PM Narendra Modi attends first press conference: ന്യൂഡല്‍ഹി: അധികാരത്തിലേറി അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ട്ടി അധ്യക്ഷനായ അമിത് ഷാ ഉത്തരം പറയുമെന്നാണ് ഓരോ ചോദ്യത്തിനും മോദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മോദി പത്രസമ്മേളനം നടത്താത്തതിനെ പ്രതിപക്ഷം കാലങ്ങളായി വിമര്‍ശിക്കുന്നതിനിടയിലാണ് തിരഞ്ഞെടുപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോദി മാധ്യമങ്ങളെ കാണുന്നത്. ആദ്യം എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ചതിന് ശേഷമാണ് അമിത് ഷായും മോദിയും മാധ്യമങ്ങള്‍ക്ക് ചോദ്യം ചോദിക്കാന്‍ അവസരം നല്‍കിയത്.

ആദ്യ ചോദ്യം ചോദിച്ചയുടനെ മോദി അത് അമിത് ഷായ്ക്ക് പാസ് ചെയ്തു. ‘പാര്‍ട്ടിയുടെ അച്ചടക്കമുളള പ്രവര്‍ത്തകനാണ് ഞാന്‍, പാര്‍ട്ടി അദ്ധ്യക്ഷനാണ് എനിക്ക് എല്ലാം,’ എന്ന് പറഞ്ഞ് മോദി ആദ്യ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി.

പിന്നീട് അമിത് ഷായും മോദി ഉത്തരം പറയാത്തതിനെ കുറിച്ച് പരാമര്‍ശിച്ചു. ‘നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം പറഞ്ഞു. എല്ലാ ചോദ്യത്തിനും പ്രധാനമന്ത്രി ഉത്തരം പറയേണ്ടതിന്റെ ആവശ്യമില്ല,’ എന്നാണ് അമിത് ഷാ പറഞ്ഞത്.

അമിത് ഷായുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ മോദി സംസാരിച്ചു. രാജ്യത്ത് വീണ്ടും ബി.ജെ.പി അധികാരത്തിലെത്തുമെന്ന് സൂചിപ്പിക്കുന്നതായിരുന്നു മോദിയുടെ വാക്കുകൾ. തെരഞ്ഞെടുപ്പ് സമയങ്ങളിൽ ഐ.പി.എൽ ടൂർണമെന്റ് രാജ്യത്ത് നടത്താൻ സാധിച്ചിരുന്നില്ല. സർക്കാറിന് കഴിവുണ്ടെങ്കിൽ തെരഞ്ഞെടുപ്പും ഐ.പി.എല്ലും ഒരേസമയം നടത്താൻ കഴിയും. റാംസാൻ, സ്കൂൾ പരീക്ഷ എന്നിവയും സമാധാനപരമായി നടക്കുന്നു. അഞ്ചു വർഷം പൂർത്തിയാക്കിയ സർക്കാർ വീണ്ടും അധികാരത്തിലെത്തുന്നത് അപൂർവമായി സംഭവിക്കുന്നതാണ്. രാജ്യത്ത് വളരെക്കാലത്തിനുശേഷം ഇത് വരികയാണ്. രണ്ടാം തവണയും ഞങ്ങളുടെ ഗവൺമെന്റ് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും- മോദി പറഞ്ഞു.

Read More: Narendra Modi at BJP Media Meet: വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് മോദി

മോദി വാർത്താ സമ്മേളനം വിളിച്ച അതേസമയം തന്നെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും വാർത്താ സമ്മേളനത്തിനെത്തി. തിരഞ്ഞെടുപ്പ് അവസാനിക്കാന്‍ വെറും നാലഞ്ച് ദിവസം മാത്രമുളളപ്പോള്‍ പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്ത നടപടിയാണെന്ന് രാഹുല്‍ പറഞ്ഞു. ജനങ്ങള്‍ മെയ് 23ന് തീരുമാനം എടുക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ രാജ്യത്തിന് വേണ്ടി ഭരണത്തിലേറുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘മോദി ഇപ്പോള്‍ തത്സമയ വാര്‍ത്താ സമ്മേളനം നടത്തുകയാണ്. എന്തു കൊണ്ടാണ് റഫാല്‍ വിഷയത്തില്‍ എന്നോട് ചര്‍ച്ചയ്ക്ക് തയ്യാറാവാതിരുന്നത്? ഞാന്‍ നിങ്ങളെ ഒരു ചര്‍ച്ചയ്ക്ക് വെല്ലു വിളിച്ചിരുന്നു. എന്തു കൊണ്ടാണ് ആ വെല്ലുവിളി സ്വീകരിക്കാതിരുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞാലും,’ രാഹുല്‍ പറഞ്ഞു.

rahul gandhi, രാഹുൽ ഗാന്ധി, congress, കോൺഗ്രസ്, ie malayalam, ഐഇ മലയാളം

‘ഈ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ വിവേചനപരമായിരുന്നു. മോദിജിക്ക് എന്ത് വേണമെങ്കിലും പറയാമെന്ന അനുവാദം ലഭിച്ചു. അതേസമയം അതേ കാര്യങ്ങള്‍ ഞങ്ങള്‍ പറയുന്നത് തടയപ്പെട്ടു. തിരഞ്ഞെടുപ്പ് സമയക്രമം മോദിജിക്ക് വേണ്ടി ഉണ്ടാക്കിയത് പോലെയാണ് കണ്ടത്. മോദിക്കും ബിജെപിക്കും ഒരുപാട് പണം കൈയിലുളളപ്പോള്‍ ഞങ്ങള്‍ക്ക് സ്വന്തമായുളളത് സത്യമാണ്,’ രാഹുല്‍ പറഞ്ഞു.
‘ഉത്തര്‍പ്രദേശില്‍ ബിഎസ്പിയും എസ്പിയും ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനിച്ചതിനെ ഞാന്‍ ബഹുമാനിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വീക്ഷണത്തില്‍ എനിക്ക് യുപിയില്‍ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം മാത്രമാണ് നടപ്പിലാക്കാനാകുക. ബിജെപി അവിടെ തോല്‍ക്കുന്നത് ഉറപ്പാക്കണം എന്നാണ് പ്രിയങ്കയോടും ജ്യോതിരാദിത്യ സിന്ധ്യയോടും ഞാന്‍ ആവശ്യപ്പെട്ടത്,’ രാഹുല്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.