ന്യൂഡല്‍ഹി: താമരയ്ക്ക് കുത്തുന്ന ഓരോ വോട്ടും തനിക്കാണ് ലഭിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിക്കുള്ള ഓരോ വോട്ടും തന്നെ കൂടുതല്‍ ശക്തനാക്കും. അത് കേന്ദ്രത്തില്‍ വീണ്ടുമൊരു ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ കാരണമാകുമെന്നും ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പ്രസംഗിച്ചു.

രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വത്തിനെതിരെയും പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനമുന്നയിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും രാഹുല്‍ ഗാന്ധി പിന്‍തിരഞ്ഞ് ഒളിച്ചോടിയെന്ന് മോദി പരിഹസിച്ചു. രാഹുല്‍ പരാജയഭീതിയിലാണെന്നും മോദി പറഞ്ഞു.

“ഭീകരാക്രമണം നടത്തിയവര്‍ക്കെതിരെ ബിജെപി സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തു. അത് ജനങ്ങളുടെ അഭിമാനമുയര്‍ത്തി. ഭീകരവാദികള്‍ക്കെതിരെ ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ നിങ്ങള്‍ക്ക് നെഞ്ചുവിരിച്ച് നില്‍ക്കാന്‍ സാധിച്ചില്ലേ? അതല്ലേ നിങ്ങള്‍ ആഗ്രഹിച്ചത്? ശരിയായ കാര്യമല്ലേ ഞാന്‍ ചെയ്തതും?” – മോദി തിരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളോട് ചോദിച്ചു.

ഈ തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയെ വിജയിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍, ബിജെപി മത്സരിക്കുന്നത് ഈ രാജ്യത്തെ വിജയിപ്പിക്കാനാണ്. ജനങ്ങളെ കൊള്ളയടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍, തങ്ങള്‍ ശ്രമിക്കുന്നത് ഓരോ രൂപയും രാജ്യത്തിന്റെ നല്ലതിനായി വിനിയോഗിക്കാനാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.