ധി
അസമിന്റെ സ്വത്വത്തിന് വലിയ ഭീഷണി ഉയർത്തുന്ന ഒരു പാർട്ടിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയെന്നും ആസാമിന്റെ സംസ്കാരവും അഭിമാനവും സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മോദി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി അസാധുവാക്കാനുള്ള നിയമം, അഞ്ച് ലക്ഷം സർക്കാർ ജോലികൾ, തേയില തൊഴിലാളികളുടെ കൂലി 365 രൂപയായി വർധിപ്പിക്കൽ, ഒരു വീടിന് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി എന്നിങ്ങനെ അഞ്ച് വാഗ്ദാനങ്ങൾ സംസ്ഥാനത്ത് കോൺഗ്രസ് ഇത്തവണ മുന്നോട്ട് വയ്ക്കുന്നുണ്ട്.
നിലവിലെ നിയമസഭയിൽ 19 സീറ്റുകളുള്ള കോൺഗ്രസ് മറ്റ് ഇടതുപക്ഷ, പ്രാദേശിക പാർട്ടികൾക്കൊപ്പം എഐയുഡിഎഫ് (14 സീറ്റുകൾ), ബിപിഎഫ് (12 സീറ്റുകൾ) എന്നീ പാർട്ടികളുമായും തിരഞ്ഞെടുപ്പിനായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഈ സഖ്യം അധികാരത്തിലെത്തിയാൽ സംസ്ഥാനത്തേക്ക് ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം ധാരാളമായുണ്ടാവുമെന്ന് ബിജെപി ആരോപിക്കുന്നു. എംപി ബദറുദ്ദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള എഐയുഡിഎഫിനെ ലക്ഷ്യമാക്കിയാണ് ബിജെപി നേതാക്കൾ ഇക്കാര്യം ആരോപിക്കുന്നത്. സംസ്ഥാനത്തെ ബംഗാളി വംശജരായ മുസ്‌ലിം സമുദായത്തിനിടയിൽ അടിത്തറയുള്ള പാർട്ടിയാണ് എഐയുഡിഎഫ്.
Read More: അസമിൽ നിർണായകമായി ചെറു പാർട്ടികൾ; തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം നേടും
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ സർബാനന്ദ സോനോവാൾ നടത്തിയ വികസനപ്രവർത്തനങ്ങളിൽ നിന്ന് “മുതലെടുപ്പ് നടത്താൻ” കോൺഗ്രസ് ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “സ്വന്തം നേട്ടത്തിനായി കോൺഗ്രസിന് ആരെയും അപകടത്തിലാക്കാമെന്ന് നിങ്ങൾ ഓർമ്മിക്കേണ്ടതുണ്ട്… കോൺഗ്രസ് അസമിലെ ജനങ്ങളെ ശ്രദ്ധിക്കുന്നില്ല. കസേരയെക്കുറിച്ച് മാത്രം ആശങ്കപ്പെടുകയാണ്,” അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ചായയെയും യോഗയെയും ലോകമെമ്പാടും അപകീർത്തിപ്പെടുത്തുന്നതിനുള്ള ഒരു “ടൂൾകിറ്റ്” പ്രചരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ടൂൾകിറ്റ് വഴി ചായയ്ക്കും യോഗയ്ക്കും എതിരെ ഗൂഢാലോചന നടത്തുന്നവരെ കോൺഗ്രസ് പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
"ടൂൾകിറ്റ് നിർമ്മിച്ചവർ ആഗ്രഹിക്കുന്നത് നമ്മുടെ തേയിലത്തോട്ടങ്ങൾക്ക് കനത്ത നഷ്ടം നേരിടണമെന്നാണ്. ഈ രീതിയിൽ ഗൂഢാലോചന നടത്തുന്നവരെ പിന്തുണയ്ക്കുന്ന കോൺഗ്രസ് പാർട്ടി അസമിൽ വോട്ട് ചോദിക്കാൻ ധൈര്യപ്പെടുന്നു. ” മോദി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.