തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചൂടുപിടിച്ച് കേരളം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ കേരളം ചര്‍ച്ചയാകുകയാണ്. ദേശീയ മാധ്യമങ്ങളടക്കം ചുരം കയറി വയനാട്ടില്‍ എത്തിയത് ഈ രാഷ്ട്രീയ പോരാട്ടം രാജ്യം മുഴുവന്‍ അറിയിക്കാനാണ്. രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക നല്‍കി തിരിച്ചുപോയെങ്കിലും ഈ മാസം 16,17 തീയതികളില്‍ രാഹുല്‍ വീണ്ടും കേരളത്തിലെത്തും. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ നടക്കുന്ന റാലികളില്‍ രാഹുല്‍ 16 ന് പങ്കെടുക്കും. വയനാട് മണ്ഡലത്തില്‍ മൂന്ന് റാലികളില്‍ 17 ന് രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സിറ്റിംഗ് സീറ്റായ അമേഠിയിൽ 10 ന് രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കും.

Read More: ഇന്നത്തെ പ്രധാന തിരഞ്ഞെടുപ്പ് വാർത്തകൾ ഒറ്റനോട്ടത്തിൽ

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമ്പോള്‍ ബിജെപിയും ഇടതുപക്ഷവും ശക്തമായി അതിനെ ചെറുക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ നേതാക്കളെ അടക്കം രംഗത്തിറക്കുകയാണ് എല്ലാ പാര്‍ട്ടികളും. രാഹുല്‍ ഗാന്ധി ഏപ്രില്‍ പത്തിന് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീണ്ടും വയനാട്ടിലെത്താനാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രചാരണത്തിന്റെ ഭാഗമായി വയനാട്ടിലെത്തുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അമേഠിയിലെ രാഹുൽ ഗാന്ധിയുടെ എതിർസ്ഥാനാർഥി സ്മൃതി ഇറാനിയെ കളത്തിലിറക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഒൻപതാം തീയതി സ്മൃതി ഇറാനി കേരളത്തിലെത്തുന്നുണ്ട്. എന്നാൽ, രണ്ടാം വരവിലായിരിക്കും വയനാട്ടിൽ രാഹുലിനെതിരെ സ്മൃതി പ്രചാരണം നടത്തുക. അമിത് ഷാ 17 ന് കേരളത്തിലെത്തുമെങ്കിലും വയനാട് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക രണ്ടാം വരവിലായിരിക്കുമെന്നാണ് റിപ്പോർട്ട്.

Read More: സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക തള്ളിയേക്കും

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് കൽപറ്റയിലും വൈകീട്ട് 3.30 ന് വണ്ടൂരിലും യെച്ചൂരി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ഏപ്രില്‍ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കല്‍പ്പറ്റയില്‍ പ്രസംഗിക്കും. രാവിലെ പത്ത് മണിക്കാണ് പിണറായി വിജയന്‍ കല്‍പ്പറ്റയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുക. സിപിഎം, സിപിഐ ദേശീയ നേതാക്കളും എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണ പരിപാടികളിൽ പങ്കെടുത്ത് പ്രസംഗിക്കും.

ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമ്പോൾ വയനാട് മണ്ഡലം ദേശീയ രാഷ്ട്രീയത്തിൽ ഇടം പിടിക്കുമെന്നതിൽ സംശയമില്ല.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.