ന്യൂഡൽഹി: ജമ്മു കാശ്മീരിൽ മൂന്നിടത്ത് പരസ്പരം മത്സരിക്കാൻ സഖ്യകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ ധാരണയായി. ബാക്കിയുളള മൂന്നിടങ്ങളിൽ രണ്ടിടത്ത് കോൺഗ്രസും ഒരിടത്ത് നാഷണൽ കോൺഫറൻസും മത്സരിക്കും.
അഞ്ച് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. ഏപ്രിൽ 11,18, 23, 29, മെയ് ആറ് തീയ്യതികളിലാണ് വോട്ടെടുപ്പ്. ജമ്മുവിലും ഉദ്ധംപുരിലും കോൺഗ്രസ് സ്ഥാനാർത്ഥികളും ശ്രീനഗറിൽ തങ്ങളും മത്സരിക്കുമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുളള പറഞ്ഞു.
അതേസമയം ബാരമുളള, ആനന്ദ്നാഗ് സീറ്റുകളിൽ ഇരു പാർട്ടികളും പരസ്പരം മത്സരിക്കും. അതേസമയം ലഡാക്കിനെ കുറിച്ച് ചർച്ച നടക്കുകയാണ്. സൗഹാർദ്ദ മത്സരം നടക്കുന്ന സീറ്റുകളിൽ ഇരുപാർട്ടികളും പരസ്പരം ശക്തമായി കുറ്റപ്പെടുത്തില്ലെന്നും ഇത് തീർത്തും സൗഹാർദ്ദപരമായിരിക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ദേശീയ താത്പര്യം മുൻനിർത്തിയിളളതാണ് ഈ തീരുമാനമെന്നും പാക്കിസ്ഥാനിൽ നിന്ന് കാശ്മീരിന് ഭീഷണിയുണ്ടെന്നും ആസാദ് പറഞ്ഞു. സൗഹൃദ മത്സരം നടക്കുന്ന സീറ്റുകളിൽ ആര് ജയിച്ചാലും അതിൽ കുഴപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ എല്ലാ സീറ്റിലും ഇരു പാർട്ടികളും ഒരുമിച്ചാണ് മത്സരിച്ചത്. എന്നാൽ ഒരു സീറ്റിലും ജയിക്കാനായില്ല. ബിജെപി ശ്രീനഗറിലെ രണ്ട് സീറ്റിലും ലഡാക്കിലും ജയിച്ചു. പിഡിപിയാണ് കാശ്മീരിലെ മൂന്ന് സീറ്റും ജയിച്ചത്.